ചാംപ്യൻസ് ഹോക്കി ടൈറ്റിൽ സ്പോൺസറായി ഹീറോ

വെസ്റ്റ് ഇൻഡീസിലെ ട്വന്റി 20 മത്സരമായ കരീബിയൻ പ്രീമിയർ ലീഗിനു പിന്നാലെ 2016ലെ പുരുഷൻമാരുടെ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പും ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് ഏറ്റെടുത്തു. ഈ 10 മുതൽ 17 വരെ ലണ്ടനിലാണ് ചാംപ്യൻസ് ട്രോഫി 2016 അരങ്ങേറുക. ‘ഹീറോ ഹോക്കി ചാംപ്യൻസ് ട്രോഫി 2016’ എന്നാവും ടൂർണമെന്റിന്റെ പേരെന്നും രാജ്യാന്തര ഹോക്കി ഫെഡറേഷൻ(എഫ് ഐ എച്ച്) വ്യക്തമാക്കി.

പുരുഷ വിഭാഗത്തിനു പുറമെ വനിതകളുടെ ഹോക്കി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ലീഡ് പങ്കാളിയായും ഹീറോ മോട്ടോ കോർപ് രംഗത്തുണ്ടാവും. 18 മുതൽ 26 വരെ ലണ്ടനിൽ തന്നെയാണ് ഈ ചാംപ്യൻഷിപ്പും അരങ്ങേറുക. ഹോക്കിയുടെ ആഗോളതലത്തിലുള്ള പ്രചാരത്തിനൊപ്പം പുതിയ തലമുറയെ മത്സരവേദികളിലേക്ക് ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് എഫ് ഐ എച്ച് പുതിയ പങ്കാളികളെ തിരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ ഹോക്കിയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് ഈ കായിക വിനോദത്തെപ്പറ്റി 10 വർഷത്തെ കാഴ്ചപ്പാടുള്ള കമ്പനികളെയാണ് രാജ്യാന്തര ഹോക്കി ഫെഡറേഷൻ പരിഗണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ എച്ചും ഹീറോയുമായി പുതിയ ധാരണാപത്രം ഒപ്പിട്ടത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ഗണ്യമായ ജനപ്രീതിയുള്ള കായിക വിനോദമാണു ഹോക്കിയെന്ന് ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ നടക്കുന്ന വിവിധ ടൂർണമെന്റുകളിൽ എഫ് ഐ എച്ചിന്റെ ദീർഘകാലമായുള്ള പങ്കാളിയാണ് ഹീറോയെന്നും അദ്ദേഹം വ്യക്തമാക്കി. ഹീറോ ബ്രാൻഡിന് ആഗോളതലത്തിൽ പ്രചാരമേകുന്നതിന്റെ ഭാഗമായാണ് 2016ലെ ചാംപ്യൻസ് ട്രോഫിയുടെ ടൈറ്റിൽ സ്പോൺസർഷിപ് കമ്പനി ഏറ്റെടുത്തത്. നിലവിൽ ഏഷ്യയിലും ആഫ്രിക്കയിലും ദക്ഷിണ — മധ്യ അമേരിക്കയിലുമായി മുപ്പതോളം രാജ്യങ്ങളിൽ കമ്പനിക്കു സാന്നിധ്യമുണ്ടെന്നും മുഞ്ജാൾ അറിയിച്ചു. ഹീറോയുമായി പുതിയ കരാർ ഒപ്പിട്ടതിൽ എഫ് ഐ എച്ച് പ്രസിഡന്റ് ലീൻഡ്രൊ നെഗ്രെയും ആഹ്ലാദം പ്രകടിപ്പിച്ചു. ഹീറോയുമായി ദീർഘനാളായുള്ള ക്രിയാത്മക സഹകരണം തുടരാൻ അവസരം ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.