സ്കൂട്ടർ വിപണിയിൽ ഒന്നാമനാകാൻ ഹീറോ

Hero Duet

ഇന്ത്യയിൽ സ്കൂട്ടർ വിഭാഗത്തിലും നേതൃപദമാണു കമ്പനി ലക്ഷ്യമിടുന്നതെന്നു ഹീറോ മോട്ടോ കോർപ്. മോട്ടോർ സൈക്കിൾ വിഭാഗത്തിൽ മേധാവിത്തമുള്ള കമ്പനി സ്വാഭാവികമായും സ്കൂട്ടർ വിൽപ്പനയിലും ഇതേ സ്ഥാനം ആഗ്രഹിക്കുന്നുണ്ടെന്നു ഹീറോ മോട്ടോ കോർപ് നാഷനൽ സെയിൽസ് മേധാവി എ ശ്രീനിവാസ് അറിയിച്ചു. പ്രതിമാസം നാലര ലക്ഷം സ്കൂട്ടറുകളാണ് ഇന്ത്യയിൽ വിറ്റുപോകുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കമ്പനിയുടെ വിപണി വിഹിതം 13 ശതമാനത്തിൽ നിന്ന് 20% ആയി ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ സ്കൂട്ടർ വിപണിയിലെ നേതൃസ്ഥാനം സ്വന്തമാക്കാൻ ഹീറോ മോട്ടോ കോർപ് പ്രത്യേക കാലപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും ശ്രീനിവാസ് വ്യക്തമാക്കി. എങ്കിലും ത്രിപുരയിലെ സ്കൂട്ടർ വിൽപ്പനയിൽ 39% വിഹിതത്തോടെ ഹീറോ മോട്ടോ കോർപ് ഒന്നാം സ്ഥാനം നേടിയെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം ദേശീയതലത്തിൽ 50 ശതമാനത്തിലേറെ വിപണി വിഹിതവുമായി സ്കൂട്ടർ വിൽപ്പനയിൽ ഹോണ്ട സ്കൂട്ടർ ആൻഡ് മോട്ടോർ സൈക്കിൾ ഇന്ത്യ(എച്ച് എം എസ് ഐ)യാണ് ഒന്നാം സ്ഥാനത്ത്.

രാജ്യത്തെ മോട്ടോർ സൈക്കിൾ വിപണിയിൽ 52.4% വിഹിതമാണു ഹീറോ മോട്ടോ കോർപ് അവകാശപ്പെടുന്നത്. പഴയ പങ്കാളിയായ ഹോണ്ടയുമായി പിരിഞ്ഞ ശേഷം ‘മാസ്ട്രോ എഡ്ജ്’, ‘ഡ്യുവറ്റ്’ എന്നീ സ്കൂട്ടറുകൾ കൂടി ഹീറോ പുറത്തിറക്കി. ഇതോടെ ‘പ്ലഷറും’ ‘മാസ്ട്രോ’യുമടക്കം സ്കൂട്ടർ വിഭാഗത്തിൽ ഹീറോയ്ക്ക് നാലു മോഡലുകളായെന്നും ശ്രീനിവാസ് അറിയിച്ചു. വൈകാതെ സ്കൂട്ടർ വിഭാഗത്തിൽ കൂടുതൽ മോഡലുകൾ വിൽപ്പനയ്ക്കെത്തിക്കുമെന്നും ശ്രീനിവാസ് വെളിപ്പെടുത്തി. എന്നാൽ ഭാവി മോഡലുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. ഒപ്പം കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ആശയമെന്ന നിലയിൽ ഇ സ്കൂട്ടറും കമ്പനി അവതരിപ്പിച്ചിരുന്നു. നിലവിൽ കമ്പനിയുടെ വരുമാനത്തിൽ 13 — 14% ആണു സ്കൂട്ടർ വിൽപ്പനയിൽ നിന്നുള്ള വിഹിതം. സമീപഭാവിയിൽ സ്കൂട്ടറുകളിൽ നിന്നുള്ള വരുമാനം ഉയരുമെന്നും ശ്രീനിവാസ് സൂചിപ്പിച്ചു.