സ്വയം ഓടുന്ന കാർ: ഗൂഗിളിന് പങ്കാളിയാവാൻ ഫോഡ്

ഡ്രൈവറുടെ സാന്നി്യമില്ലാതെ സ്വയം ഓടുന്ന കാറുകളുടെ വികസനത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച കമ്പനിയാണ് ഇന്റർനെറ്റിലെ ഭീമന്മാരായ ഗൂഗിൾ. കുമിളയുടെ ആകൃതിയിലുള്ള ഈ കുഞ്ഞൻ കാർ കഴിഞ്ഞ ജൂണിൽ വടക്കൻ കലിഫോണിയയിലെ സാൻഫ്രാൻസിസ്കൊ ബേ ഏരിയയിലുള്ള മൗണ്ടൻ വ്യൂവിലെ പൊതു നിരത്തിൽ പരീക്ഷണ ഓട്ടവും നടത്തിയിരുന്നു. 2009ൽ ആരംഭിച്ച പദ്ധതിയിൽ വികസിപ്പിച്ച കാർ മാതൃകകൾ ഓസ്റ്റിൻ, ടെക്സസ്, സാൻ ഫ്രാൻസിസ്കൊ മേഖലകളിലായി നടത്തിയ പരീക്ഷണ ഓട്ടം ഇതുവരെ 16 ലക്ഷത്തിലേറെ കിലോമീറ്ററാണു പിന്നിട്ടത്. സ്വയം ഓടുന്ന കാറുകളുടെ വികസനത്തിൽ ഇത്രയൊക്കെ മുന്നേറിയ ഗൂഗിൾ വാഹന നിർമാണത്തിനായി യു എസിലെ ഫോഡ് മോട്ടോർ കമ്പനിയെ കൂട്ടുപിടിക്കാനുള്ള ഒരുക്കത്തിലാണ്. പുതുവർഷത്തിൽ ലാ വേഗാസിൽ നടക്കുന്ന ഇന്റർനാഷനൽ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ സ്വയം ഓടുന്ന കാർ നിർമാണത്തിന് ഗൂഗിളും ഫോഡുമായി കരാർ ഒപ്പിടുമെന്നാണു സൂചന.

അതേസമയം ഫോഡുമായുള്ള സംയുക്ത സംരംഭത്തെപ്പറ്റി പ്രതികരിക്കാൻ ഗൂഗിൾ തയാറായിട്ടില്ല. യാഥാർഥ്യമായാൽ വാഹന, ഇന്റർനെറ്റ് രംഗങ്ങളിലെ വമ്പൻ കമ്പനികൾക്കിടയിലെ സഹകരണം ഇരുവർക്കും ഗുണകരമാവമെന്നാണു വിലയിരുത്തൽ. ഗവേഷണ, സാങ്കേതികവിദ്യ, വിവര ശേഖരണ മേഖലകളിൽ ഗൂഗിളിനു പെരുമയുള്ളപ്പോൾ നിർമാണ രംഗത്താണു ഫോഡിന്റെ മികവ്. അതിനിടെ 2020ൽ ഈ സ്വയം ഓടുന്ന കാർ വിപണിയിലിറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കമ്പനി വിവിധ നിർമാതാക്കളുമായി ചർച്ച നടത്തുന്നുണ്ടെന്നു ഗൂഗിൾ ഉദ്യോഗസ്ഥർ നേരത്തെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. പോരെങ്കിൽ സ്വയം ഓടുന്ന വാഹനങ്ങൾ അടിസ്ഥാനമാക്കി സഞ്ചാര സ്വാതന്ത്യ്രം ഉറപ്പാക്കാൻ യൂബർ നടത്തുന്ന ശ്രമങ്ങളെ നേരിടാൻ സ്വന്തമായി ടാക്സി സേവനം തുടങ്ങുന്ന കാര്യം ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റും പരിഗണിക്കുന്നുണ്ട്.

സ്വയം ഓടുന്ന വാഹനം വികസിപ്പിക്കാനുള്ള ശ്രമത്തിൽ പ്രതീക്ഷിച്ച വിജയം കൊയ്യാനാവാതെ പോയ ചരിത്രമാണു ഫോഡിന്റേത്. എന്നാൽ എതിരാളികളിൽ നിന്നുള്ള ശക്തമായ മത്സരം പരിഗണിക്കുമ്പോൾ സ്വയം ഓടുന്ന കാർ എന്ന ആശയം ഫോഡിന് ഉപേക്ഷിക്കാനുമാവില്ല. വരുംവർഷങ്ങളിൽ ഫോഡ് കാറുകളിൽ ഓട്ടണോമസ് ബ്രേക്കിങ്, സ്റ്റീയറിങ് — ത്രോട്ടിൽ ഇൻപുട്ട് എന്നിവ നടപ്പാക്കുന്നതിനൊപ്പം വഴി യാത്രക്കാരെയും അപകടസാധ്യതകളെയും തിരിച്ചറിയാനുള്ള സംവിധാനവും ഏർപ്പെടുത്താനാണു കമ്പനി ലക്ഷ്യമിടുന്നത്. വൻകിട കമ്പനികൾ സമയവും അധ്വാനവും പണവും യഥേഷ്ടം ചെലവഴിച്ചതിനാൽ പ്രകടമായ പുരോഗതി കൈവരിച്ചാണ് ഓട്ടണോമസ് വാഹന സാങ്കേതികവിദ്യയിലെ വികസനം മുന്നേറുന്നത്. ഡ്രൈവറുടെ സഹായമില്ലാതെ സാഹചര്യം തിരിച്ചറിഞ്ഞു പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വാഹനങ്ങൾ യാഥാർഥ്യമാക്കുകയാണു നിർമാതാക്കളുടെ സ്വപ്നം.