തുടർച്ചയായ മൂന്നാം മാസവും ഹീറോ വിൽപ്പന 6 ലക്ഷം പിന്നിട്ടു

ഉത്സവകാല വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്. ഒപ്പം ഒക്ടോബറോടെ തുടർച്ചയായ മൂന്നാം മാസവും വാഹന വിൽപ്പന ആറു ലക്ഷം യൂണിറ്റിനു മുകളിലെത്തിക്കാനും കമ്പനിക്കു കഴിഞ്ഞു. ഓഗസ്റ്റിൽ 6,16,424 യൂണിറ്റും സെപ്റ്റംബറിൽ 6,74,961 യൂണിറ്റും വിറ്റ കമ്പനി കഴിഞ്ഞ മാസം കൈവരിച്ച വിൽപ്പന 6,63,153 യൂണിറ്റിന്റേതാണ്.

നവരാത്രി, ദീപാവലി ഉത്സവകാല വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലേറെ വർധന കൈവരിക്കാൻ കഴിഞ്ഞെന്നാണു ഹീറോ മോട്ടോ കോർപിന്റെ അവകാശവാദം. ധൻതേരസിനു മുമ്പുതന്നെ ഉത്സവകാല വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി വ്യക്തമാക്കിരുന്നു. ഉത്സവകാലം പ്രമാണിച്ച് അധികമായി ഉൽപ്പാദിപ്പിച്ച ഇരുചക്രവാഹനങ്ങൾ പൂർണമായും വിറ്റുപോയെന്നാണു കമ്പനിയുടെ വിലയിരുത്തൽ.

ഇക്കൊല്ലം ഇതുവരെ അഞ്ചു തവണയാണു ഹീറോ മോട്ടോ കോർപിന്റെ പ്രതിമാസ വിൽപ്പന ആറു ലക്ഷം യൂണിറ്റിനു മുകളിലെത്തിയത്. കൂടാതെ ജൂലൈ — സെപ്റ്റംബർ ത്രൈമാസത്തിൽ റെക്കോഡ് വിൽപ്പനയും കമ്പനി നേടി: 18,23,498 യൂണിറ്റ്. 2015ലെ ജൂലൈ — സെപ്റ്റംബർ ത്രൈമാസത്തെ അപേക്ഷിച്ച് 15.80% അധികമാണിത്.

മികച്ച മഴ ലഭിച്ചതോടെ ഗ്രാമീണ മേഖലയിൽ സംഭവിച്ച ഉണർവാണു മികച്ച വിൽപ്പന കൈവരിക്കാൻ ഹീറോ മോട്ടോ കോർപിന് തുണയാവുന്നത്. ഇക്കൊല്ലം അവതരിപ്പിച്ച പുതിയ മോഡലുകളായ ‘സ്പ്ലെൻഡർ ഐ സ്മാർട് 110’, ‘അച്ചീവർ 150’ എന്നിവ മികച്ച സ്വീകാര്യത നേടിയതും കമ്പനിക്കു ഗുണമായി. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഗീയർരഹിത സ്കൂട്ടറായ ‘മാസ്ട്രോ എജ്ഡി’നോടുള്ള പ്രതിപത്തിയും മാറ്റമില്ലാതെ തുടരുന്നുണ്ടെന്നാണു ഹീറോയുടെ വിലയിരുത്തൽ.