ഹിയർ മാപ്‌ കാർ കമ്പനികൾക്ക്

മൊബൈൽ ഹാൻഡ്‌സെറ്റ് വിഭാഗം മൈക്രോസോഫ്റ്റിനു വിറ്റതിനു ശേഷം നോക്കിയ കൈവശം വച്ചിരുന്ന ബിസിനസുകളിലെ പ്രധാനവിഭാഗമായ ഹിയർ മാപ്‌സ് മുൻനിര കമ്പനികളടങ്ങിയ കാർ കൺസോർഷ്യത്തിന് വിറ്റഴിച്ചു. ഔഡി, ബിഎംഡബ്ല്യു, ഡയംലെർ എന്നീ കമ്പനികൾക്കാണ് ഇനി ഹിയർ മാപ്‌സിന്റെയും നാവിഗേഷൻ സംവിധാനങ്ങളുടെയും അവകാശം. ഏകദേശം 12,500 കോടി രൂപയ്ക്കാണ് നോക്കിയ ഹിയർ മാപ്‌സ് വിറ്റഴിച്ചത്.

അതേ സമയം, ഫ്രഞ്ച് കമ്പനിയായ അൽകാടെലിനെ ഏറ്റെടുക്കാനുള്ള നോക്കിയയുടെ നടപടികൾ അവസാനഘട്ടത്തിലേക്കു കടന്നു. അൽകാടെൽ സ്വന്തമാക്കുന്ന നോക്കിയ ഇനി നെറ്റ്‌വർക്കിങ് രംഗത്തുമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൂചന. അതേ സമയം, വീണ്ടും മൊബൈൽ ഹാൻഡ്‌സെറ്റ് നിർമാണവും ടാബ്‌ലെറ്റ് നിർമാണവും പുനരാരംഭിക്കുന്ന നോക്കിയ, നിലവിൽ സ്മാർട്‌ഫോൺ വിപണിയിൽ സജീവമായ അൽകാടെൽ ഏറ്റെടുക്കുന്നത് ആ വഴിക്കുള്ള പുതിയ ചുവടുവയ്പിനും വഴിയൊരുക്കും.