ചെന്നൈയിൽ പുതിയ ശാല സ്ഥാപിക്കാൻ ഗൾഫ് ഓയിൽ

ഇന്ത്യൻ യാത്രാവാഹന വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ചെന്നൈയിൽ 150 കോടി രൂപ ചെലവിൽ പുതിയ നിർമാണശാല സ്ഥാപിക്കാൻ ഗൾഫ് ഓയിൽ ലൂബ്രിക്കന്റ്സ് ഒരുങ്ങുന്നു. ഇന്ത്യയിൽ ശക്തമായ വളർച്ചയാണു കമ്പനി ലക്ഷ്യമിടുന്നതെന്നും ഗൾഫ് ഓയിൽ ലൂബ്രിക്കന്റ്സ് മാനേജിങ് ഡയറക്ടർ രവി ചൗള വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണു രാജ്യത്തെ രണ്ടാമത്തെ നിർമാണശാല ചെന്നൈയിൽ സ്ഥാപിക്കുന്നത്. 18 മാസത്തിനകം ഈ ശാല കൂടി പ്രവർത്തനക്ഷമമാവുന്നതോടെ ഇന്ത്യയിലെ മൊത്തം ഉൽപ്പാദനശേഷി 1.35 — 1.45 ലക്ഷം ടൺ ആയി ഉയരുമെന്നും ചൗള അറിയിച്ചു.

നിലവിൽ ഗുജറാത്തിലെ സിൽവാസയിലാണു ഗൾഫ് ഓയിൽ ലൂബ്രിക്കന്റ്സിനു നിർമാണശാലയുള്ളത്. 40 — 45 കോടി രൂപ ചെലവിൽ ഈ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 75,000 ടണ്ണിൽ നിന്ന് 90,000 ടണ്ണായി കമ്പനി അടുത്തയിടെ വർധിപ്പിച്ചിരുന്നു. യാത്രാവാഹന വിഭാഗത്തിൽ നിലവിൽ 4.5% ആണു കമ്പനിയുടെ വിപണി വിഹിതം. കഴിഞ്ഞ വർഷം കാർ വിഭാഗത്തിൽ 12 — 13% വളർച്ച നേടാൻ കമ്പനിക്കു കഴിഞ്ഞതായി ചൗള അവകാശപ്പെട്ടു. എന്നാൽ ഈ വിഭാഗത്തിൽ ഇതിന്റെ ഇരട്ടി വളർച്ച നേടാനാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓപ്പൺ മാർക്കറ്റ് സെയിൽസ് വിഭാഗത്തിൽ ഏഴു ശതമാനത്തോളം വിഹിതമുള്ളത് 10 ശതമാനത്തോളമായി ഉയർത്താനും ഗൾഫ് ഓയിൽ ലൂബ്രിക്കന്റ്സിനു പദ്ധതിയുണ്ട്.