11 സംസ്ഥാനങ്ങളിൽ എച്ച് എം എസ് ഐ മുന്നിൽ

രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഇരുചക്രവാഹന വിൽപ്പനയിൽ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യ്ക്ക് ഒന്നാം സ്ഥാനം. ഇന്ത്യയിലെ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം) പുറത്തുവിട്ട 2016—17ന്റെ ആദ്യപാദത്തിലെ വിൽപ്പന കണക്കുകളിലാണു ജാപ്പനീസ് നിർമാതാക്കൾ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ രാജ്യത്തെ ഇരുചക്രവാഹന വിൽപ്പനയിൽ 33% ആണ് ഈ മേഖലയുടെ സംഭാവന. മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, കേരളം, പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ്, ഗോവ, മണിപ്പൂർ, നാഗാലൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണു ഹോണ്ടയ്ക്കൊപ്പമുള്ളത്. ചണ്ഡീഗഢ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഹോണ്ടയ്ക്കു തന്നെ മേധാവിത്തം.

ദേശീയതലത്തിൽ 27% ആണ് എച്ച് എം എസ് ഐയുടെ വിപണി വിഹിതം; എന്നാൽ ചണ്ഡീഗഢിലും ഗോവയിലും മണിപ്പൂരിലും ഹോണ്ടയ്ക്ക് വിപണിയുടെ പകുതിയിലേറെ സ്വന്തമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, അരുണാചൽ പ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ വിപണികളിൽ എച്ച് എം എസ് ഐയുടെ വിപണി വിഹിതം 40 ശതമാനത്തിലേറെയാണ്. പഞ്ചാബ്, കർണാടക, കേരളം, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ, നാഗാലൻഡ് സംസ്ഥാനങ്ങളിൽ 30 ശതമാനത്തിലേറെ വിപണി വിഹിതവും കമ്പനി അവകാശപ്പെടുന്നു. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇരുചക്രവാഹന വിൽപ്പന 22% വളർന്നപ്പോൾ എച്ച് എം എസ് ഐ അതിലും 50% കൂടി വേഗത്തിൽ വളർന്നെന്ന് കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കീത്ത മുരമാറ്റ്സു വിശദീകരിച്ചു.

രാജ്യത്തെ 11 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഏറ്റവും ജനപ്രീതിയുള്ള ഇരുചക്രവാഹന ബ്രാൻഡുമാണു ഹോണ്ട. ഒന്നര പതിറ്റാണ്ട് മുമ്പു നിരത്തിലെത്തിയ ‘ആക്ടീവ’യാണു രാജ്യത്തു സ്കൂട്ടർ വിപ്ലവം സൃഷ്ടിച്ചത്; ഇപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇരുചക്രവാഹനമാണ് ‘ആക്ടീവ’യെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പോരെങ്കിൽ പരമ്പരാഗതമായി മോട്ടോർ സൈക്കിളുകൾ തിരഞ്ഞെടുത്തിരുന്ന സംസ്ഥാനങ്ങളും ഇപ്പോൾ സ്കൂട്ടറുകൾക്കു പിന്നാലെയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.