ഗൗതം ചാറ്റർജി എക്സൈഡ് എം ഡി

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ബാറ്ററി നിർമാതാക്കളായ എക്സൈഡ് ഇൻഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി ഗൗതം ചാറ്റർജി ചുമതലയൽക്കുന്നു. നിലവിൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടറാണ് അദ്ദേഹം. ഏപ്രിൽ 30നു വിരമിക്കുന്ന പി കെ കടാകെയ്ക്കു പകരക്കാരനായിട്ടാണു ചാറ്റർജി എത്തുന്നത്. 2007ൽ ചെയർമാൻ, എം ഡി പദവികൾ വിഭജിച്ച ശേഷം ഈ സ്ഥാനം വഹിക്കുന്ന മൂന്നാമത്തെ വ്യക്തിയാണു ചാറ്റർജി. എസ് ബി ഗാംഗുലിയായിരുന്നു എക്സൈഡിനെ നയിച്ച അവസാന ചെയർമാൻ കം മാനേജിങ് ഡയറക്ടർ.


സ്റ്റോറേജ് ബാറ്ററി മേഖലയിലെ പ്രമുഖരായ എക്സൈഡിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി ഏപ്രിൽ 27നാണു ചാറ്റർജിയെ നിയോഗിച്ചത്; മൂന്നു വർഷമാണു കാലാവധി. കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയിൽ 1996 മേയ് 13 മുതൽ അദ്ദേഹം ബോർഡിലുണ്ട്.
എക്സൈഡ് ഇൻഡസ്ട്രീസിന്റെ ഹാൽദിയ യൂണിറ്റിനെ രാജ്യത്തെ തന്നെ പ്രധാന ബാറ്ററി നിർമാണശാലയായി വികസിപ്പിച്ചതാണ് ചാറ്റർജിയുടെ പ്രധാന നേട്ടം. കമ്പനിയുടെ ഓട്ടമൊബീൽ സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റിനെയും മൂന്നു വർഷത്തോളം അദ്ദേഹം നയിച്ചിട്ടുണ്ട്.

എക്സൈഡ് ഇൻഡസ്ട്രീസിന്റെ വ്യാവസായിക വിഭാഗം മേധാവിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിപണന വിഭാഗത്തെക്കുറിച്ചു ഗ്രാഹ്യമുള്ള നിർമാണ വിഭാഗം മേധാവിയായിട്ടാണ് എക്സൈഡ് വൃത്തങ്ങളിൽ ചാറ്റർജി അറിയപ്പെടുന്നത്. ദുർഗാപൂരിലെ റീജണൽ എൻജിനീയറിങ് കോളജിൽ നിന്നു ബിരുദം നേടിയ ചാറ്റർജി അഹമ്മദബാദ് ഐ ഐ എമ്മിൽ നിന്നാണു ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമ പൂർത്തിയാക്കിയത്.