ഹീറോ മോട്ടോ കോർപ് ചിറ്റൂർ ശാല 2018ൽ

ആന്ധ്ര പ്രദേശിലെ ചിറ്റൂർ ജില്ലയിൽ സ്ഥാപിക്കുന്ന ഇരുചക്രനിർമാണശാലയുടെ ആദ്യഘട്ടം 2018 ഡിസംബറിൽ പ്രവർത്തനം ആരംഭിക്കുമെന്നു ഹീറോ മോട്ടോ കോർപ്. ചിറ്റൂരിലെ മദന്നപാലെത്തു പുതിയ നിർമാണശാല സ്ഥാപിക്കാൻ 2014 സെപ്റ്റംബറിലാണു ഹീറോ മോട്ടോ കോർപും ആന്ധ്ര പ്രദേശ് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ആദ്യഘട്ടത്തിൽ പ്രതിവർഷം അഞ്ചു ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനം സാധ്യമാവുന്ന ശാലയ്ക്കു പ്രതീക്ഷിക്കുന്ന മുടക്കുമുതൽ 800 കോടി രൂപയാണ്. ശ്രീസിറ്റി പ്രത്യേക സാമ്പത്തിക മേഖലയ്ക്കു സമീപം സ്ഥാപിക്കുന്ന ശാലയിൽ ആദ്യഘട്ടത്തിൽ 1,500 പേർക്കാണു തൊഴിലവസരം ലഭിക്കുക. രണ്ടു വർഷത്തിനുള്ളിൽ ശാലയുടെ രണ്ടാംഘട്ടം വികസനം പൂർത്തിയാവുന്നതോടെ വാർഷിക ഉൽപ്പാദനശേഷിയിൽ അഞ്ചു ലക്ഷം യൂണിറ്റിന്റെ വർധന കൈവരും. 2023 ഡിസംബറോടെ മൂന്നാം ഘട്ട വികസനം പൂർത്തിയാവുമെന്നും വാർഷിക ഉൽപ്പാദനശേഷി എട്ടു ലക്ഷം യൂണിറ്റ് കൂടി ഉയരുമെന്നുമാണു പ്രതീക്ഷ.

രണ്ടും മൂന്നും ഘട്ട വികസനങ്ങൾക്കും 800 കോടി രൂപ വീതമാണു ചെലവ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന വ്യവസായ സെക്രട്ടറി എം ഗിരിജ ശങ്കർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. രണ്ടും മൂന്നും ഘട്ട വികസനം പൂർത്തിയാവുന്നതോടെ ശാലയിൽ 3,500 പേർക്കു കൂടി ജോലി ലഭിക്കും. ആന്ധ്ര പ്രദേശ് വിഭജിച്ചു തെലങ്കാന രൂപീകരിച്ചശേഷം മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ സംസ്ഥാനം നേടിയെടുത്ത പ്രധാന വ്യവസായ പദ്ധതിയാണു ഹീറോ മോട്ടോ കോർപിന്റെ ഇരുചക്രനിർമാണശാല. റോബോട്ടുകളുടെ പങ്കാളിത്തവും അത്യാധുനിക സാങ്കേതികവിദ്യയും ഗ്രീൻ ബിൽഡിങ് ടെക്നോളജിയുമൊക്കെയായി ഏറ്റവും നൂതന ഇരുചക്രവാഹന നിർമാണശാലയാണു ചിറ്റൂരിൽ സ്ഥാപിക്കുകയെന്നു കഴിഞ്ഞ മാർച്ച് 31ന് അയച്ച കത്തിൽ ഹീറോ മോട്ടോ കോർപ് സംസ്ഥാന സർക്കാരിന് ഉറപ്പു നൽകിയിട്ടുണ്ട്. കിഴക്കൻ, ദക്ഷിണ ഏഷ്യൻ രാജ്യങ്ങൾക്കുള്ള ഇരുചക്രവാഹന നിർമാണ ഹബ്വ് ആയാണു പുതിയ ശാലയെ വിഭാവന ചെയ്യുന്നതെന്നും ഹീറോ മോട്ടോ കോർപ് വ്യക്തമാക്കി.

പ്രധാന ശാലയ്ക്കു പുറമെ യന്ത്രഘടക നിർമാണ യൂണിറ്റുകൾക്കായി 1,600 കോടി രൂപയുടെ നിക്ഷേപവും ഹീറോ മോട്ടോ കോർപ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ചെറുകിട യൂണിറ്റുകളിൽ പ്രത്യക്ഷമായും പരോക്ഷമായും 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ. അനുബന്ധ വ്യവസായങ്ങൾക്കായി പ്രധാന ശാലയുടെ 25 — 35 കിലോമീറ്റർ ചുറ്റളവിൽ 200 ഏക്കർ ഭൂമി കൂടി അനുവദിക്കാമെന്നു സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. 400 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന അനുബന്ധസാമഗ്രി നിർമാണ കേന്ദ്രങ്ങൾ 2019 ഡിസംബറോടെ പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ. ഇതിനു പുറമെ ആദ്യഘട്ട നിർമാണം ആരംഭിക്കുമ്പോൾ സപ്ലൈ ചെയിൻ പങ്കാളികൾ മുഖേന 2,000 പേർക്കും ജോലി ലഭിക്കുമെന്നാണു കണക്ക്. ശാലയുടെ രണ്ടും മൂന്നും ഘട്ട വികസനം പൂർത്തിയാവുന്നതോടെ സപ്ലൈ ചെയിനിൽ തൊഴിലവസരം 6.500 ആയി ഉയരും.