ചൈനയിൽ മൂന്നാം പ്ലാന്റ് സ്ഥാപിക്കാൻ ഡോങ്ഫെങ് ഹോണ്ട

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ ചൈനീസ് സംയുക്ത സംരംഭമായ ഡോങ്ഫെങ് ഹോണ്ട ഓട്ടമൊബീൽ രാജ്യത്തു മൂന്നാമത്തെ സംയുക്ത സംരംഭം സ്ഥാപിക്കാൻ ഒരുങ്ങുന്നു. മികച്ച വളർച്ച കൈവരിച്ചു മുന്നേറുന്ന ചൈനീസ് വാഹന വിപണിയിൽ വിൽപ്പന വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണു ഹോണ്ടയുടെ ഈ നടപടി. കമ്പനിയുടെ ആദ്യ ശാല സ്ഥിതി ചെയ്യുന്ന വുഹാൻ ഇക്കണോമിക് ആൻഡ് ടെക്നോളജിക്കൽ ഡവലപ്മെന്റ് ഡിസ്ട്രിക്ടിൽ നിന്ന് എട്ടു കിലോമീറ്ററോളം തെക്കു കിഴക്കായി 12 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലമാണു ഡോങ്ഫെങ് ഹോണ്ട പുതിയ പ്ലാന്റിനായി കണ്ടെത്തിയിരിക്കുന്നത്.

2019ന്റെ ആദ്യ പകുതിയിൽ പ്രവർത്തനസജ്ജമാവുമെന്നു കരുതുന്ന ശാലയ്ക്ക് 30 ലക്ഷത്തോളം റെൺമിൻബി(ഏകദേശം 2,940 കോടി രൂപ)യാണു നിർമാണ ചെലവ് കണക്കാക്കുന്നത്. പ്രതിവർഷം 1.20 ലക്ഷം യൂണിറ്റാണു പുതിയ ശാലയുടെ സ്ഥാപിത ഉൽപ്പാദന ശേഷി. പോരെങ്കിൽ വരുംവർഷങ്ങളിലെ വിപണന സാധ്യത മുൻനിർത്തി വൈദ്യുത വാഹനങ്ങൾ കൂടി ഉൽപ്പാദിപ്പിക്കാൻ കഴിയുംവിധമാവും പുതിയ ശാലയുടെ രൂപകൽപ്പന. മികച്ച വിൽപ്പനയാണു ഹോണ്ട ചൈനയിൽ നേടുന്നതെന്നു ഹോണ്ട മോട്ടോർ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും റപ്രസന്റേറ്റീവ് ഡയറക്ടറുമായ തകഹിരൊ ഹചിഗൊ വെളിപ്പെടുത്തി.

2016ൽ ചൈനയിൽ 12 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണു കമ്പനി പ്രതീക്ഷിക്കുന്നത്; പോരെങ്കിൽ കൂടുതൽ വിൽപ്പന വളർച്ചയ്ക്കുള്ള സാധ്യതയും ചൈനയിലുണ്ടെന്നാണു ഹോണ്ടയുടെ വിലയിരുത്തൽ.പുതിയ ശാല കൂടി പ്രവർത്തനക്ഷമമാവുന്നതോടെ ഡോങ്ഫെങ് ഹോണ്ടയുടെ മൊത്തം വാർഷിക ഉൽപ്പാദനശേഷി ആറു ലക്ഷം യൂണിറ്റായി ഉയരും. മറ്റൊരു സംയുക്ത സംരംഭമായ ഗ്വാങ്ക്വയ് ഹോണ്ടയിൽ നിന്നുള്ള ആറു ലക്ഷം യൂണിറ്റും കയറ്റുമതി മാത്രം ലക്ഷ്യമിട്ടു സ്ഥാപിച്ച ഹോണ്ട ഓട്ടമോബീലി(ചൈന)ൽ നിന്നുള്ള അരലക്ഷം യൂണിറ്റും കൂടിയാവുന്നതോടെ ചൈനയിൽ ഹോണ്ടയുടെ വാർഷിക ഉൽപ്പാദന ശേഷി 12.5 ലക്ഷം യൂണിറ്റിലെത്തും.