വിൽപ്പനയിൽ പുതു ചരിത്രം രചിച്ച് ഹോണ്ട ‘ആക്ടീവ’

ഗീയർരഹിത സ്കൂട്ടറായ ‘ആക്ടീവ’യിലേറി ഇന്ത്യൻ ഇരുചക്രവാഹന വ്യവസായ മേഖലയിൽ പുത്തൻ ഉയരങ്ങൾ കീഴടക്കി മുന്നേറുകയാണ് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). കഴിഞ്ഞ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ചു മാസത്തിനിടെ 10 ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പന കൈവരിച്ചാണ് ‘ആക്ടീവ’ ഇപ്പോൾ പുതുചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ചു മാസക്കാലത്ത് രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇരുചക്രവാഹനമായും ‘ആക്ടീവ’ മാറിയെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ വെളിപ്പെടുത്തുന്നു. മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 20% വളർച്ചയോടെ 10,01,350 ‘ആക്ടീവ’യാണു കഴിഞ്ഞ അഞ്ചു മാസത്തിനിടെ കമ്പനി വിറ്റതെന്നും അദ്ദേഹം അറിയിച്ചു. ഇരുചക്രവാഹന വ്യവസായം മൊത്തത്തിൽ കൈവരിച്ച വളർച്ചയുടെ 20 ഇരട്ടിയായിരുന്നു ‘ആക്ടീവ’ വിൽപ്പനയിലെ കുതിപ്പെന്നും അദ്ദേഹം അവകാശപ്പെട്ടു.

വരുന്ന നവരാത്രി — ദീപാവലി ഉത്സവകാലത്തിനു മുന്നോടിയായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത് വലിയ ആവേശം പകരുന്നുണ്ടെന്നു കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ കീത്ത മുരമാറ്റ്സു അഭിപ്രായപ്പെട്ടു. രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇരുചക്രവാഹനമെന്ന സ്ഥാനം തുടർച്ചയായ മൂന്നു മാസം നിലനിർത്താൻ ‘ആക്ടീവ’യ്ക്കായി. 2001ൽ ഇന്ത്യയിലെ സ്കൂട്ടർ വിപണിയെ പുനഃസൃഷ്ടിച്ചതു മുതൽ തകർപ്പൻ മുന്നേറ്റമാണ് ‘ആക്ടീവ’ കൈവരിച്ചതെന്നും അദ്ദേഹം വിലയിരുത്തി.

ഇരുചക്രവാഹന വിപണിക്കു മൊത്തത്തിൽ തിരിച്ചടി നേരിട്ട നാളുകളാണു കടന്നു പോയത്; രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിനു പോലും വിൽപ്പനയിൽ ഗണ്യമായ ഇടിവു നേരിട്ടു. ലഭിച്ച മഴയിലെ കുറവും കാർഷികോൽപന്നങ്ങൾക്കു നേരിട്ട വിലത്തകർച്ചയും മൂലം ഗ്രാമീണ വിപണികളിൽ അനുഭവപ്പെട്ട മാന്ദ്യമാണ് ഇരുചക്രവാഹന നിർമാതാക്കളെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ ഈ തിരിച്ചടികളെ അതിജീവിച്ചും മികച്ച വിൽപ്പന കൈവരിക്കാൻ ‘ആക്ടീവ’യ്ക്കു കഴിഞ്ഞെന്നാണു കണക്കുകൾ തെളിയിക്കുന്നത്. കേരളത്തിൽ ഓണക്കാലത്ത് മികച്ച വിൽപ്പന നേടാനായതും ‘ആക്ടീവ’യെ ഉയരങ്ങളിലെത്താൻ സഹായിച്ചെന്നു ഗുലേറിയ കരുതുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 35 — 40% അധികമായിരുന്നു ഈ ഓണക്കാലത്തെ വിൽപ്പന. പോരെങ്കിൽ വിലക്കിഴിവോ ആനുകൂല്യങ്ങളോ സമ്മാനങ്ങളോ അനുവദിക്കാതെയാണ് ‘ആക്ടീവ’ ഈ ഉജ്വല മുന്നേറ്റം കൈവരിച്ചതെന്നും ഗുലേറിയ വിശദീകരിച്ചു. ചില പ്രത്യേക വായ്പാ പദ്ധതികളുടെ പിൻബലം മാത്രമാണ് ‘ആക്ടീവ’യ്ക്ക് അവകാശപ്പെടാനുള്ളത്.

ബൈക്കുകളുടെ കടന്നാക്രമണം രൂക്ഷമായതോടെ സ്കൂട്ടറുകൾക്കു വിപണന സാധ്യതയില്ലെന്നു വിലയിരുത്തി ബജാജ് ഓട്ടോ ലിമിറ്റഡ് വിപണിയോടു വിട ചൊല്ലിയ അവസരത്തിലായിരുന്നു 2001ൽ ‘ആക്ടീവ’യുമായി എച്ച് എം എസ് ഐയുടെ രംഗപ്രവേശം. പതിറ്റാണ്ടിനിപ്പുറത്ത് ഇന്ത്യൻ ഇരുചക്രവാഹന വിപണിയുടെ മൂന്നിലൊന്ന് സ്കൂട്ടറുകൾക്കു സ്വന്തമാണ്. ഹോണ്ടയുടെ മൊത്തം വിൽപ്പനയിൽ 59 ശതമാനവും സ്കൂട്ടറുകളുടെ സംഭാവനയാണ്; ഇതിൽ തന്നെ 51 ശതമാനവും ‘ആക്ടീവ’യുടെ വിഹിതവും. മൊത്തം ഇരുചക്രവാഹന വിപണിയിലാവട്ടെ 27% ആണു ഹോണ്ടയുടെ വിഹിതം.