സ്കൂട്ടർ വിപണിയിലും നേതൃസ്ഥാനം ലക്ഷ്യമിട്ടു ഹീറോ

സ്കൂട്ടർ വിപണിയിലെയും നേതൃസ്ഥാനമാണു കമ്പനി ലക്ഷ്യമിടുന്നതെന്നു ഹീറോ മോട്ടോ കോർപ്. പുതിയ അവതരണങ്ങളിലൂടെ ഈ ലക്ഷ്യം നേടിയെടുക്കാനാവുമെന്നാണു പ്രതീക്ഷയെന്നും കമ്പനി വ്യക്തമാക്കി.

നിലവിൽ മോട്ടോർ സൈക്കിൾ വിപണിയിൽ നേതൃസ്ഥാനമുള്ള ഹീറോ മോട്ടോ കോർപ് സ്കൂട്ടർ വിഭാഗത്തിൽ ബഹുദൂരം പിന്നിലാണ്. 59 ശതമാനത്തോളം വിപണി വിഹിതത്തോടെ ഹീറോയുടെ പഴയ പങ്കാളിയും ജാപ്പനീസ് നിർമാതാക്കളുമായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യ്ക്കാണ് ഈ വിഭാഗത്തിൽ മേധാവിത്തം. കഴിഞ്ഞ ഏപ്രിൽ — ഓഗസ്റ്റ് കാലത്ത് 11.39 ലക്ഷം സ്കൂട്ടറുകളാണ് എച്ച് എം എസ് ഐ വിറ്റത്. ബൈക്ക് വിപണിയിൽ 52% വിഹിതമുള്ള ഹീറോ മോട്ടോ കോർപിന് സ്കൂട്ടർ വിഭാഗത്തിൽ 13 ശതമാനത്തോളം വിഹിതമാണുള്ളത്.

അതേസമയം സ്കൂട്ടർ വിപണി പിടിക്കാനുള്ള മോഹം രായ്ക്കുരാമാനം സാക്ഷാത്കരിക്കപ്പെടില്ലെന്ന് ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ അംഗീകരിക്കുന്നു. ക്രമമായി വിപണി വിഹിതം വർധിപ്പിച്ച് നേതൃസ്ഥാനത്തേക്ക് ഉയരാനാണു കമ്പനിയുടെ മോഹം. അതേസമയം സ്കൂട്ടർ വിഭാഗത്തിലും നേതൃസ്ഥാനമെന്ന ലക്ഷ്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ഈ ലക്ഷ്യം കൈവരിക്കാൻ പ്രത്യേകിച്ച് സമയക്രമമൊന്നും നിശ്ചയിച്ചിട്ടില്ലെന്നാണു മുഞ്ജാൾ നൽകുന്ന സൂചന. ജയ്പൂരിൽ സ്ഥാപിക്കുന്ന ഗവേഷണ, വികസന കേന്ദ്രം ജനുവരി 14നു തുറക്കുമെന്നും മുഞ്ജാൾ അറിയിച്ചു.

സ്കൂട്ടർ വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാനായി രണ്ടു പുതിയ മോഡലുകളും ഹീറോ മോട്ടോ കോർപ് അവതരിപ്പിച്ചു. 110 സി സി എൻജിനുള്ള ‘മാസ്ട്രോ എഡ്ജ്’, ‘ഡ്യുവറ്റ്’ എന്നിവയാണു കമ്പനി പുറത്തിറക്കിയത്. രണ്ടു വകഭേദങ്ങളിൽ ലഭ്യമാവുന്ന ‘മാസ്ട്രോ എഡ്ജ്’ ഈ 13 മുതൽ വിൽപ്പനയ്ക്കെത്തും; ‘എൽ എക്സി’ന് 48,500 രൂപയും ‘വി എക്സി’ന് 50,700 രൂപയുമാണു ഡൽഹി ഷോറൂമിൽ വില. ‘ഡ്യുവറ്റ്’ അടുത്തുതന്നെ ഡീലർഷിപ്പുകളിലെത്തുമെന്നും അതിനു ശേഷമാവും സ്കൂട്ടറിന്റെ വില പ്രഖ്യാപിക്കുകയെന്നും കമ്പനി അറിയിച്ചു.

പുതിയ എൻജിന്റെയും ഷാസി പ്ലാറ്റ്ഫോമിന്റെയും പിൻബലത്തോടെയാണു പുതിയ സ്കൂട്ടറുകളുടെ വരവ്. പുതിയ നിർമാണശാലയുടെ ഉദ്ഘാടന വേളയിൽ ‘ഡാഷ്’ എന്ന പേരിൽ കൊളംബിയൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച സ്കൂട്ടറാണ് ‘മാസ്ട്രോ എഡ്ജ്’ ആയി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്.

പ്രതിമാസം 70,000 സ്കൂട്ടറുകളാണു ഹീറോയുടെ ശരാശരി ഉൽപ്പാദനം; ഇതിൽ പതിനായിരത്തോളം യൂണിറ്റാണു കമ്പനിയുടെ കയറ്റുമതി. നിലവിൽ ഗുഡ്ഗാവ്(ഹരിയാന), നീംറാന(രാജസ്ഥാൻ) ശാലകളിലാണു ഹീറോ സ്കൂട്ടറുകൾ ഉൽപ്പാദിപ്പിക്കുന്നത്. ഗുജറാത്തിലെ ഹാലോൾ ശാല പ്രവർത്തനക്ഷമമാവുന്നതോടെ അവിടെയും സ്കൂട്ടറുകൾ നിർമിക്കാൻ കമ്പനിക്കു പദ്ധതിയുണ്ട്.