പ്യുഷൊ: ഓഹരി പങ്കാളിത്തം തുടരുമെന്നു ഫ്രാൻസ്

കാർ നിർമാതാക്കളായ പി എസ് എ പ്യുഷൊ സിട്രോണിലുള്ള ഓഹരി പങ്കാളിത്തം നിലനിർത്താൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചു. ട്വിറ്ററിലൂടെയാണു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻകോയ്സ് ഹോളണ്ടിന്റെ ഓഫിസ് ഈ തീരുമാനം പുറത്തുവിട്ടത്.
നിലവിൽ പ്യുഷൊയുടെ 13.7% ഓഹരികളാണു ഫ്രഞ്ച് സർക്കാരിന്റെ പക്കലുള്ളത്. 2014ൽ സാമ്പത്തിക പ്രതിസന്ധി നേരിട്ട വേളയിൽ കമ്പനിയിൽ നടത്തിയ മൂലധനനിക്ഷേപമാണ് സർക്കാരിനു പ്യുഷൊയിൽ ഓഹരി പങ്കാളിത്തം നേടിക്കൊടുത്തത്.

കമ്പനി സ്ഥാപക കുടുംബമായ പ്യുഷൊയ്ക്കും ചൈനീസ് ഗ്രൂപ്പായ ഡോങ്ഫെങ് മോട്ടോഴ്സിനും പ്യുഷൊ സിട്രോണിൽ തുല്യ ഓഹരി പങ്കാളിത്തമാണുള്ളത്. അതിനിടെ കമ്പനിയിലെ ഓഹരി പങ്കാളിത്തം വർധിപ്പിക്കാൻ പ്യുഷൊ കുടുംബം സന്നദ്ധരാണെന്ന് പി എസ് എ മുൻചെയർമാൻ തിയറി പ്യുഷൊ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. സർക്കാരിൽ നിന്നുള്ള ധനസഹായം സ്വീകരിക്കുംവരെ കമ്പനിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതു പ്യുഷൊ കുടുംബമാണ്.