പത്ത് ലക്ഷം ഇരുചക്രവാഹനം വിറ്റ് ഹീറോ

കഴിഞ്ഞ ഉത്സവകാലത്ത് 10 ലക്ഷത്തിലേറെ ഇരുചക്രവാഹനങ്ങൾ വിറ്റതായി ഹീറോ മോട്ടോ കോർപ്. നവരാത്രി ആഘോഷത്തോടെ ആരംഭിച്ച് ദീപാവലി വരെ നീണ്ട 35 ദിവസത്തിനിടെയാണ് ഇത്രയും വിൽപ്പന കൈവരിച്ചതെന്നും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ അറിയിച്ചു. മുൻവർഷത്തെ നവരാത്രി — ദീപാവലി ആഘോഷ വേളയിലെ വിൽപ്പനയെ അപേക്ഷിച്ച് 11% അധികമാണിതെന്നും കമ്പനി വെളിപ്പെടുത്തി.

പുതുതായി വിപണിയിലിറക്കിയ ഗീയർരഹിത സ്കൂട്ടറുകളായ ‘മാസ്ട്രോ എഡ്ജും’ ‘ഡ്യുവറ്റും’ ഉത്സവവേളയിൽ തകർപ്പൻ വിൽപ്പന നേടിയെന്നു ഹീറോ മോട്ടോ കോർപ് അവകാശപ്പെട്ടു. എൻട്രി ലവൽ ബൈക്കായ ‘സ്പ്ലെൻഡർ പ്രോ’യ്ക്കും ആവശ്യക്കാരേറെയായിരുന്നു. ഇതോടൊപ്പം ‘പാഷൻ പ്രോ’, ‘ഗ്ലാമർ’ ബൈക്കുകളും ‘പ്ലഷർ’ സ്കൂട്ടറും ഉത്സവാഘോഷവേളയിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചെന്നു ഹീറോ മോട്ടോ കോർപ് അവകാശപ്പെട്ടു.

ദീപാവലി ആഘോഷത്തിനു നാന്ദി കുറിക്കുന്ന ധൻ തേരസ് നാളിൽ 2.2 ലക്ഷം ഇരുചക്രവാഹനങ്ങൾ വിറ്റെന്നു ഹീറോ മോട്ടോ കോർപിന്റെ മുൻപങ്കാളിയായ ഹീറോയുടെ ഉപസ്ഥാപനമായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ വിപണിയിൽ കമ്പനി നേടുന്ന ഏറ്റവും ഉയർന്ന വിൽപ്പനയാണിതെന്നും എച്ച് എം എസ് ഐ വ്യക്തമാക്കി. ആവശ്യം കുത്തനെ ഉയർന്നതോടെ പല ഡീലർഷിപ്പുകളിലും ഉച്ചയോടെതന്നെ ‘ആക്ടീവ’ സ്കൂട്ടറുകളുടെയും ‘ലിവൊ’ ബൈക്കുകളുടെയും സ്റ്റോക്ക് പൂർണമായും വിറ്റു തീർന്നെന്നും എച്ച് എം എസ് ഐ അവകാശപ്പെട്ടിരുന്നു.

‘ആക്ടീവ’യ്ക്ക് ആവശ്യക്കാർ കുറവില്ലായിരുന്നെങ്കിലും ധൻ തേരസിൽ തിളങ്ങിയത് ഹോണ്ടയുടെ മോട്ടോർ സൈക്കിൾ ശ്രേണി തന്നെ; മൊത്തം വിൽപ്പനയുടെ 53 ശതമാനത്തോളമാണു ബൈക്കുകളുടെ വിഹിതം. നഗര, അർധ നഗര പ്രദേശങ്ങളിൽ 125 സി സി ബൈക്കായ ‘സി ബി ഷൈനി’നായിരുന്നു പ്രിയമേറെ; ‘ഡ്രീം’ ശ്രേണി തൊട്ടുപിന്നിലും. അടുത്തയിടെ വിപണിയിലെത്തിയ ‘ലിവൊ’യും തകർപ്പൻ പ്രകടനം കാഴ്ചവച്ചെന്നാണ് എച്ച് എം എസ് ഐയുടെ അവകാശവാദം. സ്കൂട്ടർ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ ധൻ തേരസ് നാളിനെ അപേക്ഷിച്ച് 50% ആയിരുന്നു വളർച്ച; പട നയിച്ചത് ‘ആക്ടീവ’ തന്നെ.