ആഫ്രിക്കയ്ക്കായി ഹീറോയുടെ പുത്തൻ ‘ഡോൺ 125’

ആഫ്രിക്കൻ വിപണിക്കായി വികസിപ്പിച്ച പുതിയ 125 സി സി മോട്ടോർ സൈക്കിളായ ‘ഡോൺ’ ഹീറോ മോട്ടോ കോർപ് മിലാൻ മോട്ടോർ സൈക്കിൾ ഷോ(ഇ ഐ സി എം എ)യിൽ അനാവരണം ചെയ്തു. ആഫ്രിക്കൻ രാജ്യങ്ങളിലെ വിൽപ്പന ലക്ഷ്യമിട്ടു പ്രത്യേകം വികസിപ്പിച്ചു നിർമിച്ച ബൈക്കാണു ‘ഡോൺ 125’ എന്നു കമ്പനി വ്യക്തമാക്കി. ആഫ്രിക്കൻ വിപണികളിലെ വാണിജ്യ വിഭാഗത്തെയാണു പുതിയ ബൈക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹീറോ മോട്ടോ കോർപ് ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.

ദൃഢത, ഈട്, ഇന്ധനക്ഷമത തുടങ്ങി സാധാരണ വാഹന ഉടമകൾ ആഗ്രഹിക്കുന്ന മേന്മകൾക്കാണു ‘ഡോൺ 125’ മുൻഗണന നൽകുന്നതെന്നും കമ്പനി വിശദീകരിച്ചു.മെച്ചപ്പെട്ട കാഴ്ചയ്ക്കായി വൃത്താകൃതിയിലുള്ള വലിയ ഹെഡ്ലാംപ്, കൂടുതൽ കരുത്തിനായി ലോഹ നിർമിത മുൻ ഫെൻഡർ എന്നിവ ബൈക്കിലുണ്ട്. നീളമേറിയ സീറ്റ്, വീതിയേറിയ പിൻ കാരിയർ, നീളം കൂടുതലുള്ള ഫുട്റസ്റ്റ് എന്നിവയും ‘ഡോൺ 125’ വാഗ്ദാനം ചെയ്യുന്നു.

ബൈക്കിനു കരുത്തേകുന്നത് 125 സി സി, എയർ കൂൾഡ്, നാലു സ്ട്രോക്ക്, സിംഗിൾ ഓവർ ഹെഡ് കാം, സിംഗിൾ സിലിണ്ടർ എൻജിനാണ്. 7000 ആർ പി എമ്മിൽ ഒൻപതു ബി എച്ച് പി വരെ കരുത്തും 4000 ആർ പി എമ്മിൽ 10.35 എൻ എം വരെ കരുത്തും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. തുടക്കത്തിൽ ആഫ്രിക്കൻ മേഖലയിൽ കെനിയ, യുഗാണ്ട, എത്തിയോപ്പിയ, താൻസാനിയ, മൊസാംബിക് എന്നീ രാജ്യങ്ങളിലാണു ‘ഡോൺ 125’ വിൽപ്പനയ്ക്കെത്തുകയെന്നും ഹീറോ മോട്ടോ കോർപ് അറിയിച്ചു.