ഹീറോയിൽ നിന്നു നവീകരിച്ച ‘പാഷൻ പ്രോ’; വില 47,850 രൂപ

Hero PassionPRO

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് കമ്യൂട്ടർ ബൈക്കായ ‘പാഷൻ പ്രോ’യുടെ പുതിയ പതിപ്പ് പുറത്തിറക്കി. ഡൽഹി ഷോറൂമിൽ 47,850 രൂപയാണു ബൈക്കിന്റെ അടിസ്ഥാന മോഡലിനു വില.

മികച്ച രൂപകൽപ്പനയുടെയും കരുത്തിന്റെയും പിൻബലത്തോടെ എത്തുന്ന നവീകരിച്ച ‘പാഷൻ പ്രോ’യിൽ ഫ്ളഷ് ടൈപ് ഇന്ധന ടാങ്ക് കാപ്, മുൻ സൈഡ് കൗൾ, പുത്തൻ ടെയിൽ ലൈറ്റ്, ഡിജിറ്റൽ — അനലോഗ് കോംബോ മീറ്റർ തുടങ്ങിയവയും ഹീറോ മോട്ടോ കോർപ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനു പുറമെ ആവശ്യക്കാർക്ക് മുന്നിൽ 240 എം എം ഡിസ്ക് ബ്രേക്കും ഇലക്ട്രിക് സ്റ്റാർട്ട് സൗകര്യവും ലഭ്യമാണ്.

എട്ടു നിറങ്ങളിലാണു ബൈക്ക് ലഭ്യമാവുക: ബ്ലാക്ക് സ്പോർട്സ് റെഡ്, ബ്ലാക്ക് ഹെവി ഗ്രേ, ബ്ലാക്ക് ഫ്രോസ്റ്റ് ബ്ലൂ, സ്പോർട്സ് റെഡ്, ഫോഴ്സ് സിൽവർ, ബ്രോൺസ് യെലോ, മാറ്റ് ബ്രൗൺ, മജസ്റ്റിക് വൈറ്റ്.

അവതരണവേള മുതൽ തന്നെ രൂപകൽപ്പനയിലെ മികവാണു ‘പാഷൻ പ്രോ’യെ ശ്രദ്ധേയമാക്കിയതെന്നു ഹീറോ മോട്ടോ കോർപ് അവകാശപ്പെട്ടു. മാറുന്ന കാലത്തിനനുസൃതമായി കരുത്തേറിയ എൻജിനും ഉയർന്ന ഇന്ധക്ഷമതയും മെച്ചപ്പെട്ട രൂപകൽപ്പനയുമൊക്കെയായിട്ടാണു നവീകരിച്ച ‘പാഷൻ പ്രോ’യുടെ വരവെന്നും കമ്പനി വിശദീകരിച്ചു. ജനപ്രീതിയിൽ ഏറെ മുന്നിലുള്ള ബൈക്കിന്റെ വാർഷിക വിൽപ്പന 10 ലക്ഷം യൂണിറ്റിലേറെയാണെന്നും ഹീറോ മോട്ടോ കോർപ് വെളിപ്പെടുത്തി.

ഇതുവരെ ബൈക്കിലെ 97.2 സി സി, ഫോർ സ്ട്രോക്ക് എ സി ഡി വി എൻജിൻ 7.69 ബി എച്ച് പി കരുത്താണു സൃഷ്ടിച്ചിരുന്നത്; എന്നാൽ നവീകരിച്ച ‘പാഷൻ പ്രോ’യിലെ എൻജിന് 8000 ആർ പി എമ്മിൽ 8.24 ബി എച്ച് പി വരെയാണ കരുത്തെന്നു നിർമാതാക്കൾ വെളിപ്പെടുത്തി. അതേസമയം ഈ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി ടോർക്ക് 5000 ആർ പി എമ്മിലെ 8.05 എൻ എമ്മായി തുടരും.

നവീകരിച്ച ‘പാഷൻ പ്രോ’ വകഭേദങ്ങളുടെ ഡൽഹിയിലെ ഷോറൂം വില:

കിക് സ്റ്റാർട്ട് — സ്പോക് വീൽ — 47,850

കിസ് സ്റ്റാർട്ട് — അലോയ് വീൽ — 48,700

സെൽഫ് സ്റ്റാർട് — സ്പോക് വീൽ — 49,650

സെൽഫ് സ്റ്റാർട് — അലോയ് വീൽ — 50,600

സെൽഫ് സ്റ്റാർട് — സ്പോക് വീൽ — ഡിസ്ക് ബ്രേക്ക് — 52,500