പിക് അപ്: ജി എം — ഇസൂസു ധാരണയ്ക്ക് അന്ത്യം

ഏഷ്യൻ വിപണികൾക്കായി ഇടത്തരം പിക് അപ് ട്രക്കുകൾ നിർമിക്കാനുള്ള സഹകരണം അവസാനിപ്പിക്കാൻ യു എസിലെ ജനറൽ മോട്ടോഴ്സും(ജി എം) ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോർ കമ്പനിയും തീരുമാനിച്ചു. ഏഷ്യയ്ക്കു വേണ്ടിയുള്ള പിക് അപ് ട്രക്കുകളുടം വികസനത്തിലും നിർമാണത്തിലും ഇരു കമ്പനികളും വർഷങ്ങളായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. കരാറിൽ നിന്നു പിൻമാറിയ കാര്യം ഇസൂസുവാണു പ്രഖ്യാപിച്ചത്. തായ്‌ലൻഡിലെ ശാലയിൽ ഇസൂസു നിർമിക്കുന്ന പിക് അപ് ട്രക്കുളാണ് ജനറൽ മോട്ടോഴ്സും ഇസൂസുവും സ്വന്തം ബ്രാൻഡുകളിൽ ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തിച്ചിരുന്നത്.

ഇതിനിടെ പിക് അപ് ട്രക്ക് നിർമാണത്തിൽ സഹകരിക്കാൻ ഇസൂസു മോട്ടോഴ്സും ജപ്പാനിൽ നിന്നു തന്നെയുള്ള മസ്ദ മോട്ടോർ കോർപറേഷനുമായി ആഴ്ചകൾക്കു മുമ്പ് ധാരണയിലെത്തിയിരുന്നു. അടുത്ത തലമുറ പിക് അപ് ട്രക്ക് വികസനമാണ് ഇരുകമ്പനികളും ചേർന്നു ലക്ഷ്യമിട്ടിരിക്കുന്നത്. കരാറിലൂടെ കൂടുതൽ മത്സരക്ഷമതയാണ് ഇസൂസു ആഗ്രഹിക്കുന്നത്; മസ്ദയ്ക്കാവട്ടെ സ്വന്തം ഉൽപന്നശ്രേണി വിപുലീകരിക്കാനും ബ്രാൻഡ് കവറേജ് വർധിപ്പിക്കാനുമുള്ള അവസരമാണ് കരാർ സമ്മാനിക്കുക. നോർത്ത് അമേരിക്ക ഒഴികെയുള്ള ആഗോള വിപണികളിൽ ഇസൂസു നിർമിച്ചു നൽകിയ പിക് അപ് ട്രക്ക് മസ്ദ വിൽപ്പനയ്ക്കെത്തിക്കാനാണു ധാരണ.

സ്വന്തം പിക് അപ് ട്രക്ക് മോഡൽ അടിസ്ഥാനമാക്കിയാവും ഇസൂസു മോട്ടോഴ്സ്, മസ്ദയുടെ ശ്രേണിയിൽ വിൽക്കാനുള്ള അടുത്ത തലമുറ പിക് അപ്പുകൾ നിർമിച്ചു നൽകുക. ആഭ്യന്തര വിപണിക്കായുള്ള ട്രക്കുകളുടെ വികസനത്തിൽ 10 വർഷത്തിലേറെയായി മസ്ദയും ഇസൂസുവും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ജപ്പാനിൽ മസ്ദ വിൽക്കുന്ന ട്രക്കുകൾ ഇസൂസുവാണു നിർമിച്ചു നൽകുന്നത്. പിക് അപ് ട്രക്ക് വികസനത്തിനുള്ള പുതിയ കരാർ ഒപ്പിട്ടതോടെ ഇരുകമ്പനികളുമായുള്ള സഖ്യം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.