7.5 ലക്ഷം ഹീറോ സൈക്കിൾ വാങ്ങാൻ ബംഗാൾ സർക്കാർ

പശ്ചിമ ബംഗാളിലെ സ്കൂൾ വിദ്യാർഥികൾക്ക് ഏഴര ലക്ഷം സൈക്കിൾ വിതരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ കരാർ കമ്പനിക്കു ലഭിച്ചെന്നു ഹീറോ സൈക്കിൾസ്. ബംഗാളിൽ ഒൻപതു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണു സർക്കാർ സൈക്കിൾ നൽകുന്നത്.

രാജ്യത്തെ ഏതെങ്കിലും സൈക്കിൾ നിർമാതാവിനു സർക്കാർ മേഖലയിൽ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ ഓർഡർ ആണിതെന്നും ഹീറോ അവകാശപ്പെട്ടു. പശ്ചിമ ബംഗാൾ പട്ടിക ജാതി, പട്ടിക വർഗ വികസന, ഫിനാൻസ് കോർപറേഷൻ മുഖേനയായിരുന്നു സംസ്ഥാന സർക്കാർ സൈക്കിൾ വാങ്ങാനുള്ള ടെൻഡർ നടപടികൾ നിർവഹിച്ചത്. നിരക്ഷരത ഇല്ലാതാക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണു ബംഗാൾ സർക്കാർ ഒൻപതു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കു സൈക്കിൾ വിതരണം ചെയ്യുന്നത്.

സംസ്ഥാന സർക്കാരിനു കമ്പനിയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ വമ്പൻ ഓർഡറെന്നു ഹീറോ സൈക്കിൾസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പങ്കജ് മുഞ്ജാൾ അവകാശപ്പെട്ടു. ബംഗാൾ സർക്കാരിന്റെ നടപടി ഹീറോ സൈക്കിൾസിനു മാത്രമല്ല കമ്പനിക്കായി സാധനസാമഗ്രികൾ ലഭ്യമാക്കുന്ന ചെറുതും വലുതുമായ ധാരാളം സ്ഥാപനങ്ങൾക്കും ഗുണകരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ ഓർഡർ ലഭിച്ചതിനൊപ്പം നിലവിലുള്ള വിതരണ ശൃംഖലയിൽ നിന്നുള്ള ആവശ്യവും ഉയരുന്നതു മുൻനിർത്തി സൈക്കിൾ ഉൽപ്പാദനം വർധിപ്പിക്കാനും ഹീറോ സൈക്കിൾസ് തീരുമാനിച്ചിട്ടുണ്ട്.