‘ആക്ടീവ’യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് കുറയും

നടപ്പു സാമ്പത്തിക വർഷത്തെ വിൽപ്പനയിൽ 20% വളർച്ച ലക്ഷ്യമിട്ട് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). ഗുജറാത്തിലെ പുതിയ ശാലയിലെ രണ്ടാമത്തെ അസംബ്ലി ലൈൻ പ്രവർത്തനക്ഷമമാവുന്നതോടെ ‘ആക്ടീവ’ സ്കൂട്ടറിനുള്ള കാത്തിരിപ്പ് കുറയ്ക്കാനാവുമെന്നും കമ്പനി കരുതുന്നു. ഇക്കൊല്ലത്തെ വിൽപ്പനയിൽ 20% വർധന നേടാനാവുമെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. ജൂണിനകം ഗുജറാത്തിലെ പ്ലാന്റിൽ ആറു ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദനശേഷിയുള്ള രണ്ടാം അസംബ്ലി ലൈൻ പ്രവർത്തനക്ഷമമാക്കാനാവുമെന്നാണു കരുതുന്നത്. ഇതോടെ ‘ആക്ടീവ’ ലഭിക്കാൻ ആറു മാസത്തോളം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാകുമെന്നും ഗുലേറിയ വെളിപ്പെടുത്തി. മാത്രമല്ല, ദീപാവലിയാകുന്നതോടെ കാത്തിരിപ്പില്ലാതെ ‘ആക്ടീവ’ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയ സാമ്പത്തിക വർഷത്തിന് ഉജ്വല തുടക്കമാണ് എച്ച് എം എസ് ഐ കുറിച്ചത്. ഏപ്രിലിൽ 4,31,011 യൂണിറ്റായിരുന്നു കമ്പനിയുടെ വിൽപ്പന; 2015 ഏപ്രിലിനെ അപേക്ഷിച്ച് 26.51% അധികമാണിത്. എതിരാളികളായ ഹീറോ മോട്ടോ കോർപിന്റെ വിൽപ്പനയാവട്ടെ മുൻവർഷം ഇതേകാലത്തെ അപേക്ഷിച്ച് 15% വർധനയോടെ 6,12,739 യൂണിറ്റായി. മൂന്നാം സ്ഥാനത്തുള്ള ബജാജ് ഓട്ടോയുടെ വിൽപ്പനയാവട്ടെ രണ്ടു ശതമാനത്തോളം ഇടിവോടെ 3,30,109 യൂണിറ്റായിരുന്നു. കമ്പനി ചരിത്രത്തിലാദ്യമായി 2016 — 17ലെ വാഹന വിൽപ്പന 50 ലക്ഷം യൂണിറ്റ് പിന്നിടുമെന്നും ഗുലേറിയ കരുതുന്നു. ഗുജറാത്തിലെ വിത്തൽപൂരിൽ പ്രവർത്തനം ആരംഭിച്ച പുതിയ ശാലയാണ് എച്ച് എം എസ് ഐയ്ക്കു മോഹങ്ങൾക്കു കരുത്തേകുന്നത്; പ്രതിവർഷം 12 ലക്ഷം സ്കൂട്ടറുകളാണ് ശാലയുടെ ഉൽപ്പാദനശേഷി. ഈ ശാലയിലെ രണ്ടാം അസംബ്ലി ലൈൻ കൂടി പ്രവർത്തനക്ഷമമാവുന്നതോടെ ഹോണ്ടയുടെ ഇന്ത്യയിലെ മൊത്തം ഉൽപ്പാദനശേഷി 58 ലക്ഷം യൂണിറ്റായി ഉയരും. നിലവിൽ മനേസാർ(ഹരിയാന), തപുകര(രാജസ്ഥാൻ), നരസാപുര(കർണാടക) ശാലകളിലായി പ്രതിവർഷം 46 ലക്ഷം ഇരുചക്രവാഹനങ്ങളാണു കമ്പനി ഉൽപ്പാദിപ്പിക്കുന്നത്.

മുമ്പ് നിശ്ചയിച്ചതിലും ഒരു മാസം മുമ്പു ഫെബ്രുവരിയിൽ തന്നെ ഗുജറാത്ത് ശാലയുടെ പ്രവർത്തനം തുടങ്ങാൻ എച്ച് എം എസ് ഐയ്ക്കു കഴിഞ്ഞിരുന്നു. ഇതോടെയാണ് ജൂണിനുള്ളിൽ രണ്ടാമത്തെ അസംബ്ലി ലൈനും പ്രവർത്തനക്ഷമമാക്കാൻ കമ്പനി ശ്രമം ആരംഭിച്ചത്.
അഹമ്മദബാദിനടുത്ത് വിത്തൽപൂരിൽ 1,100 കോടി രൂപ ചെലവിലാണു ഹോണ്ട പുതിയ നിർമാണശാല സ്ഥാപിച്ചത്. രാജ്യത്തെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്കൂട്ടർ നിർമാണശാലയാണു വിത്തൽപൂരിലേതെന്നാണ് എച്ച് എം എസ് ഐയുടെ അവകാശവാദം. ഇതുവരെ 7,800 കോടി രൂപ ഇന്ത്യയിൽ നിക്ഷേപിച്ച ഹോണ്ട, 20,000 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ഗുജറാത്തിൽ മാത്രം 3,000 പേർക്കാണ് എച്ച് എം എസ് ഐ ജോലി നൽകിയത്.