സിനിമകളെ വെല്ലും കിടിലൻ കാർ ചെയ്സ്

എതിരെ വരുന്ന വാഹനങ്ങളെ വകവെയ്ക്കാതെ വേഗതയിൽ പായുന്ന വാൻ, തൊട്ടുപിറകെ പൊലീസിന്റെ നീണ്ട നിര. പൊലീസ് വാഹനത്തെ പിടിച്ചു എന്നു വിചാരിക്കുന്ന നിമിഷത്തിലെ വെട്ടിതിരിയലിലൂടെ രക്ഷപെടുന്നു, വീണ്ടും അതിവേഗ ചെയ്സ്. ഹോളിവുഡ് ചിത്രത്തിലേതാണ് ഈ സീൻ എന്നു കരുതിയാൽ തെറ്റി. ഈ മാസം ആദ്യം അമേരിക്കയിലെ ഫ്ലോറിഡയിൽ നടന്ന സംഭവമാണിത്. ഒന്നര മണിക്കൂർ നീണ്ട ചെയ്സിലെ വില്ലൻ 15 വയസുകാരൻ പയ്യനും.

ഫ്ലോറി‍ഡയിൽ നിന്ന് മോഷ്ടിച്ച 2013 ഷെവർലെ ടാഹോയിലാണ് ഈ പതിനഞ്ചുകാരൻ സിനിമയെ വെല്ലുന്ന കാർ ചെയ്സ് നടത്തിയത്. ട്രാഫിക് സിഗ്നലുകളോ എതിരെ വരുന്ന വാഹനങ്ങളൊ വകവെയ്ക്കാതെ അതിവേഗത്തിൽ വാഹനം ഒാടിച്ച പയ്യനെ തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും അതിവിദഗ്ദമായി രക്ഷപ്പെടുകയായിരുന്നു. ഏകദേശം ഒരു മണിക്കുറോളം നീണ്ട ചെയ്സിനൊടുവിലാണ് പൊലീസിന് വാഹനത്തെ തടഞ്ഞു നിർത്താനായത്. പൊലീസ്, വാഹനത്തിന്റെ ടയറിൽ വെടിവെച്ചെങ്കിലും റിം മാത്രമായി കീലോമീറ്ററുകളൊളം ടാഹോ ഓടി.

പതിനഞ്ചുകാരന്റെ അപകടകരമായ ഡ്രൈവിങ്ങിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കുകളില്ല. ഫ്ലോറിഡയിൽ നിന്ന് മിയാമി ഗാർഡൻവരെയെത്തിയ പയ്യനെ മിയാമി പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം മോഷ്ടിക്കൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പതിനഞ്ചുകാരനെതിരെ മിയാമി പോലീസ് കേസെടുത്തിട്ടുണ്ട്.