പുത്തൻ ‘സ്പ്ലെൻഡർ പ്രോ’യുമായി ഹീറോ; വില 46,850 രൂപ

Hero Splendor Pro

പഴയ പങ്കാളിയും ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളുമായ ഹോണ്ടയിൽ നിന്നുള്ള മത്സരം മുറുകിയതോടെ ഹീറോ മോട്ടോ കോർപ് പുതിയ ‘സ്പ്ലെൻഡർ പ്രോ’ പുറത്തിറക്കി. ഉത്സവകാലം മുന്നിൽ കണ്ട് അവതരിപ്പിച്ച ബൈക്കിന് 46,850 രൂപയാണു ഡൽഹിയിലെ ഷോറൂം വില.

അഡ്വാൻസ്ഡ് പ്രോ സീരീസ് ഡിജിറ്റൽ വേരിയബിൾ(എ പി ഡി വി) ഇഗ്നീഷൻ സംവിധാനത്തിന്റെ പിൻബലമുള്ള 97.2 സി സി, ഫോർ സ്ട്രോക്ക്, സിംഗിൾ സിലണ്ടർ, എയർ കൂൾഡ് എൻജിനാണു ബൈക്കിനു കരുത്തേകുന്നത്. 8,000 ആർ പി എമ്മിൽ 8.36 പി എസ് വരെ കരുത്ത് സൃഷ്ടിക്കുന്ന എൻജിനിൽ നിന്നുള്ള പരമാവധി ടോർക്ക് 5,000 ആർ പി എമ്മിലെ 8.05 എൻ എമ്മാണ്.

നാലു സ്പീഡ് ഗീയർ ബോക്സ്, അഡ്ജസ്റ്റബ്ൾ പിൻ സസ്പെൻഷൻ, 18 ഇഞ്ച് വീൽ, ക്ലിയർ ലെൻസ് ഇൻഡിക്കേറ്റർ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ സഹിതം പുതിയ ട്രൈ സെറ്റ് കോക്പിറ്റ് മീറ്റർ എന്നിവയും ബൈക്കിലുണ്ട്.

ബ്ലാക്ക് പർപ്ൾ, ഹെവി ഗ്രേ, ക്ലൈഡ് സിൽവർ, കാൻഡ് ബ്ലേസിങ് റെഡ്, പാലസ് മറൂൺ, ബ്ലാക്ക് മോണോടോൺ എന്നിവയ്ക്കൊപ്പം പുതുവർണങ്ങളായ ഷീൽഡ് ഗോൾഡിലും ബ്ലാക്ക് റെഡ്ഡിലും ഈ ബൈക്ക് വിൽപ്പനയ്ക്കുണ്ട്.

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് ‘സ്പ്ലെൻഡർ പ്ലസി’ന്റെ പുതുവകഭേദവും കമ്പനി അവതരിപ്പിച്ചു. ‘സെൽഫ് സ്റ്റാർട്’ സൗകര്യത്തോടെയാണ് ഈ ‘സ്പ്ലെൻഡർ പ്ലസി’ന്റെ വരവ്. ഇതോടൊപ്പം കഴിഞ്ഞ 29ന് അനാവരണം ചെയ്ത ഗീയർരഹിത സ്കൂട്ടറായ ‘മാസ്ട്രോ എഡ്ജി’ന്റെ വിൽപ്പനയ്ക്കും ഹീറോ മോട്ടോ കോർപ് തുടക്കമിട്ടു. ഡൽഹി ഷോറൂമിൽ 49,500 രൂപയാണു ‘മാസ്ട്രോ എഡ്ജി’നു വില.

‘സ്പ്ലെൻഡർ ഐ സ്മാർട്ടി’ൽ രണ്ടു പുതിയ വർണങ്ങളും ഹീറോ മോട്ടോ കോർപ് ലഭ്യമാക്കി: ബ്ലാക്ക് ബൂൺ സിൽവർ, ബ്ലാക്ക് സ്പോർട്സ് റെഡ് നിറങ്ങളിലും ഇനി ബൈക്ക് ലഭിക്കും. നിലവിൽ സ്പോർട്സ് റെഡ്, ലീഫ് ഗ്രീൻ, എക്സലന്റ് ബ്ലൂ, ഹെവി ഗ്രേ നിറങ്ങളിലാണു ബൈക്ക് വിൽപ്പനയ്ക്കുണ്ടായിരുന്നത്.