ഉത്സവകാല വിൽപ്പന 10 ലക്ഷം പിന്നിട്ടെന്നു ഹീറോ

ഇക്കൊല്ലത്തെ നവരാത്രി, ദീപാവലി ഉത്സവകാല വിൽപ്പന ഇതിനകം തന്നെ 10 ലക്ഷം യൂണിറ്റ് പിന്നിട്ടതായി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്. പുതിയ സാധനങ്ങൾ വാങ്ങാൻ അത്യുത്തമമെന്നു കരുതപ്പെടുന്ന ധൻതേരസിനു മുമ്പേയാണു കമ്പനി ഈ നേട്ടം കൈവരിച്ചത്. ധൻതേരസിനു മുമ്പേ വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ട സാഹചര്യത്തിൽ ഈ നവരാത്രി, ദീപാവലി ഉത്സവകാലം മികച്ച നേട്ടം സമ്മാനിക്കുമെന്നു ഹീറോ മോട്ടോ കോർപ് പ്രതീക്ഷ പ്രകടിപ്പിച്ചു. പോരെങ്കിൽ ഉത്സവകാലം പൂർത്തിയാവാൻ ഇനിയും ഒരാഴ്ചയോളം അവശേഷിക്കെ വിൽപ്പനയും ഇനിയും കുതിച്ചുയരുമെന്നും കമ്പനി കരുതുന്നു.

കഴിഞ്ഞ മാസം റെക്കോഡ് വിൽപ്പനയായിരുന്നു ഹീറോ മോട്ടോ കോർപ് കൈവരിച്ചത്. 6,74,961 യൂണിറ്റാണു സെപ്റ്റംബറിൽ കമ്പനി വിറ്റത്; 2015 സെപ്റ്റംബറിൽ വിറ്റ 6,06,744 ഇരുചക്രവാഹനങ്ങളെ അപേക്ഷിച്ച് 11.41% അധികമാണിത്. 2015 ഒക്ടോബറിൽ നേടിയ 6,39,802 യൂണിറ്റ് വിൽപ്പനയായിരുന്നു ഹീറോ മോട്ടോ കോർപിനെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള റെക്കോഡ്. മാത്രമല്ല തുടർച്ചയായ രണ്ടാം മാസവും ആറു ലക്ഷത്തിലേറെ യൂണിറ്റ് വിൽക്കാൻ കഴിഞ്ഞത് ഹീറോ മോട്ടോ കോർപിനു നേട്ടമായി. ഓഗസ്റ്റിൽ 6,16,424 യൂണിറ്റായിരുന്നു കമ്പനി നേടിയ വിൽപ്പന. ഇക്കൊല്ലത്തെ കണക്കെടുത്താൽ ഇതു നാലാം തവണയാണു കമ്പനിയുടെ പ്രതിമാസ വിൽപ്പന ആറു ലക്ഷം യൂണിറ്റ് പിന്നിടുന്നത്; കഴിഞ്ഞ മാർച്ചിൽ 6,06,542 യൂണിറ്റും ഏപ്രിലിൽ 6,12,739 യൂണിറ്റുമായിരുന്നു ഹീറോ മോട്ടോ കോർപ് കൈവരിച്ച വിൽപ്പന. ദീപാവലി, നവരാത്രി ഉത്സവകാല വിൽപ്പന മികച്ച നിലയിൽ പുരോഗമിക്കുന്നതിനാൽ ഈ മാസവും ഹീറോ മോട്ടോ കോർപ് തകർപ്പൻ പ്രകടനം ആവർത്തിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

വിപണി സാഹചര്യങ്ങൾ പൊതുവേ അനുകൂലമായതാണ് ഇരുചക്രവാഹന വിൽപ്പന വർധിക്കാൻ വഴി തെളിക്കുന്നതെന്നാണു ഹീറോ മോട്ടോ കോർപിന്റെ വിലയിരുത്തൽ. കമ്പനി സ്വന്തമായി രൂപകൽപ്പനയും വികസനവും നിർവഹിച്ച ആദ്യ മോട്ടോർ സൈക്കിളായ ‘സ്പ്ലെൻഡർ ഐ സ്മാർട് 110’ അവതരണവും വിൽപ്പനയിൽ തകർപ്പൻ നേട്ടം സമ്മാനിക്കുന്നുണ്ടെന്നു കമ്പനി അവകാശപ്പെടുന്നു. നിലവിൽ ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ 100 സി സി, 125 സി സി മോട്ടോർ സൈക്കിൾ വിഭാഗങ്ങളിൽ അനിഷേധ്യ മേധാവിത്തമാണു ഹീറോ മോട്ടോ കോർപിനുള്ളത്. കമ്യൂട്ടർ വിഭാഗത്തിൽ 65% വിപണി വിഹിതമാണ് കമ്പനി അവകാശപ്പെടുന്നത്; എക്സിക്യൂട്ടീവ് കമ്യൂട്ടർ വിഭാഗത്തിൽ 55% വിപണി വിഹിതവും. പ്രീമിയം വിഭാഗത്തിലെ പ്രകടനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കമ്പനി കഴിഞ്ഞ ആഴ്ച പുതിയ ‘അച്ചീവർ 150’ അവതരിപ്പിച്ചിരുന്നു. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പുലർത്തുന്ന എൻജിനൊപ്പം കമ്പനിയുടെ സ്വന്തം ആവിഷ്കാരമായ ‘ഐ ത്രി എസ്’ സാങ്കേതികവിദ്യയുടെ പിൻബലവും പുതിയ ‘അച്ചീവറി’നുണ്ട്.