Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ് വൺ: 2017ൽ ജർമൻ ഗ്രാൻപ്രി പുറത്താവാൻ സാധ്യത

Formula-one- Representative Image

അടുത്ത വർഷത്തെ ഫോർമുല വൺ മത്സര കലണ്ടറിൽ നിന്നു ജർമൻ ഗ്രാൻപ്രി പുറത്തായേക്കും. ഈ സീസണിലെ ഫോർമുല വൺ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിനായുള്ള പോരാട്ടത്തിൽ മെഴ്സിഡീസ് ഡ്രൈവർ നികൊ റോസ്ബർഗ് മുന്നിട്ടു നിൽക്കുന്നതിനിടയിലാണ് സാമ്പത്തിക പ്രതിസന്ധി മൂലം അദ്ദേഹത്തിന്റെ ജന്മനാട്ടിലെ ഗ്രാൻപ്രി നിലനിൽപ്പിനായി പാടുപെടുന്നത്. തുടർച്ചയായി എഫ് വൺ ഗ്രാൻപ്രി സംഘടിപ്പിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുകയാണെന്ന് ഹോക്കൻഹൈം സർക്യൂട്ട് മേധാവി ജോർജ് സീലർ വെളിപ്പെടുത്തി. ഇക്കൊല്ലം ഫോർമുല വൺ മത്സരത്തിന് ആതിഥ്യം വഹിച്ച ഹോക്കൻഹൈമിന് ഫോർമുല വണ്ണുമായി 2018 വരെ കരാറും നിലവിലുണ്ട്.

ഫോർമുല വണ്ണിന്റെ വാണിജ്യ വിഭാഗത്തെ നയിക്കുന്ന ബെർണി എക്ൽസ്റ്റണും ജർമൻ ഗ്രാൻപ്രിയുടെ ഭാവി സംബന്ധിച്ച് അസന്തുഷ്ടി രേഖപ്പെടുത്തിയിരുന്നു. ഹോക്കൻഹൈം നിലനിർത്താൻ ഞങ്ങൾ ശ്രമിച്ചെങ്കിലും പണത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്നായിരുന്നു അദ്ദേഹം കഴിഞ്ഞ മാസം നടന്ന ബ്രസീലിയൻ ഗ്രാൻപ്രി വേളയിൽ വെളിപ്പെടുത്തിയിരുന്നു. അതിനാൽ അടുത്ത സീസണിൽ ജർമൻ ഗ്രാൻപ്രി മുടങ്ങാനാണു സാധ്യതയെന്നും അദ്ദേഹം സൂചിപ്പിച്ചു. സാധാരണ ഗതിയിൽ നർബർഗ്റിങ്, ഹോക്കൻഹൈം സർക്യൂട്ടുകൾ മാറി മാറിയാണ് ഒന്നിടവിട്ട വർഷങ്ങളിൽ ജർമൻ ഗ്രാൻപ്രിക്ക് ആതിഥ്യമരുളാറുള്ളത്. എന്നാൽ 2017 ജൂലൈയിൽ നടക്കേണ്ട മത്സരത്തിനു വേദിയാവേണ്ട നർബർഗ്റിങ് കഴിഞ്ഞ സീസണിൽ തന്നെ ഹോസ്റ്റിങ് ഫീസും മറ്റും അടയ്ക്കാൻ വിസമ്മതിച്ചിരുന്നു; ഇതോടെ 2015ലും ജർമൻ ഗ്രാൻപ്രി മുടങ്ങുകയും ചെയ്തു.

എന്നിട്ടും അടുത്ത വർഷത്തേക്കു പ്രഖ്യാപിച്ച താൽക്കാലിക കലണ്ടറിലെ 21 മത്സരങ്ങളിൽ കാനഡയ്ക്കും ബ്രസീലിനുമൊപ്പം ജർമനിയും ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഈ മൂന്നു മത്സരങ്ങൾ സംബന്ധിച്ച അനിശ്ചിതത്വം നിലവിലുണ്ടെന്നും സംഘാടകർ വ്യക്തമാക്കുന്നു. അതേസമയം മോൺട്രിയലിലെ കനേഡിയൻ ഗ്രാൻപ്രിക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ച സാഹചര്യത്തിൽ ആ മത്സരം കലണ്ടർപ്രകാരം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ മാസം അവസാനം ചേരുന്ന രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷൻ(എഫ് ഐ എ) യോഗമാണ് 2017 സീസണിലെ മത്സര കലണ്ടറിന് അന്തിമ അംഗീകാരം നൽകുക.

നിലവിൽ ഫോർമുല വൺ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ മുന്നിട്ടു നിൽക്കുന്ന റോസ്ബർഗ് ജനിച്ചതു ജർമനിയിലെ വിസ്ബെഡനിലാണ്. സീസണ് അന്ത്യം കുറിച്ച് യു എ ഇയിലെ യാസ് മരീനയിൽ നടക്കുന്ന അബുദാബി ഗ്രാൻപ്രിയിൽ വിജയപീഠത്തിൽ ഇടം പിടിക്കാനായാൽ മൈക്കൽ ഷൂമാക്കർക്കും സെബാസ്റ്റ്യൻ വെറ്റലിനും ശേഷം ലോക ചാംപ്യനാവുന്ന മൂന്നാമതു ജർമൻ ഡ്രൈവറാവും റോസ്ബർഗ്. സഹഡ്രൈവറും ബ്രിട്ടീഷ് ഡ്രൈവറുമായ ലൂയിസ് ഹാമിൽറ്റനെ അപേക്ഷിച്ച് 12 പോയിന്റ് മുന്നിലാണു റോസ്ബർഗ്. ഫോർമുല വൺ ഗ്രിഡിൽ നാലു ഡ്രൈവർമാരുടെ സാന്നിധ്യമുള്ള ഏക രാജ്യമാണു ജർമനി: മെഴ്സീഡിസിനായി റോസ്ബർഗും ഫെറാരിക്കായി വെറ്റലും ഫോഴ്സ് ഇന്ത്യയ്ക്കായി നികൊ ഹൾകൻബർഗും മാനറിനായി പാസ്കർ വെർലീനുമാണു ട്രാക്കിലിറങ്ങുന്നത്. ഏഴു തവണ ലോക ചാംപ്യനായ മൈക്കൽ ഷൂമാക്കറുടെ പ്രതാപകാലത്ത് സീസണിൽ രണ്ടു ഗ്രാൻപ്രിക്കാണു ജർമനി ആഥിഥ്യമരുളിയിരുന്നത്; അന്ന് നർബർഗ്റിങ്ങിലെ മത്സരത്തിനു പേര് യൂറോപ്യൻ ഗ്രാൻപ്രി എന്നായിരുന്നു.  

Your Rating: