എല്ലാ കാറിലും എയർബാഗ് ലഭ്യമാക്കാൻ ജി എം

എയർബാഗ് പോലെ അത്യാവശ്യ സുരക്ഷാ സംവിധാനങ്ങളില്ലാത്ത മോഡലുകൾ പിന്‍വലിക്കാൻ യു എസ് കാർനിർമാതാക്കളായ ജനറൽ മോട്ടോഴ്സ് (ജി എം) തീരുമാനിച്ചു. ലാറ്റിൻ അമേരിക്കയിൽ നടന്ന സുരക്ഷാ പരിശോധനയിൽ (ക്രാഷ് ടെസ്റ്റ്) സബ് കോംപാക്ട് വിഭാഗത്തിൽപെട്ട ‘ഷെവർലെ സെയിൽ’ പരാജയപ്പെട്ടതാണു കമ്പനിയുടെ ഈ നിലപാടിനു വഴിതെളിച്ചത്. പുതിയ പരിശോധനയിൽ ‘സെയിലി’ന് ഒറ്റ നക്ഷത്രം പോലും ലഭിക്കാതെ പോയ കാര്യം സ്വതന്ത്ര പരിശോധകരായ ലാറ്റിൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമാണു വെളിപ്പെടുത്തിയത്.

അസ്ഥിരതയ്ക്കു പുറമെ എയർബാഗുകളുടെ അസാന്നിധ്യവുമാണു ‘സെയിലി’ന്റെ പരാജയത്തിനു വഴി തെളിച്ചതെന്നു സംഘടന വിശദീകരിക്കുന്നു. കൂടാതെ ത്രീ പോയിന്റ് സീറ്റ് ബെൽറ്റിന്റെ അഭാവവും കാറിനു തിരിച്ചടിയായി. ചൈനയിൽ നിർമിച്ച ‘സെയിൽ’ ആണു ജി എം വിവിധ ഏമേർജിങ് വിപണികളിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തതു കൊണ്ടുതന്നെ 10,000 ഡോളറിൽ (ഏകദേശം 6,65,450 രൂപ) താഴെ വിലയ്ക്കാണു ജി.എം ഈ കാർ വിൽക്കുന്നത്.

ജി എമ്മിന്റെ ഷെവൽലെ ബ്രാൻഡിലുള്ള പല കാറുകളും അടുത്തയിടെ നടന്ന ക്രാഷ് ടെസ്റ്റുകളിൽ ദയനീയ പ്രകടനമാണു കാഴ്ചവച്ചത്. ലാറ്റിൻ എൻ സി എ പി പരിശോധനയിൽ എയർബാഗുകളില്ലാത്ത മോഡലുകളായ ‘അവിയോ’, ‘സ്പാർക്’, ‘അജൈൽ’ എന്നിവയൊക്കെ ‘സംപൂജ്യ’രായാണു മടങ്ങിയത്.

ജി എമ്മിനു പുറമെ ചെറി, ഗീലി, ഹ്യുണ്ടേയ്, നിസ്സാൻ, ഫിയറ്റ്, റെനോ തുടങ്ങിയ നിർമാതാക്കളുടെ കാറുകളും ക്രാഷ് ടെസ്റ്റിൽ ഒരു സ്റ്റാർ പോലും നേടാതെ വെറുംകയ്യോടെ മടങ്ങിയിരുന്നു. സുരക്ഷാകാര്യത്തിൽ അടിസ്ഥാന നിലവാരം പുലർത്തുന്ന കാറുകൾ മാത്രം വിപണിയിലെത്തിക്കുന്ന ഹോണ്ടയുടെയും ടൊയോട്ടയുടെയും ഫോക്സ്‌വാഗന്റെയുമൊക്കെ മാതൃക ജി എമ്മും പിന്തുടരണമെന്നു ലാറ്റിൻ എൻ.സി.എ.പി. സെക്രട്ടറി ജനറൽ അലെജാൻഡ്രൊ ഫ്യുറാസ് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, നിയമപ്രകാരം അനുവദനീയമായ വിപണികളിൽ എയർബാഗ് ഘടിപ്പിക്കാത്ത കാറുകൾ വിൽക്കുന്നതിനെ ജി എം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മേരി ബാര നേരത്തെ ന്യായീകരിച്ചിരുന്നു. വരുമാനം കുറഞ്ഞ വിഭാഗങ്ങൾക്കു കാർ സ്വന്തമാക്കാൻ അവസരം നൽകാനാണ് ഈ നടപടിയെന്നായിരുന്നു ബാരടുയെ നിലപാട്.

എന്നാൽ എമേർജിങ് വിപണികൾക്കായി സുരക്ഷിത കാറുകൾ പുറത്തിറക്കാൻ 500 കോടി ഡോളർ(ഏകദേശം 3.33 ലക്ഷം കോടി രൂപ) നീക്കിവയ്ക്കുമെന്ന മുൻപ്രഖ്യാപനമാണ് ഇപ്പോൾ ജി എം ആവർത്തിക്കുന്നത്. എയർബാഗിനു പുറമെ എല്ലാ സീറ്റിലും ത്രീ പോയിന്റ് സീറ്റ് ബെൽറ്റും ലഭ്യമാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. 2019 മോഡൽ മുതലുള്ള കാറുകൾക്കാണ് ഈ മാറ്റങ്ങൾ ബാധകമാവുകയെന്നും ജി എം വ്യക്തമാക്കുന്നു.