ആളാകാൻ ആളെക്കൊല്ലണോ?

വർദ്ധിച്ചു വരുന്ന ഇരുചക്ര വാഹനാപകടത്തിന് കടിഞ്ഞാണിടാനുള്ള വിധിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രഖ്യാപിച്ചത്. മോടി പിടിപ്പിച്ച മോട്ടോർ വാഹനങ്ങൾക്കും ചെത്തു ബൈക്കുകൾക്കും മേൽ ഹൈക്കോടതി പിടിമുറുകുന്നു. ഭേദഗതി ചെയ്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ്, മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കു സർക്കാർ നിർദേശം നൽകണമെന്നു കോടതി ഉത്തരവിട്ടു. സൈലൻസറും മഡ്ഗാർഡും സാരിഗാർഡും മാറ്റിയും നിലവാരമില്ലാത്ത ചെറിയ ഹാൻഡിൽ പിടിപ്പിച്ചും ബൈക്കുകൾക്കു ഗ്ലാമർ കൂട്ടുന്നത് അനുവദിച്ചുകൂടെന്നു ജസ്റ്റിസ് വി. ചിദംബരേഷ് വ്യക്തമാക്കി.

എന്തുകൊണ്ടാണ് യുവാക്കൾ ബൈക്കുകളില്‍ ഇത്തരത്തിലുള്ള മോഡിഫിക്കേഷനുകൾ വരുത്തുന്നത്. മറ്റുള്ളവർക്കു മുന്നിൽ വ്യത്യസ്തനാകാൻ ശ്രമിക്കുന്ന പ്രകടനപരതയാണു ബൈക്കുകളുടെ അമിത വേഗത്തിനു കാരണമെന്നു മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്. ക്ഷമയില്ലായ്മയാണ് അടുത്ത കാരണം. കുത്തിക്കയറി മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കി ബഹളം വച്ചു മുന്നോട്ടു പാഞ്ഞാലും ലാഭിക്കുന്നതു മൂന്നോ നാലോ മിനിറ്റുകൾ മാത്രമെന്നു പലരും ഓർക്കുന്നില്ല.

ഈ വേഗത്തിന്റെ കാരണം അന്വേഷിക്കുമ്പോൾ ചെറുപ്പകാലത്തെ വിഡിയോ ഗെയിമുകൾ മുതൽ പ്രതിപ്പട്ടികയിലെത്തും. കംപ്യൂട്ടർ ആനിമേറ്റഡ് റേസിങ് ഗെയിമുകളിൽ സ്പീഡിനാണു പോയിന്റ്. കുതിച്ചു പാഞ്ഞെത്തി അടുത്തവനെ ചവിട്ടിത്തെറിപ്പിച്ചാൽ വീണ്ടും പോയിന്റ് ലഭിക്കും. ഈ മാനസികാവസ്ഥ ബൈക്കുമായി റോഡിലിറങ്ങുമ്പോഴും കൈമോശം വരുന്നില്ല. ഒരു മിനിറ്റ് ഒന്നു ബ്രേക്ക് ചെയ്യേണ്ടി വന്നാൽ ലോകം ഇടിഞ്ഞു വീഴുമെന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്നതിൽ ഇത്തരം ഗെയിമുകൾ വഹിക്കുന്ന പങ്കു വലുതാണ്. മറ്റുള്ളവരെ അംഗീകരിക്കാനുള്ള മടിയാണ് അടുത്ത പ്രശ്നം. ഞാനാണു വലുതെന്ന ഭാവം കുറച്ചാൽത്തന്നെ റോഡ‍ിലെ പകുതി പ്രശ്നം കുറയും. നിങ്ങൾ ആരുമാകട്ടെ റോഡിൽ ഒരു ഡ്രൈവർ മാത്രമാണെന്ന ട്രാഫിക് ഓർമക്കുറിപ്പ് ഒരിക്കലെങ്കിലും വായിക്കുന്നതു നന്നായിരിക്കും.

കഴിഞ്ഞ വർഷം അപകടത്തിൽ പെട്ടത് 121 സൂപ്പർ‌ ബൈക്കുകൾ

ഒന്നു കൈകൊടുത്താൽ നൂറു കിലോമീറ്റർ വേഗത്തിലേക്കു കുതിച്ചു കയറുന്ന ബൈക്കുകൾ മോട്ടോ ജിപിയിലെ മാത്രം കാഴ്ചയല്ല. കൊച്ചി നഗരത്തിലെ തിരക്കേറിയ റോഡുകളിൽപ്പോലും ഈ കാഴ്ച കാണാം. ആ കുതിപ്പിൽ നിന്നു കണ്ണെടുത്ത് ഈ കണക്കു ശ്രദ്ധിക്കൂ... 250 സിസിയിലേറെ കരുത്തുള്ള 121 ഹൈസ്പീഡ് ബൈക്കുകൾ കഴിഞ്ഞ വർഷം അപകടത്തിൽപ്പെട്ടു. ബൈക്കിന്റെ പിന്നിലിരുന്നു സഞ്ചരിച്ചു തെറിച്ചു വീണു മരിച്ചവർമാത്രം 30. ഇതാണു നമ്മുടെ റോഡിലെ യഥാർഥ ചിത്രം. മറ്റുള്ളവരെപ്പോലും പേടിപ്പിച്ചു കുതിച്ചെത്തുന്ന സൂപ്പർ ബൈക്കുകൾ ഉണ്ടാക്കുന്ന അപകടങ്ങൾ കൊച്ചിയിൽ കൂടിക്കൊണ്ടിരിക്കുന്നു. അടുത്ത കാലത്തു സ്പോർട്സ് ബൈക്ക് ഓടിച്ചവരിൽ 80% പേർക്കും അപകടം സംഭവിച്ചതായി കണ്ടെത്തിയതു മോട്ടോർ വാഹന വകുപ്പാണ്.

