Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു കോടി രൂപയുടെ ടയർ

z-tyres Photo Courtesy: Z Tyres

ലോകത്തിലെ ഏറ്റവും വിലയേറിയ കാർ ടയറിനുള്ള ഗിന്നസ് റെക്കോർഡ് ദുബായിൽ വിൽപ്പനയ്ക്കെത്തിയ സ്വർണം പൂശിയ ടയറുകൾക്ക്. പ്രവാസി ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള സെഡ് ടയേഴ്സ് വികസിപ്പിച്ചതും, തനി തങ്കവും പ്രത്യേകം തിരഞ്ഞെടുത്ത വജ്രങ്ങളും പതിച്ചതുമായ നാലു ടയറുകളാണ് നാലു കോടിയിലേറെ രൂപയ്ക്കു വിറ്റു പോയത്. ഇത്തരത്തിലുള്ള ടയറുകൾ ഇതാദ്യമായാണു വിപണിയിലെത്തുന്നതെന്നും ദുബായിലെ സെഡ് ടയേഴ്സ് അവകാശപ്പെട്ടു.

ലോകത്തിലെ തന്നെ മുൻനിര ആഭരണ നിർമാതാക്കളാണു ടയറിന്റെ അലങ്കാരപ്പണി നിർവഹിച്ചത്. ഇറ്റാലിയൻ കലാകാരൻമാരുടെ മികവിൽ ദുബായിലായിരുന്നു ഈ സവിശേഷ ടയറുകളുടെ രൂപകൽപ്പന. അബുദാബി പ്രസിഡന്റിന്റെ പുതിയ കൊട്ടാരത്തിന്റെ അലങ്കാരം നിർവഹിച്ച ഈ കലാകാരൻമാർ തന്നെയാണു ടയറിനുള്ള സ്വർണ പാളികളും തയാറാക്കിയത്.

z-tyres-1 Photo Courtesy: Z Tyres

സമാനതകളില്ലാത്ത രൂപകൽപ്പനയോടെ വിൽപ്പനയ്ക്കെത്തിയ ടയറുകൾക്ക് ‘ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാർ ടയർ സെറ്റ്’ എന്ന ബഹുമതിയാണു ഗിന്നിസ് ബുക്ക് ഓഫ് റെക്കോർഡ്സ് സമ്മാനിച്ചതെന്നു കമ്പനി വെളിപ്പെടുത്തി. ദുബായിൽ നടന്ന റെയ്ഫെൻ വ്യാപാര മേളയിൽ 22 ലക്ഷം ദിർഹ (ആറു ലക്ഷം ഡോളർ അഥവാ 4.01 കോടിയോളം രൂപ) ത്തിനാണു ടയറുകൾ വിറ്റു പോയത്.

സെഡ് ടയറിനെ സവിശേഷ ശ്രേണിയായി വികസിപ്പിക്കാനുള്ള മികവും പ്രതിബദ്ധതയും കമ്പനി എല്ലായ്പ്പോഴും പിന്തുടർന്നിരുന്നെന്നു കമ്പനിയുടെ ഉടമകളായ സെനിസെസിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഹർജീവ് കന്ധാരി അഭിപ്രായപ്പെട്ടു. ഈ രംഗത്തെ നേട്ടങ്ങൾ ആഘോഷിക്കാൻ ലക്ഷ്യമിട്ടാണു പ്രത്യേക ഉപയോക്താവിന്റെ ആഗ്രഹപ്രകാരം ലോക റെക്കോർഡ് സ്വന്തമാക്കിയ ഈ സവിശേഷ ടയർ വികസിപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

വിശുദ്ധ മാസമായ റമസാൻ പ്രമാണിച്ച് ഈ ടയർ വിൽപ്പനയിൽ നിന്നു ലഭിച്ച മുഴുവൻ ലാഭവും വിദ്യാഭ്യാസ മേഖലയിൽ ആഗോളതലത്തിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന സെനിസെസ് ഫൗണ്ടേഷനു സംഭാവന ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.