ആഫ്രിക്കയ്ക്കായി പുതിയ ഹീറോ ഡോൺ

ആഫ്രിക്കൻ വിപണി ലക്ഷ്യമിട്ടു ഹീറോ മോട്ടോ കോർപ് ‘ഡോൺ’ ശ്രേണിയിൽ മൂന്നു പുതിയ മോട്ടോർ സൈക്കിളുകൾ വികസിപ്പിച്ചു. മുൻപങ്കാളിയും ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളുമായ ഹോണ്ട മോട്ടോർ കമ്പനിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ആറു വർഷം പിന്നിടുമ്പോഴാണു ഹീറോ ആഫ്രിക്കൻ വിപണി കീഴടക്കാൻ എത്തുന്നത്. ആഫ്രിക്കൻ രാജ്യങ്ങൾക്കായി 100 സി സി, 125 സി സി, 150 സി സി എൻജിനുകൾ ഘടിപ്പിച്ച ‘ഡോൺ’ ആണു ഹീറോ ലഭ്യമാക്കുക. മിക്കവാറും മാർച്ചോടെ വിപണിയിലെത്തുന്ന പുത്തൻ ബൈക്കുകൾ പ്രധാനമായും മേഖലയിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ നൈജീരിയയിലാവും തുടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

നൈജീരിയ പോലുള്ള പുതിയ വിപണികളിൽ പ്രവേശിക്കാനും പശ്ചിമ ആഫ്രിക്കയിൽ ബ്രാൻഡിനെ കരുത്തു നേടിക്കൊടുക്കാനുമാണ് 2016 — 17ൽ ലക്ഷ്യമിട്ടിരിക്കുന്നതെന്നും കമ്പനി വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹീറോയും ഹോണ്ടയുമായുള്ള 26 വർഷം നീണ്ട പങ്കാളിത്തം 2010ലാണ് അവസാനിച്ചത്. ഹോണ്ടയുമായുള്ള സഖ്യം മൂലം ഹീറോ ഹോണ്ട ശ്രേണിയിലെ മേഡലുകൾ വിദേശ വിപണികളിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നില്ല. ജാപ്പനീസ് പങ്കാളിയുമായി വഴി പിരിഞ്ഞ ശേഷമുള്ള കാലത്താണു ഹീറോ വിവിധ വിദേശ രാജ്യങ്ങളിൽ വിപണനത്തിനു തുടക്കമിട്ടത്. നിലവിൽ ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ നായകസ്ഥാനത്തുള്ള ഹീറോ, ആഗോളതലത്തിൽ 29 രാജ്യങ്ങളിൽ ബൈക്കുകൾ വിൽക്കുന്നുണ്ട്. ആഫ്രിക്കയിൽ ചുവട് ഉറപ്പിക്കാനുള്ള ആദ്യ പടിയെന്ന നിലയിലാണു കമ്പനി ‘ഡോൺ 100’, ‘ഡോൺ 125’, ‘ഡോൺ 150’ എന്നിവ പുറത്തിറക്കുക. ആഫ്രിക്കയിലെ ബൈക്ക് ടാക്സി വിഭാഗം കൂടി ലക്ഷ്യമിട്ടാണു ഹീറോ പുതിയ ശ്രേണി വികസിപ്പിച്ചിരിക്കുന്തെന്നാണു സൂചന.

ബൈക്ക് ടാക്സിക്കു വിപുല സാധ്യതയുള്ള നൈജീരിയ, കെനിയ, ടാൻസാനിയ വിപണികളിലേക്കാണു ‘ഡോൺ’ എത്തുക. ഈ മൂന്നു രാജ്യങ്ങളിലുമായി പ്രതിവർഷം 15 ലക്ഷത്തോളം ഇരുചക്രവാഹനങ്ങളാണു വിറ്റഴിയുന്നത്. കയറ്റുമതിയിൽ വൻതോതിലുള്ള വളർച്ചയാണു വരുംവർഷങ്ങളിൽ ഹീറോ ലക്ഷ്യമിടുന്നത്. 2020ൽ മൊത്തം വിൽപ്പന ഒരു കോടി യൂണിറ്റിലെത്തിക്കാനും ഇതിൽ 10% വിദേശ വിപണികളിൽ നിന്നു കണ്ടെത്താനും ഹീറോ മുമ്പേ നിശ്ചയിച്ചതാണ്. 2014ൽ 2020ലെ വിൽപ്പന ലക്ഷ്യം 1.20 കോടി യൂണിറ്റായി പുതുക്കി നിശ്ചയിക്കുകയും ചെയ്തു. എന്നാൽ കയറ്റുമതിയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കമ്പനിക്കു കഴിഞ്ഞിട്ടില്ലെന്നാണു കണക്കുകൾ നൽകുന്ന സൂചന. 2015 — 16ൽ അഞ്ചു ശമതാനത്തോളം വളർച്ചയോടെ 2,10,409 യൂണിറ്റായിരുന്നു കമ്പനിയുടെ കയറ്റുമതി. ഇക്കൊല്ലം 43% വളർച്ചയോടെ മൂന്നു ലക്ഷം യൂണിറ്റ് കയറ്റുമതി ചെയ്യാനാണു ഹീറോയുടെ പദ്ധതി. ഇതിനായി ശ്രീലങ്ക, നേപ്പാൾ, ബംഗ്ലദേശ്, കൊളംബിയ, നൈരിയ വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ഹീറോ ഒരുങ്ങുന്നത്. നേപ്പാളിലും ബംഗ്ലദേശിലും സ്കൂട്ടർ വിൽപ്പനയിലും മറ്റു രാജ്യങ്ങളിൽ മോട്ടോർ സൈക്കിൾ വിൽപ്പനയിലുമാവും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക.