Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്പിൻ’ വരില്ലെന്നു ജി എം; പകരമെത്തുക ‘ബീറ്റ് ആക്ടീവ്’

chevrolet-beat-activ-concep

വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘സ്പിൻ’ അവരിപ്പിക്കാനുള്ള പദ്ധതി യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ) ഉപേക്ഷിച്ചു. പകരം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളോടുള്ള ആഭിമുഖ്യം പ്രയോജനപ്പെടുത്താൻ ഷെവർലെ ‘ബീറ്റ് ആക്ടീവ്’ പുറത്തിറക്കാനാണു കമ്പനിയുടെ നീക്കം. അടുത്ത വർഷം നിശ്ചയിച്ചിരുന്ന ‘സ്പിൻ’ എം പി വിയുടെ അരങ്ങേറ്റം വേണ്ടെന്നു വച്ചതായി കമ്പനി പ്രഖ്യാപിച്ചു. പകരം വിപണിയുടെ താൽപര്യങ്ങളും ഉപയോക്താക്കളുടെ അഭിരുചികളും തിരിച്ചറിഞ്ഞ് എസ് യു വി പോലെ വളർച്ചാ സാധ്യതയേറിയ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു തീരുമാനമെന്നും ജി എം ഐ വ്യക്തമാക്കി. സോഫ്റ്റ് റോഡർ ആയി വിശേഷിപ്പിക്കപ്പെടുന്ന ഷെവർലെ ‘ബീറ്റ് ആക്ടീവി’ന്റെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുമെന്നും കമ്പനി വെളിപ്പെടുത്തി. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ കൺസെപ്റ്റ് വിഭാഗത്തിൽ കമ്പനി ഈ മോഡൽ പ്രദർശിപ്പിച്ചിരുന്നു.

പുതിയ ‘ബീറ്റ് ആക്ടീവി’നു മികച്ച പ്രതികരണമാണ് ഓട്ടോ എക്സ്പോയിൽ ലഭിച്ചതെന്നും ജി എം ഐ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കഹെർ കാസിം അറിയിച്ചു. സോഫ്റ്റ് റോഡർ എന്ന നിലയിൽ സാഹസികത ഏറ്റെടുക്കാനും വെല്ലുവിളി നേരിടാനും ‘ബീറ്റ് ആക്ടീവ്’ പര്യാപ്തമാണെന്നും അദ്ദേഹം കരുതുന്നു; ഒപ്പം സൗകര്യങ്ങളും സംവിധാനങ്ങളും നിറഞ്ഞ അകത്തളം ഡ്രൈവർക്ക് മികച്ച യാത്രാസുഖവും ഉറപ്പു നൽകുന്നു. രണ്ടു വർഷത്തിനുള്ളിൽ അഞ്ചു പുതിയ അവതരണങ്ങളാണ് ഇന്ത്യയിൽ ജി എം ലക്ഷ്യമിടുന്നത്; പുതിയ ‘ട്രെയിൽബ്ലേസർ’, പുതിയ ‘ബീറ്റ്’, ‘എസൻഷ്യ’, പുതിയ ‘ക്രൂസ്’, ‘ബീറ്റ് ആക്ടീവ്’ എന്നിവയാകും ഇവിടെ വിൽപ്പനയ്ക്കെത്തുക.

അടുത്ത വർഷം ‘സ്പിൻ എം പി വി’ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നു ജി എം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഹോണ്ട ‘മൊബിലിയൊ’യും റെനോ ‘ലോജി’യും പോലുള്ള എം പി വികൾക്കു ലഭിച്ച തണുപ്പൻ സ്വീകരണമാണു ‘സ്പിന്നി’ന്റെ അരങ്ങേറ്റത്തിൽ നിലപാട് മാറ്റാൻ ജി എമ്മിനെ പ്രേരിപ്പിച്ചതെന്നാണു സൂചന. എം പി വികളോട് ആഭിമുഖ്യമില്ലാത്ത ഇന്ത്യൻ വിപണി പക്ഷേ എസ് യു വികൾക്ക് ഉജ്വല വരവേൽപ് നൽകുന്നുമുണ്ട്. മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’യും ഹ്യുണ്ടേയ് ‘ക്രേറ്റ’യും മാത്രമല്ല മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ‘ടി യു വി 300’, ‘കെ യു വി 100’ തുടങ്ങിയവയും തകർപ്പൻ വിൽപ്പന നേടി മുന്നേറുകയാണ്. എസ് യു വി അടക്കമുള്ള യൂട്ടിലിറ്റി വാഹന വിൽപ്പനയിൽ മേയിൽ 35.88% വർധന കൈവരിച്ചെന്നാണു കണക്ക്; ഇത്തരത്തിലുള്ള 58,793 യൂണിറ്റായിരുന്നു കഴിഞ്ഞ മാസത്തെ വിൽപ്പന. ഈ അനുകൂല സാഹചര്യം പരിഗണിച്ചാവണം ‘സ്പിൻ’ ഒഴിവാക്കി ‘ബീറ്റ് ആക്ടീവി’നെ പുറത്തിറക്കാൻ ജി എം തീരുമാനിച്ചത്. അതിനിടെ ഇന്ത്യയിൽ നിർമിച്ച കാറുകൾ ജി എം നാൽപതോളം വിദേശ വിപണികളിലാണു വിൽപ്പനയ്ക്കെത്തിക്കുന്നത്. 2015ൽ ചിലിയും മെക്സിക്കോയുമടക്കമുള്ള വിപണികളിലേക്ക് 21,000 കാറുകളാണു കമ്പനി കയറ്റുമതി ചെയ്തത്. ഇക്കൊല്ലത്തെ കയറ്റുമതിയിൽ അര ലക്ഷത്തോളം യൂണിറ്റിന്റെ ഗണ്യമായ വർധനയും ജി എം ഐ ലക്ഷ്യമിടുന്നുണ്ട്.
 

Your Rating: