ഹീറോ മോട്ടോ കോർപ് ഇനി അർജന്റീനയിലും

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീനയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു. 125 സി സി വിഭാഗത്തിൽ പുത്തൻ ‘ഗ്ലാമർ’ പുറത്തിറക്കിയാണു ഹീറോ മോട്ടോ കോർപ് അർജന്റീനയിലെ അരങ്ങേറ്റം കൊഴുപ്പിച്ചത്; ഇതാദ്യമായാണ് കമ്പനിയുടെ പുതിയ വാഹനത്തിന്റെ അരങ്ങേറ്റത്തിനു വിദേശ വിപണി വേദിയാവുന്നതെന്ന പ്രത്യേകതയുമുണ്ട്. അർജന്റീന, പെറു, കൊളംബിയ തുടങ്ങിയ മധ്യ, ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ ‘ഇഗ്നൈറ്റർ’ എന്ന പേരിലാവും ‘ഗ്ലാമർ’ അറിയപ്പെടുക. ഇതോടൊപ്പം സ്കൂട്ടറായ ‘ഡാഷ്’ (ഇന്ത്യയിലെ ‘മാസ്ട്രോ എഡ്ജ്’), ബൈക്കുകളായ ‘ഹങ്ക്’, ‘ഹങ്ക് സ്പോർട്സ്’ എന്നിവയും കമ്പനി അർജന്റീനയിൽ വിൽപ്പനയ്്ക്കെത്തിച്ചിട്ടുണ്ട്.

ഹീറോ മോട്ടോ കോർപിന്റെ ഇരുചക്രവാഹനങ്ങൾ വിൽപ്പനയ്ക്കെത്തുന്ന 35—ാമതു വിദേശ വിപണിയാണ് അർജന്റീന. രാജ്യതലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ഹീറോ ഡീലർഷിപ്പും കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മർവൻ എസ് എയാണ് അർജന്റീനയിൽ ഹീറോയുടെ വിപണന പങ്കാളി. തുടക്കത്തിൽ 40 ഡീലർഷിപ്പുകൾ വഴിയാണു ഹീറോ ബൈക്കുകൾ അർജന്റീനയിൽ വിൽപ്പനയ്ക്കെത്തുക; വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 90 ആക്കി ഉയർത്താനാണു കമ്പനി ലക്ഷ്യമിടുന്നത്. ജന്മനാട്ടിൽ നിന്ന് ഏറ്റവും അകലെയുള്ള വിപണിയിലേക്കാണു കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നതെന്നു ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ അഭിപ്രായപ്പെട്ടു. 2020 ആകുമ്പോഴേക്ക് 50 വിദേശ വിപണികളിൽ സാന്നിധ്യം നേടുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ഹീറോ അർജന്റീനയിൽ വിൽപ്പന ആരംഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

പുതിയ ബൈക്കിന്റെ അവതരണത്തിന് ഈ വിപണി തിരഞ്ഞെടുത്തത് അർജന്റീനയ്ക്കും ലാറ്റിൻ അമേരിക്കയ്ക്കും കമ്പനി നൽകുന്ന പ്രാധാന്യത്തിന്റെ പ്രതിഫലനമാണെന്നും മുഞ്ജാൾ വിശദീകരിച്ചു. അർജന്റീനയിലേക്കു വരവിനു മുന്നോടിയായി ഹീറോ ആ രാജ്യത്തു നിന്നുള്ള ഫുട്ബോൾ ഇതിഹാസം ഡിയഗൊ സിമിയോണിയെ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായും നിയോഗിച്ചിട്ടുണ്ട്. 2016ലെ മികച്ച ഫുട്ബോൾ പരിശീലകനുള്ള ബഹുമതി കഴിഞ്ഞ ദിവസം സിമിയോണി സ്വന്തമാക്കിയിരുന്നു. ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിനു ശേഷം കായിക മേഖലയിൽ നിന്നു ഹീറോ കണ്ടെത്തുന്ന രണ്ടാമത്തെ താരമാണു സിമിയോണി.