ഇക്കൊല്ലം 4 മോഡൽ കൂടി പുറത്തിറക്കുമെന്ന് എച്ച് എം എസ് ഐ

ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ട് വർഷാവസാനത്തിനു മുമ്പേ നാലു പുതിയ ഇരുചക്രവാഹനങ്ങൾ പുറത്തിറക്കാൻ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ഒരുങ്ങുന്നു. ഇവയിലൊന്നു വിപണിയെ അത്ഭുതപ്പെടുത്താൻ പോന്ന മോഡലാവുമെന്നും എച്ച് എം എസ് ഐ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അവകാശപ്പെട്ടു. ഇന്ത്യൻ സ്കൂട്ടർ വിഭാഗത്തിൽ അനിഷേധ്യ മേധാവിത്തമുള്ള എച്ച് എം എസ് ഐ അടുത്തയിടെയാണു 110 സി സി ബൈക്കായ ‘ലിവൊ’, ഫ്ളാഗ്ഷിഫ് മോഡലായ ‘സി ബി ആർ 650’ എന്നിവ അവതരിപ്പിച്ചത്.

വരുന്ന ഉത്സവകാലത്തു ഗ്രാമീണ മേഖലകളിൽ മോട്ടോർ സൈക്കിളുകൾക്ക് ആവശ്യക്കാരേറുമെന്നു ഗുലേറിയ പ്രതീക്ഷ പ്രകടിപ്പിച്ചു. ഉത്സവകാല വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് നാലോ അഞ്ചോ ശതമാനം വർധന കൈവരിക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ.

കയറ്റുമതി വിഭാഗത്തിൽ ശ്രീലങ്കയടക്കമുള്ള രാജ്യങ്ങളിൽ നിന്നു മികച്ച പ്രതികരണമാണ് എച്ച് എം എസ് ഐയ്ക്കു ലഭിക്കുന്നതെന്നു ഗുലേറിയ വെളിപ്പെടുത്തി. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും പ്രതിപത്തി കാട്ടുന്നുണ്ടെങ്കിലും ശ്രീലങ്കയിലേക്കുള്ള കയറ്റുമതിയിലാണു ഗണ്യമായ വളർച്ച രേഖപ്പെടുത്തുന്നത്. ഭാവിയിൽ മറ്റു വിദേശ വിപണികളിലേക്കുള്ള കയറ്റുമതി സാധ്യതയും എച്ച് എം എസ് ഐ പരിശോധിക്കുമെന്നു പറഞ്ഞ ഗുലേറിയ പക്ഷേ ഈ രാജ്യങ്ങൾ ഏതൊക്കെയെന്നു വെളിപ്പെടുത്താൻ സന്നദ്ധനായില്ല.