അടുത്ത 9 മാസത്തിനിടെ 12 മോഡൽ അവതരിപ്പിക്കാൻ ഹീറോ

പഴയ പങ്കാളിയായ ഹോണ്ടയുമായുള്ള അങ്കം മുറുകിയതോടെ അടുത്ത ഒൻപതു മാസത്തിനിടെ പുതിയതും പരിഷ്കരിച്ച പതിപ്പുകളുമായി 12 മോഡലുകൾ അവതരിപ്പിക്കുമെന്നു ഹീറോ മോട്ടോ കോർപ്. മികച്ച വളർച്ച നേടി മുന്നേറുന്ന സ്കൂട്ടർ വിപണിയിൽ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യ്ക്കുള്ള ആധിപത്യം ചെറുക്കാൻ പുത്തൻ 125 സി സി സ്കൂട്ടറും ഹീറോ അവതരിപ്പിക്കുന്നുണ്ട്. കമ്പനിയുടെ ഉൽപന്നശ്രേണി പൊളിച്ചെഴുതാനും പരിഷ്കരിക്കാനുമുള്ള പദ്ധതികളാണ് ഹീറോ മോട്ടോ കോർപിന്റെ അണിയറയിൽ ഒരുങ്ങുന്നത്. മികച്ച മഴ ലഭിച്ചതും കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചതുമൊക്കെ ഇരുചക്രവാഹന വിപണിക്കു ഗുണകരമാവുമെന്നാണു വിലയിരുത്തൽ. ഈ അനുകൂല സാഹചര്യത്തിൽ പരമാവധി നേട്ടം കൊയ്യാനാണു ഹീറോ മോട്ടോ കോർപിന്റെ മോഹം.

തികഞ്ഞ ആക്രമണോത്സുകതയോടെ പുതിയ മോഡൽ അവതരണങ്ങൾ നടത്താനാണു കമ്പനിയുടെ നീക്കം. വർഷം പുരോഗമിക്കുന്നതിനൊത്ത് കമ്പനിയിൽ നിന്നു പുതിയ മോഡൽ അവതരണങ്ങളും പരിഷ്കരിച്ച പതിപ്പുകളുടെ വരവുമൊക്കെ തുടർച്ചയായി പ്രതീക്ഷിക്കാം. രണ്ടു വർഷത്തിനു ശേഷമാണു രാജ്യത്തു മികച്ച മഴ ലഭിക്കുന്നതെന്ന് ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ ഓർമിപ്പിച്ചു. നിലവിൽ വിൽപ്പന മെച്ചപ്പെട്ടെങ്കിലും മികച്ച മഴയുടെ ഗുണഫലം പൂർണമായി ലഭിക്കാൻ വർഷാവസാനം വരെ കാത്തിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമീണ മേഖലയുടെ സമ്പദ്വ്യവസ്ഥയിൽ മാന്ദ്യം നേരിട്ടത് മോട്ടോർ സൈക്കിൾ വിൽപ്പനയ്ക്കു കനത്ത തിരിച്ചടി സൃഷ്ടിച്ചിരുന്നു. മഴ തുണച്ചതോടെ കൃഷിയിൽ വൻ മുന്നേറ്റമുണ്ടാവുമെന്നും ഗ്രാമീണ വിപണി ശക്തമായി തിരിച്ചെത്തുമെന്നുമാണു മുഞ്ജാളിന്റെ പ്രതീക്ഷ.

വിപണിയിൽ നിന്നുള്ള ആവശ്യം ഇടിഞ്ഞതിനു പുറമെ ഹോണ്ട ശക്തമായി മുന്നേറുന്നതാണു ഹീറോയ്ക്കു കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ആറു മാസമായി  ഹോണ്ടയുടെ ഗീയർരഹിത സ്കൂട്ടറായ ‘ആക്ടീവ’യാണു രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേരിടുന്ന ഇരുചക്രവാഹനം. വർഷങ്ങളോളം ഹീറോയുടെ ‘സ്പ്ലെൻഡർ’ അടക്കിവാണിരുന്ന പദവിയാണിത്. അതിനാലാവാം സ്കൂട്ടറിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹീറോയും നിർബന്ധിതരാവുകയാണ്. ഹോണ്ടയ്ക്കു മറുപടിയായി ഹീറോ അടുത്തയിടെ രണ്ടു പുതിയ സ്കൂട്ടറുകൾ അവതരിപ്പിച്ചിരുന്നു. നിലവിൽ ‘മാസ്ട്രോ’, ‘പ്ലഷർ’, ‘ഡ്യുവറ്റ്’ എന്നീ സ്കൂട്ടറുകൾ വിൽക്കുന്ന ഹീറോ ഈ ശ്രേണി വിപുലീകരിക്കാനുള്ള തയാറെടുപ്പിലുമാണ്.
പടിപടിയായി സ്കൂട്ടർ വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കുമെന്നാണു മുഞ്ജാളിന്റെ നിലപാട്. നിലവിൽ ഈ വിഭാഗത്തിൽ കമ്പനിക്ക് 16.5% വിഹിതമുണ്ട്. അടുത്ത മാർച്ചോടെ ഈ വിഹിതം രണ്ടോ മൂന്നോ ശതമാനം വർധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.