റെപ്സോൾ ഇന്ത്യയിലേക്ക്; ഗൾഫ് പെട്രോകെം പങ്കാളി

സ്പെയിനിലെ മുൻനിര പെട്രോളിയം കമ്പനിയായ റെപ്സോളിന്റെ ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക്. യു എ ഇ ആസ്ഥാനമായ ഗൾഫ് പെട്രോകെം ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ജി പി പെട്രോളിയംസ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെയാവും റെപ്സോളിന്റെ ഇന്ത്യൻ അരങ്ങേറ്റം. റെപ്സോൾ ശ്രേണിയുടെ ഇന്ത്യയിലെ ഉൽപ്പാദനവും വിപണനവുമൊക്കെ പൂർണമായും ജി പി പെട്രോളിയംസ് ലിമിറ്റഡിന്റെ ചുമതലയിലാവും.

മോട്ടോ ജി പിയിൽ മത്സരിക്കുന്ന ഹോണ്ട ടീമുമായുള്ള ദീർഘകാലത്തെ പങ്കാളിത്തമാണു റെപ്സോളിന് ആഗോളതലത്തിൽ വിലാസം സമ്മാനിക്കുന്നത്. ‘റെപ്സോൾ ഹോണ്ട’ എന്ന പേരുള്ള ടീമുമായുള്ള പങ്കാളിത്തം 2017 വരെ ദീർഘിപ്പിക്കാനും കഴിഞ്ഞ വർഷം റെപ്സോൾ തീരുമാനിച്ചിരുന്നു. പ്രീമിയം ക്ലാസ് മോട്ടോർ സൈക്കിൾ റേസിങ് ചരിത്രത്തിലെ തന്നെ ഏറ്റവും കാലദൈർഘ്യമുള്ള കരാറിന്റെ റെക്കോർഡും1995ൽ നിലവിൽ വന്ന റെപ്സോൾ — ഹോണ്ട സഖ്യത്തിന് അവകാശപ്പെട്ടതാണ്.

ഇന്ത്യൻ വിപണിയിൽ ജി പി പെട്രോളിയംസിനുള്ള ശക്തമായ സാന്നിധ്യത്തിലാണു റെപ്സോളിന്റെ പ്രതീക്ഷ. യു എ ഇയിൽ നിന്നുള്ള കമ്പനിക്ക് ഇന്ത്യയിൽ മികച്ച നിർമാണസൗകര്യങ്ങൾ ലഭ്യമാണെന്നതും റെപ്സോളിനു നേട്ടമാകുമെന്നാണു കരുതുന്നത്. പോരെങ്കിൽ റെപ്സോൾ ഉൽപന്നങ്ങളുടെ നിർമാണത്തിനായി ഗുജറാത്തിലെ പിപവാവിൽ 100 — 120 കോടി രൂപ ചെലവിൽ പുതിയ ശാല സ്ഥാപിക്കുമെന്നും ഗൾഫ് പെട്രോകെം എക്സിക്യൂട്ടീവ് ഡയറക്ടർ തങ്കപാണ്ഡ്യൻ ശ്രീനിവാസലു അറിയിച്ചു.

ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ പ്രാദേശികതലത്തിലുള്ള നിർമാണസൗകര്യം അതീവ പ്രധാനമാണെന്ന് റെപ്സോൾ ലൂബ്രിക്കന്റ്സ് ആൻഡ് സ്പെഷൽറ്റീസ് ബിസിനസ് വികസന വിഭാഗം മേധാവി വിക്ടർ ലോപസ് അഭിപ്രായപ്പെട്ടു. അതിനാലാണു മികച്ച നിർമാണ സൗകര്യങ്ങളുള്ള ഗൾഫ് പെട്രോകെമിന്റെ പങ്കാളിത്തത്തോടെ റെപ്സോൾ ഇന്ത്യയിൽ പ്രവേശിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. മിക്കവാറും സെപ്റ്റംബറോടെ റെപ്സോൾ ഉൽപന്നങ്ങൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നും ലോപസ് അറിയിച്ചു. പ്രീമിയം വിഭാഗത്തിൽപെട്ട മോട്ടോ ഫോർ, റെപ്സോൾ എലീറ്റ്, റെപ്സോൾ ഡീസൽ എന്നിവയൊക്കെ ഇന്ത്യയിൽ ലഭ്യമാവുമെന്നാണു സൂചന.

ലൂബ്രിക്കന്റ് വിഭാഗത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ വിപണി; യു എസും ചൈനയുമാണ് ഈ വിഭാഗത്തിൽ ഇന്ത്യയ്ക്കു മുന്നിലുള്ളത്. ഇന്ത്യയിലെ മൊത്തം ലൂബ്രിക്കന്റ് വിൽപ്പനയുടെ 58 ശതമാനവും വാഹന വ്യവസായത്തിന്റെ സംഭാവനയാണ്.