സ്കൂട്ടർ വിപണിയിൽ നില മെച്ചപ്പെടുത്താൻ ഹീറോ

‘ഡ്യുവറ്റ്’ പോലുള്ള പുതിയ അവതരണങ്ങളുടെ പിൻബലത്തിൽ സ്കൂട്ടർ വിപണിയിൽ മികച്ച നേട്ടം കൊയ്യാനാവുമെന്നു ഹീറോ മോട്ടോ കോർപിനു പ്രതീക്ഷ. നിലവിൽ സ്കൂട്ടർ വിപണിയിൽ 14% വിഹിതമുള്ളത് 20% ആയി വർധിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.കമ്പനിയുടെ 100 സി സി സ്കൂട്ടറായ ‘പ്ലഷറും’ 110 സി സി സ്കൂട്ടറായ ‘മാസ്ട്രോ’യും മികച്ച വിൽപ്പന കൈവരിക്കുന്നുണ്ടെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. ഇവയ്ക്കൊപ്പം ‘ഡ്യുവറ്റ്’ കൂടിയെത്തുന്നതോടെ അടുത്ത 12 മാസത്തിനകം വിപണി വിഹിതം 20 ശതമാനത്തിലെത്തിക്കാനാവുമെന്നാണു ഹീറോയുടെ പ്രതീക്ഷ.

Hero Duet

ഗീയർരഹിത സ്കൂട്ടറുകളോടു വിപണിക്കുള്ള പ്രിയം പരിഗണിച്ച് ഈ വിഭാഗത്തിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. ജയ്പൂരിൽ സ്ഥാപിക്കുന്ന ഹീറോ സെന്റർ ഓഫ് ഗ്ലോബൽ ഇന്നൊവേഷൻ ആൻഡ് ആർ ആൻഡ് ഡി അടുത്ത വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്നാണു കരുതുന്നത്. അതോടെ പുതിയ സ്കൂട്ടർ മോഡലുകളുടെ വികസനവും അവതരണവും വേഗത്തിലാക്കാനാവുമെന്ന് ഹീറോ കരുതുന്നു. പ്രതിവർഷം 13 ലക്ഷം സ്കൂട്ടറുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ടെങ്കിൽ നിലവിൽ ഹീറോ മോട്ടോ കോർപ് അതിന്റെ പകുതി മാത്രമാണു വിനിയോഗിക്കുന്നത്. പുത്തൻ മോഡലുകൾ എത്തുന്നതോടെ ഈ സ്ഥിതിയും മാറുമെന്നാണു സൂചന.

Hero maestro

ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതികവിദ്യയുടെ പിൻബലമുള്ള ‘ഡ്യുവറ്റ്’ കഴിഞ്ഞ മാസമാണു വിപണിയിലെത്തിയത്. സ്കൂട്ടറിനു കരുത്തേകുന്നത് 110 സി സി എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, എസ് ഒ എച്ച് സി എൻജിനാണ്. 8000 ആർ പി എമ്മിൽ പരമാവധി 8.31 ബി എച്ച് പി കരുത്തും 6500 ആർ പി എമ്മിൽ 8.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സീറ്റിനടിയിൽ മൊബൈൽ ചാർജിങ് പോർട്ട്, റിമോട്ട് സീറ്റ് ഓപ്പണിങ്, റിമോട്ട് ഫ്യുവൽ ലിഡ് ഓപ്പണിങ്, ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനം, ടെലിസ്കോപിക് ഫ്രണ്ട് സസ്പെൻഷൻ, ട്യൂബ്രഹിത ടയർ, ബൂട്ട് ലൈറ്റ്, ഡിജിറ്റൽ അനലോഗ് മീറ്റർ കൺസോൾ തുടങ്ങിവയാണു സ്കൂട്ടറിന്റെ സവിശേഷതകളായി ഹീറോ അവതരിപ്പിക്കുന്നത്. ഒപ്പം സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ത്രോട്ടിൽ പൊസിഷൻ സെൻസർ തുടങ്ങിയ സൗകര്യങ്ങളും സ്കൂട്ടറിലുണ്ട്.കാൻഡി ബ്ലേസിങ് റെഡ്, പേൾ സിൽവർ വൈറ്റ്, ഗ്രേസ് ഗ്രേ, മാറ്റ് നേച്ചർ ഗ്രീൻ, പാന്തർ ബ്ലാക്ക്, വെർണിയർ ഗ്രേ(നോൺ മെറ്റാലിക്) എന്നീ ആറു നിറങ്ങളിലാണു ‘ഡ്യുവറ്റ്’ ലഭിക്കുക. ലീറ്ററിന് 63.8 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.