കാത്തിരിക്കാം ഇൗ 5 ഹാച്ച്ബാക്കുകൾക്കായി

ഹാച്ച്ബാക്കുകളാണ് ഇന്ത്യൻ നിരത്തിലെ രാജാക്കന്മാർ. എത്ര പുതിയ കാറുകൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളാണ് ഹാച്ച്ബാക്കുകൾ. പുതിയ നിരവധി ഹാച്ച് ബാക്കുകളാണ് പുറത്തിറങ്ങാൻ തയ്യാറായി നിൽക്കുന്നത്. പുറത്തിറങ്ങിയതും ഉടൻ പുറത്തിറങ്ങാനിരിക്കുന്നതുമായ അഞ്ച് ഹാച്ച്ബാക്കുകൾ.

റെനോ ക്വിഡ്

എൻട്രി ലെവൽഹാച്ച്ബാക്ക് സെഗ്മെന്റിലേയ്ക്ക് റെനോ പുറത്തിറക്കുന്ന കാറാണ് ക്വിഡ്. ആകർഷകമായ രൂപവും കുറഞ്ഞ വിലയുമുള്ള മോഡൽ. മൂന്ന് മുതൽ നാല് ലക്ഷം വരെയായിരിക്കും ക്വിഡിന്റെ വില എന്നാണ് റെനോ അറിയിച്ചിട്ടുള്ളത്. അഞ്ച് പേർക്ക് സുഖകരമായി ഇരിക്കാവുന്നവിധം ആധുനിക രൂപകൽപ്പനയുള്ളതാണ് ഇന്റീരിയർ. ഇന്ത്യയിലെ റോഡ് സാഹചര്യങ്ങൾക്ക് യോജിക്കും വിധം 180 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ക്വിഡിനുണ്ട്. എതിരാളികളെക്കാൾ മികച്ചതാണിത്. ടാറ്റ നാനോ, ഹ്യുണ്ടായി ഇയോൺ, മാരുതി ആൾട്ടോ 800 എന്നിവയോടാണ് ക്വിഡ് പ്രധാനമായും മത്സരിക്കുക. റെനോ പുതിയതായി നിർമിച്ച 800 സിസി, മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ് ക്വിഡിന് കരുത്തേകുക. അഞ്ച് സ്പീഡാണ് ഗീയർ ബോക്‌സ്. കൂടുതൽ കരുത്തുള്ള ഒരു ലിറ്റർ എൻജിൻ, എഎംടി ഗിയർ ബോക്‌സ് എന്നിവയുള്ള വകഭേദങ്ങൾ കമ്പനി പിന്നാലെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പുന്തോ അബാർത്ത്

ഫിയറ്റ് പ്രേമികൾ എറെ ആകാംക്ഷയോടെ കാത്തിരുന്ന പുന്തോയുടെ പെർഫോമൻസ് കാറാണ് അബാർത്ത്. 143 ബി എച്ച് പി 1.4 ടി ജെറ്റ് ടർബോ പെട്രോൾ എൻജിനാണ് കാറിൽ. 211 എൻഎം ടോർക്കുള്ള കാറിന് പൂജ്യത്തിൽ നിന്ന് 100 കലോമീറ്ററിലെത്താൻ 9.54 സെക്കൻഡ് മാത്രം മതി. അഞ്ചു സ്പീഡ് ഗിയർബോക്‌സ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ പുറത്തിറങ്ങിയ കാറിന് വില 9.9 ലക്ഷം രൂപയാണ്. 

ഫിഗോ ആസ്‌പെയർ ഹാച്ച്ബാക്ക്

ഫോർഡിന്റെ ജനപ്രിയ ഹാച്ച്ബാക്കായ ഫിഗോയുടെ നിർമ്മാണം കമ്പനി തൽക്കാലത്തേയ്ക്ക് നിർത്തി വെച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ കോംപാക്റ്റ് സെഡാനായ ആസ്‌പെയറിന്റെ ഹാച്ച്ബാക്ക് വേർഷൻ ഉടൻ തന്നെ പുറത്തിറങ്ങുമെന്നുതന്നെയാണ് കരുതുന്നത്. ആദ്യ കാല ഫിഗോയിൽ തന്നെയുണ്ടായിരുന്ന എഞ്ചിൻ തന്നെയായിരിക്കും പുതിയ ഫിഗോയിലും. 

മാരുതി ബലേനോ

മാരുതി സുസൂക്കിയുടെ ആദ്യ സി സെഗ്‌മെന്റ് സെഡാന്റെ പേരായിരുന്നു ബലേനോ. 1999 ൽ വിപണിലെത്തിയ സെഡാനെ 2006 ൽ കമ്പനി പിൻവലിച്ചു. ഇതേ പേരുതന്നെയായിരിക്കും മാരുതി സുസൂക്കി ഉടൻ പുറത്തിറക്കുന്ന പുതിയ പ്രീമിയം ഹാച്ച്ബാക്കിനും. അടുത്തമാസം നടക്കുന്ന ഫ്രാങ്ക്ഫർട്ട് മോട്ടോർഷോയിൽ ഈ മോഡലിനെ സുസൂക്കി മോട്ടോർ കോർപ്പറേഷൻ അവതരിപ്പിക്കും. നെക്‌സാ പ്രീമിയം കാർ ഡീലർഷിപ്പുകളിൽ കൂടി മാത്രം വിൽക്കാൻ പദ്ധതിയിടുന്ന ബോലേനോ ഒക്ടോബറോടെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഹോണ്ട ജാസ്, ഹ്യുണ്ടായി എലൈറ്റ് ഐ 20 മോഡലുകളോടാണ് ബലേനോ മത്സരിക്കുക. ഏഴ് ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലായിരിക്കും വില. പെട്രോൾ, ഡീസൽ എൻജിൻ വകഭേദങ്ങളുണ്ടാകും. 

ടാറ്റ കൈറ്റ് കൺസപ്റ്റ്

ടാറ്റ കൈറ്റ്

ടാറ്റയുടെ ജനപ്രിയ കാറായ ഇൻഡിക്കയുടെ പകരക്കാരനായി എത്തുന്ന കാറാണ് കൈറ്റ്. ഇൻഡിക്കയുടെ പരിഷ്‌കരിച്ച പ്ലാറ്റ്‌ഫോമാണ് കൈറ്റിൽ ഉപയോഗിക്കുന്നത്. ഇൻഡിക്കയെപ്പോലെ വിശാലമായ പാസഞ്ചർ ക്യാബിൻ, ലഗേജ് സ്‌പേസ് എന്നിവ കൈറ്റിനും ഉണ്ടാകും. ഡീസൽ, പെട്രോൾ വകഭേദങ്ങളുണ്ട്. ടാറ്റ പുതുതായി വികസിപ്പിച്ച 1.05 ലിറ്റർ, മൂന്ന് സിലിണ്ടർ കോമൺ റയിൽ എൻജിനാണ് ഡീസൽ കൈറ്റിന്. 64.1 ബിഎച്ച്പി 140 എൻഎം ആണിതിനു ശേഷി. പുതിയ 1.2 ലിറ്റർ എൻജിൻ പെട്രോൾ വകഭേദത്തിനു നൽകും. അഞ്ച് സ്പീഡ് മാന്വൽ / എഎംടി ആണ് ഗീയർ ബോക്‌സ്.