നൈജീരിയയും അർജന്റീനയും പിടിക്കാൻ ഹീറോ

വിദേശ വിപണികളിൽ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഏതാനും മാസത്തിനകം നൈജീരിയയിൽ ഇരുചക്രവാഹന വിൽപ്പന തുടങ്ങുമെന്നു ഹീറോ മോട്ടോ കോർപ്. വർഷാവസാനത്തോടെ അർജന്റീനയിലും മെക്സിക്കോയിലും ഹീറോ മോട്ടോ കോർപിന്റെ ഇരുചക്രവാഹനങ്ങൾ വിൽപ്പനയ്ക്കെത്തുമെന്നു കമ്പനി അറിയിച്ചു.

നൈജീരിയയ്ക്കായി വിതരണക്കാരെ നിയമിക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണെന്നു ഹീറോ മോട്ടോ കോർപ് സീനിയർ വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫിസറുമാ രവി സൂദ് അറിയിച്ചു. നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ നൈജീരിയയിൽ വാഹനവിൽപ്പന തുടങ്ങാനാണു പദ്ധതി. പിന്നാലെ അർജന്റീനയിലേക്കും മെക്സിക്കോയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാവുമെന്നാണു പ്രതീക്ഷയെന്നും സൂദ് അറിയിച്ചു.

ആഫ്രിക്കയിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണി എന്നതാണു നൈജീരിയയുടെ സവിശേഷത; പ്രതിവർഷം 15 ലക്ഷം യൂണിറ്റാണ് രാജ്യത്തെ ഇരുചക്രവാഹന വിൽപ്പന. അർജന്റീനയിലും നൈജീരിയയിലുമാവട്ടെ വർഷം തോറും അഞ്ചു ലക്ഷം വീതം ഇരുചക്രവാഹനങ്ങൾ വിറ്റഴിയുന്നുണ്ട്.

അഞ്ചു വർഷത്തിനകം വിദേശ വിപണികളിൽ 12 ലക്ഷം യൂണിറ്റ് വിൽക്കാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി 2020ൽ 50 രാജ്യങ്ങളിൽ സാന്നിധ്യം ഉറപ്പാക്കണമെന്നും കമ്പനി കണക്കുകൂട്ടുന്നു. ഏഷ്യയിലും ആഫ്രിക്കയിലും മധ്യ — ദക്ഷിണ അമേരിക്കയിലുമായി 24 രാജ്യങ്ങളിലാണു നിലവിൽ ഹീറോ മോട്ടോ കോർപിന്റെ ഇരുചക്രവാഹനങ്ങൾ വിൽപ്പനയ്ക്കുള്ളത്.

കയറ്റുമതിക്കു പുറമെ ആഭ്യന്തരവിപണിയിൽ വിൽപ്പന മെച്ചപ്പെടുത്താനും കമ്പനി നടപടികൾ സ്വീകരിക്കുമെന്നു സൂദ് വ്യക്തമാക്കി. ധാരാളം പുതുമോഡലുകൾ അവതരിപ്പിച്ച് ഇന്ത്യൻ വിപണിയിലെ നായകസ്ഥാനം ഉറപ്പിച്ചു നിർത്താനാണു ഹീറോയുടെ പദ്ധതി. ഇതിന്റെ ഭാഗമായി ദീപാവലി — നവരാത്രി ആഘോഷത്തോടനുബന്ധിച്ചു രണ്ടു പുതിയ സ്കൂട്ടറുകൾ പുറത്തിറക്കുമെന്നും സൂദ് വെളിപ്പെടുത്തി.