ഹാലോൾ ശാലയെ കയറ്റുമതി കേന്ദ്രമാക്കുമെന്നു ഹീറോ

ഗുജറാത്തിലെ ഹാലോളിൽ സ്ഥാപിക്കുന്ന ഇരുചക്രവാഹന നിർമാണശാലയിലെ കയറ്റുമതി കേന്ദ്രമാക്കാൻ ഹീറോ മോട്ടോ കോർപിനു പദ്ധതി. 2020 ആകുമ്പോൾ പ്രതിവർഷം 1.20 കോടി യൂണിറ്റിന്റെ വിൽപ്പനയാണു കമ്പനി ലക്ഷ്യമിടുന്നത്; ഇതോടെ വിദേശ വിപണികളുടെ ആവശ്യം ഗുജറാത്ത് ശാലയിൽ നിന്നു നിറവേറ്റുകയാണു ലക്ഷ്യമെന്നു കമ്പനി ചെയർമാൻ പവൻ മുഞ്ജാൾ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ പശ്ചിമ മേഖലയിലെ വിപണികളിലേക്കുള്ള വാഹന വിതരണം കാര്യക്ഷമമാക്കാൻ ഹാലോൾ ശാലയ്ക്കാവും. ഇതോടൊപ്പം തുറമുഖങ്ങളുടെ സമീപത്തായതിനാൽ വിദേശ വിപണികളിലേക്കുള്ള വിതരണം വേഗത്തിലാക്കാനും ഈ ശാല വഴി കഴിയുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ.

ഹീറോ മോട്ടോ കോർപിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ ഇരുചക്രവാഹന നിർമാണശാലയാണ് 1,100 കോടി രൂപ ചെലവിൽ ഹാലോളിൽ ഉയരുന്നത്. സ്റ്റേറ്റ് സപ്പോർട്ട് കരാറിലെ വ്യവസ്ഥ പാലിച്ച് ശാലയ്ക്കായി 215 ഏക്കർ സ്ഥലം ഗുജറാത്ത് സർക്കാർ കമ്പനിക്കു കൈമാറിയിട്ടുണ്ട്. ഹാലോളിൽ ജനറൽ മോട്ടോഴ്സിനുള്ള കാർ നിർമാണശാലയിൽ നിന്ന് 20 കിലോമീറ്ററകലെയാണു ഹീറോ മോട്ടോ കോർപിന് സ്ഥലം ലഭിച്ചിരിക്കുന്നത്.

കൂടാതെ കൊളംബിയയിലെ കൗക സംസ്ഥാനത്തെ വില്ല റികയിലും ഹീറോ മോട്ടോ കോർപിന്റെ ശാല പ്രവർത്തനസജ്ജമാവുന്നുണ്ട്. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലെ വിൽപ്പന ലക്ഷ്യമിട്ടാണു കമ്പനി ഈ ശാല സഥാപിച്ചത്. ഇതിനു പുറമെ അയൽരാജ്യമായ ബംഗ്ലദേശിലും ഹീറോ സ്വന്തം ഇരുചക്രവാഹന നിർമാശാല സ്ഥാപിക്കുന്നുണ്ട്. അഞ്ചു വർഷത്തിനകം 50 രാജ്യങ്ങളിലേക്കു കയറ്റുമതി തുടങ്ങാനാണു ഹീറോയുടെ പദ്ധതി. 2014 — 15ൽ രണ്ടു ലക്ഷത്തോളം ഇരുചക്രവാഹനങ്ങളാണു കമ്പനി വിദേശ രാജ്യങ്ങളിൽ വിറ്റത്.

അതിനിടെ ഗ്രാമീണ മേഖലയിൽ നിന്നുള്ള ആവശ്യം ഇടിഞ്ഞതോടെ ആഭ്യന്തര വിപണിയിൽ ഹീറോ മോട്ടോ കോർപ് ശക്തമായ സമ്മർദം നേരിടുന്നുണ്ട്. നഗര പ്രദേശങ്ങളിലാവട്ടെ പഴയ പങ്കാളിയായ ഹോണ്ട യിൽ നിന്നും മറ്റുമുള്ള ഗീയർരഹിത സ്കൂട്ടറുകൾ ഹീറോ മോട്ടോ കോർപിനു കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. കഴിഞ്ഞ ഏപ്രിൽ — ജൂലൈ കാലത്തെ വിൽപ്പനയിൽ 20.60 ലക്ഷം ഇരുചക്രവാഹനങ്ങളാണു കമ്പനി വിറ്റത്; 2014ൽ ഇതേകാലത്തെ വിൽപ്പനയെ അപേക്ഷിച്ച് 5.90% കുറവാണിത്. അതേസമയം ഏപ്രിൽ — ജൂലൈ കാലത്തു രാജ്യത്തെ മൊത്തം ഇരുചക്രവാഹന വിൽപ്പനയാവട്ടെ മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 0.52% വർധനയോടെ 52.70 ലക്ഷം യൂണിറ്റായിരുന്നു.