ഒരു മാസത്തിനിടെ പിടിയിലായത് 300 ചെത്ത് ബൈക്ക്

ബൈക്കുകൾ ‘ചെത്ത്’ രൂപത്തിലാക്കി നിരത്തിലൂടെ പാഞ്ഞ മുന്നൂറോളം പേരാണ് ഒരു മാസത്തിനിടെ പിടിയിലായത്. ഓട്ടോമോട്ടീവ് റിസർച്ച് ഇന്ത്യയുടെ അംഗീകരത്തോടെ നിർമാതാക്കൾ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഒരു പാർട്സിൽ പോലും മാറ്റം വരുത്തരുതെന്നാണു നിയമം. ഇതൊക്കെ കാറ്റിൽപ്പറത്തി ബൈക്കുകൾ ഏതു രൂപത്തിലേക്കും മാറ്റി കൊടുക്കുന്ന വർക്ക്ഷോപ്പുകൾ നാടു നീളെയുണ്ട്. ഇവിടങ്ങളിലും പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

രക്ഷിതാക്കളുടെ സമ്മതത്തോടെയാണു കൗമാരക്കാരിൽ പലരും ബൈക്കുകൾ രൂപമാറ്റം വരുത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പല കേസുകളിലും രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണു രൂപമാറ്റം വരുത്തിയ ബൈക്കുകൾ ഉദ്യോഗസ്ഥർ വിട്ടു കൊടുക്കുന്നത്. ഇവ പൂർവ സ്ഥിതിയിലാക്കി ആർടി ഓഫിസിൽ ഹാജരാക്കാമെന്ന വ്യവസ്ഥയോടെയാണു വിട്ടു കൊടുക്കുന്നത്. റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യൽ, ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യൽ, പിഴ ഈടാക്കൽ തുടങ്ങിയ ശിക്ഷകൾ ലഭിക്കുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തുന്നത്. വിചാരണയ്ക്കു ശേഷമാണു ശിക്ഷാ നടപടി.

വണ്ടിയുടെ മോടികൂടുന്ന നിയമലംഘനങ്ങൾ

∙ മോട്ടോർ വാഹന നിയമത്തിലെ 52–ാം വകുപ്പനുസരിച്ച് ബൈക്ക് മോടിപിടിപ്പിക്കൽ നിരോധിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാൻ വരെ ആർടിഒയ്ക്കു സാധിക്കും. റജിസ്ട്രേഷൻ റദ്ദാക്കാൻ 53–ാം വകുപ്പിൽ വ്യവസ്ഥയുണ്ട്.

∙ വാഹനങ്ങളിൽ സൈലൻസർ ഭേദഗതി ചെയ്യുന്നതു മോട്ടോർ വാഹന നിയമത്തിലെ 120–ാം ചട്ടത്തിന്റെയും പരിധിയിൽ വരും. വാഹന എൻജിൻ പുറന്തള്ളുന്ന പുകയുടെ ശബ്ദം കുറയ്ക്കാൻ സൈലൻസർ ഫിറ്റ് ചെയ്യണമെന്നാണു 120 (ഒന്ന്) ചട്ടം. അനുവദനീയ ശബ്ദപരിധിയായ 90 ഡെസിബെൽ കടക്കരുതെന്ന പരിസ്ഥിതി സംരക്ഷണ വ്യവസ്ഥ ഉറപ്പാക്കണമെന്ന് 120 (രണ്ട്) ചട്ടത്തിൽ പറയുന്നു.

∙ ഇടിമുഴങ്ങുംപോലെ വാഹനം ശബ്ദമുണ്ടാക്കിയാൽ വായു, ശബ്ദമലിനീകരണ നിയന്ത്രണ നിയമം 190 (രണ്ട്) പ്രകാരം പിഴയടിക്കാം. പൊതുസ്ഥലത്ത് റോഡ് സുരക്ഷ മാനിക്കാതെ, ശബ്ദ–വായു മലിനീകരണ നിയന്ത്രണ നിലവാരം ലംഘിച്ചു വാഹനമോടിച്ചാൽ ആദ്യതവണ 1000 രൂപയും തുടർന്നങ്ങോട്ടു 2000 രൂപയും പിഴ ഈടാക്കും.