‘ഫ്ളാഷ്’: പുത്തൻ ഇ ബൈക്കുമായി ഹീറോ ഇലക്ട്രിക്

ലുധിയാന ആസ്ഥാനമായ വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ ഇലക്ട്രിക് പുതിയ മോഡലായ ‘ഫ്ളാഷ്’ പുറത്തിറക്കി. രാജ്യതലസ്ഥാനത്തെ പ്രഗതി മൈതാനത്തു നടക്കുന്ന ജി എം എക്സ് എക്സ്പോയിലായിരുന്നു പുതിയ മോഡലിന്റെ അവതരണം.
ഒറ്റത്തവണ ചാർജ് ചെയ്താൽ 65 കിലോമീറ്റർ പിന്നിടുന്ന ‘ഹീറോ ഫ്ളാഷി’ലെ ബാറ്ററി പൂർണമായും ചാർജ് ആവാൻ ആറു മുതൽ എട്ടു മണിക്കൂർ വരെയെടുക്കും. 48 വോൾട്ട് വി ആർ എൽ എ ബാറ്ററിയും 250 വാട്ട് വൈദ്യുത മോട്ടോറുമായെത്തുന്ന ‘ഫ്ളാഷി’ന് മണിക്കൂറിൽ 25 കിലോമീറ്ററാണു കമ്പനി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. 87 കിലോഗ്രാം ഭാരമുള്ള സ്കൂട്ടറിനു ടെലിസ്കോപിക് സസ്പെൻഷനും 16 ഇഞ്ച് അലോയ് വീലുമാണ് ഹീറോ ഇലക്ട്രിക് ലഭ്യമാക്കുന്നത്.

രാജ്യത്തിന് വൈദ്യുതിയെ ആശ്രയിച്ചുള്ള സഞ്ചാര സ്വാതന്ത്യ്രം ഉറപ്പാക്കാനാണ് ‘ഫ്ളാഷി’ലൂടെ ഹീറ ഇലക്ട്രിക് ശ്രമിക്കുന്നതെന്നു കമ്പനി ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൊഹിന്ദർ ഗിൽ വെളിപ്പെടുത്തി. ഇ വാഹന മേഖലയിൽ ലഭ്യമായ ഏറ്റവും ആധുനികവും മികച്ചതുമായ സാങ്കേതികവിദ്യകളാണ് ‘ഫ്ളാഷി’ൽ സമന്വയിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഫ്ളാഷി’ലൂടെ 20,000 — 25,000 രൂപ വില നിലവാരത്തിലേക്കുള്ള പ്രവേശനമാണു കമ്പനി ആഗ്രഹിക്കുന്തനെന്ന് ഹീറോ ഇകോ ഗ്രൂപ് മാനേജിങ് ഡയറക്ടർ നവീൻ മുഞ്ജാൾ അറിയിച്ചു.

ന്യായവിലയ്ക്കു ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന, എൻട്രി ലവൽ മോഡലെന്ന നിലയിൽ അനാവശ്യ പകിട്ടുകൾ ‘ഫ്ളാഷി’ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ഇ ബൈക്ക് വിൽപ്പന 2015നെ അപേക്ഷിച്ചു മികച്ചതായിരുന്നെന്നാണു ഹീറോ ഇലക്ട്രിക്കിന്റെ അവകാശവാദം. ഇക്കൊല്ലം പ്രകടനം കൂടുതൽ മെച്ചമാവുമെന്നും കമ്പനി കരുതുന്നു.