വാഹന വിൽപ്പന: മഹീന്ദ്രയെ പിന്തള്ളി ഹോണ്ട മൂന്നാമത്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യെ പിന്തള്ളി ഇന്ത്യയിലെ കാർ വിൽപ്പനയിൽ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് മൂന്നാം സ്ഥാനം സ്വന്തമാക്കി. സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ടു മാസം കൊണ്ടു തന്നെ മഹീന്ദ്രയെ പിന്തള്ളിയ ഹോണ്ട, ജൂലൈയിലെ വിൽപ്പനയിലും മൂന്നാംസ്ഥാനം നിലനിർത്തുന്നതിൽ വിജയിച്ചു. പുതിയ അവതരണങ്ങളായ ‘മൊബിലിയൊ’യുടെയും ‘ജാസി’ന്റെയും പിൻബലത്തിലാണു ഹോണ്ടയുടെ മുന്നേറ്റം.

ഏപ്രിലിലും മേയിലും മഹീന്ദ്ര 18,000 യൂണിറ്റിലേറെ വിറ്റിരുന്നു; ഏപ്രിലിൽ 18,314, മേയിൽ 18,135. ‘ജാസി’ന്റെ ഉൽപ്പാദനത്തിനായി ഒരുക്കം നടന്നിരുന്ന ഇതേ കാലയളവിൽ ഹോണ്ടയുടെ വിൽപ്പന ഏപ്രിലിൽ 12,636 യൂണിറ്റും മേയിൽ 13,431 യൂണിറ്റുമായിരുന്നു. ഉൽപ്പാദനശേഷി ഉയരുകയും ‘ജാസി’ന്റെ സംഭാവന കൂടി ചേരുകയും ചെയ്തതോടെ ജൂണിലെ വാഹന വിൽപ്പനയിൽ ഹോണ്ട, മഹീന്ദ്രയ്ക്കു മുന്നിലെത്തി. ജൂണിൽ മഹീന്ദ്ര 15,880 വാഹനം വിറ്റപ്പോൾ ഹോണ്ടയുടെ വിൽപ്പന 18,380 ആയി ഉയർന്നു. ജൂലൈയിലാവട്ടെ 18,606 യൂണിറ്റിന്റെ വിൽപ്പനയോടെയാണു ഹോണ്ട മൂന്നാം സ്ഥാനം നിലനിർത്തിയത്; മഹീന്ദ്രയുടെ വിൽപ്പന 14,456 യൂണിറ്റിലൊതുങ്ങി.

പ്രതിമാസ വിൽപ്പനയുടെ അടിസ്ഥാനത്തിൽ സ്ഥാനം നഷ്ടമായെങ്കിലും ഏപ്രിൽ — ജൂലൈ കാലത്തെ മൊത്തം വിൽപ്പന പരിഗണിച്ചാൽ മഹീന്ദ്ര തന്നെയാണു മുന്നിൽ. സാമ്പത്തിക വർഷത്തിന്റെ ആദ്യ നാലു മാസത്തിനിടെ മഹീന്ദ്ര ആകെ 66,785 വാഹനം വിറ്റപ്പോൾ 63,053 കാറുകളായിരുന്നു ഹോണ്ടയുടെ മൊത്തം വിൽപ്പന; അതായത് 3,732 യൂണിറ്റിന്റെ ലീഡ്.

വരുംനാളുകളിൽ പുത്തൻ അവതരണങ്ങളിലൂടെ ലീഡ് ഉയർത്താനാവുമെന്ന പ്രതീക്ഷയിലാണു മഹീന്ദ്ര. കമ്പനിയിൽ നിന്നുള്ള പുതിയ എസ് യു വിയായ ‘ടി യു വി 300’ സെപ്റ്റംബറോടെ വിൽപ്പനയ്ക്കെത്തുമെന്നാണു കരുതുന്നത്. ഒപ്പം ‘എസ് 101’ മൈക്രോ എസ് യു വിയും ഇക്കൊല്ലം തന്നെ വിപണിയിലെത്തുന്നുണ്ട്.

പുതിയ ‘ജാസി’നു വിപണി നൽകിയ വരവേൽപ് ആഹ്ലാദകരമാണെന്നു ഹോണ്ട കാഴ്സ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് സർവീസ്) ജ്ഞാനേശ്വർ സെൻ പ്രതികരിച്ചു. വിവിധ വിഭാഗങ്ങളിൽ കൈവരിച്ച മികവു നിർത്താനും വിൽപ്പന മെച്ചപ്പെടുത്താനും കമ്പനിക്കു കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം രാജ്യത്തെ വാഹന വിപണി കാര്യമായ വളർച്ച കൈവരിക്കാനാവാത്ത ഘട്ടത്തിലാണെന്നാണ് മഹീന്ദ്രയുടെ ഓട്ടമോട്ടീവ് വിഭാഗം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീൺ ഷായുടെ പക്ഷം. പുത്തൻ അവതരണങ്ങൾ വഴി വിപണിയെ ഉണർത്താനും വിൽപ്പന മെച്ചപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം കരുതുന്നു. മികച്ച മഴ ലഭിച്ചതും ഇന്ധനവില കുറഞ്ഞതുമൊക്കെ വാഹന വിൽപ്പന വർധിപ്പിക്കാൻ വഴി തെളിക്കുന്ന അനുകൂല ഘടകങ്ങളാണ്. പുത്തൻ അവതരണങ്ങളുടെ പിൻബലത്തിൽ വിൽപ്പന മെച്ചപ്പെടുത്താനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.