ഹിറ്റാച്ചി ബാറ്ററികൾ ഇന്ത്യയിലും വിൽപ്പനയ്ക്ക്

ജാപ്പനീസ് മൾട്ടിനാഷനലായ ഹിറ്റാച്ചി ലിമിറ്റഡിന്റെ ഗ്രൂപ്പ് കമ്പനിയായ ഹിറ്റാച്ചി കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ വാഹന ബാറ്ററികൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. അഹമ്മദബാദ് ആസ്ഥാനമായ അൽഫ് ടെക്നോളജീസുമായി സഹകരിച്ചാണു ഹിറ്റാച്ചിയുടെ വാണിജ്യ വാഹന ബാറ്ററികൾ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 250 കോടി രൂപ വിറ്റുവരവും ഇന്ത്യൻ ഓട്ടമോട്ടീവ് ബാറ്ററി വിപണിയിൽ 10% വിഹിതവുമാണു ഹിറ്റാച്ചി ലക്ഷ്യമിടുന്നത്. ഹിറ്റാച്ചിക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാവുന്നതിലും വലിയ ബാറ്ററി വിപണിയാണ് ഇന്ത്യയിലേതെന്നു സിംഗപ്പൂരിലെ ഹിറ്റാച്ചി കെമിക്കൽ ഏഷ്യ പസഫിക് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ജാക്കി ചുവാ അഭിപ്രായപ്പെട്ടു. അതിനാലാണ് വാഹനങ്ങൾക്കുള്ള ബാറ്ററി വിപണനത്തിലും വിതരണത്തിലും രാജ്യവ്യാപക സാന്നിധ്യമുള്ള അൽഫ് ടെക്നോളജീസുമായുള്ള തന്ത്രപരമായ സഖ്യത്തിൽ കമ്പനി ഈ വിപണിയിൽ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചത്.

അകിയൊ എന്ന വ്യാപാര നാമത്തിലാണ് അൽഫ് ടെക്നോളജീസ് നിലവിൽ ഇന്ത്യൻ വിപണിയിൽ വാഹനങ്ങൾക്കുള്ള ലെഡ് — ആസിഡ് ബാറ്ററികൾ വിൽക്കുന്നത്. ഇതേ വിപണന ശൃംഖല വഴി ഹിറ്റാച്ചിയുടെ ബാറ്ററികളും വിൽക്കാനാണു കമ്പനിയുടെ പദ്ധതി. തുടക്കത്തിൽ ഇന്ത്യയിലെ റീപ്ലേസ്മെന്റ് വിപണിയാണു ഹിറ്റാച്ചി ലക്ഷ്യമിടുന്നത്. പ്രതിവർഷം 1.8 കോടി ഓട്ടമോട്ടീവ് ബാറ്ററികളും മൂന്നു കോടിയോളം ഇരുചക്രവാഹന ബാറ്ററികളുമാണ് റീപ്ലേസ്മെന്റ് വിഭാഗത്തിലെ വിൽപ്പന. 2015 — 16ൽ ഈ വിഭാഗത്തിൽ 10 ശതമാനത്തോളം വളർച്ചയും രേഖപ്പെടുത്തിയിരുന്നു. നിലവിൽ ഇന്ത്യൻ ബാറ്ററി വിപണിയുടെ 85 ശതമാനത്തോളം എക്സൈഡിന്റെയും ‘ആമറോൺ’ ബ്രാൻഡ് ഉടമകളായ അമര രാജയുടെയും നിയന്ത്രണത്തിലാണ്. ഇന്ത്യയിൽ അടുത്ത മൂന്നു മുതൽ അഞ്ചു വരെ വർഷത്തിനിടെ 10% വിപണി വിഹിതമാണ് ഹിറ്റാച്ചി ലക്ഷ്യമിടുന്നതെന്നു ചുവാ വ്യക്തമാക്കി.

തായ്ലൻഡിൽ നിർമിച്ച ബാറ്ററികളാവും ഹിറ്റാച്ചി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുക. പ്രതിവർഷം 14 ലക്ഷം യൂണിറ്റാണു തായ്‌ലൻഡ് ശാലയുടെ ഉൽപ്പാദനശേഷി. 2018 ആകുമ്പോഴേക്ക് ഈ ശാലയുടെ ശേഷി 19 ലക്ഷം യൂണിറ്റായി ഉയർത്താൻ ഹിറ്റാച്ചി തീരുമാനിച്ചിട്ടുണ്ട്. നിസ്സാൻ, മിറ്റ്സുബിഷി, ടൊയോട്ട തുടങ്ങിയ നിർമാതാക്കൾക്ക് ഹിറ്റാച്ചി ഈ ശാലയിൽ ബാറ്ററി നിർമിച്ചു നൽകുന്നുണ്ട്. ഇന്ത്യയ്ക്കു പുറമെ മ്യാൻമർ, മലേഷ്യ, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഹിറ്റാച്ചി തായ്‌ലൻഡിൽ നിർമിച്ച ബാറ്ററി വിൽക്കുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ പുതിയ ബാറ്ററി നിർമാണശാല സ്ഥാപിക്കാൻ പദ്ധതിയില്ലെന്നും ചുവാ വ്യക്തമാക്കി. തായ്‌ലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ നിലവിലുള്ളതിനാൽ ബാറ്ററി ഇറക്കുമതി അധിക ബാധ്യത സൃഷ്ടിക്കില്ലെന്ന് അൽഫ് ടെക്നോളജീസ് ഡയറക്ടർ പാർഥ് ജയിൻ വെളിപ്പെടുത്തി. നിലവിൽ ബാറ്ററിക്കുള്ള ഇറക്കുമതി ചുങ്കം 22 — 25% നിലവാരത്തിലാണ്. അതിനാൽ മത്സരക്ഷമമായ വിലകളിൽ തായ് നിർമിത ബാറ്ററികൾ ഇന്ത്യയിൽ വിൽക്കാനാവുമെന്നു ജയിൻ വിശദീകരിച്ചു.