പെർഫെക്ട്: ഹോണ്ടയുടെ മുന്നൂറാമത് ഡീലർഷിപ്

ഹോണ്ട കാർസ് ഇന്ത്യ സിഇഒ യൂചിേറാ യുേനാ ഹോണ്ട കാർ ഇന്ത്യ ലിമിറ്റഡിന്റെ മുന്നൂറാമത് ഡീലർഷിപ് പെർെഫക്ട് ഹോണ്ട കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നു. പെർഫക്ട്ഹോണ്ട എംഡി അശോക് ഹരി പോത്തൻ, കളമശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ എന്നിവർ സമീപം.

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)ന്റെ 300—ാമതു ഡീലർഷിപ് കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. കളമശേരി മുട്ടത്തെ പെർഫെക്ട് ഹോണ്ടയാണു കമ്പനിയുടെ ഡീലർഷിപ്പുകളുടെ എണ്ണം 300ലെത്തിച്ചത്. പെനിൻസുലർ ഹോണ്ട, വിവാൻ ഹോണ്ട എന്നിവയ്ക്കു പിന്നാലെ കൊച്ചിയിലെ കമ്പനിയുടെ മൂന്നാമതു ഡീലർഷിപ്പാണു പെർഫെക്ട് ഹോണ്ട. കഴിഞ്ഞ 20 മാസത്തിനിടയാണു പുതിയ 100 ഡീലർഷിപ്പുകൾ തുറന്നതെന്നു ഹോണ്ട കാഴ്സ് ഇന്ത്യ അറിയിച്ചു. മാസം തോറും ശരാശരി അഞ്ചു പുതിയ ഡീലർഷിപ്പുകൾ തുറക്കാൻ കമ്പനിക്കു കഴിഞ്ഞു.

രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിൽ പുതിയ ഡീലർഷിപ്പുകൾ ആരംഭിച്ചതു ബ്രാൻഡിനു ഗുണകരമായെന്നാണു ഹോണ്ടയുടെ വിലയിരുത്തൽ. ഉപഭോക്തൃസേവനം മെച്ചപ്പെടുത്താനും കാർ വാങ്ങാനെത്തുന്നവർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമായി ഡീലർഷിപ് വിപുലീകരണ നടപടി തുടരുമെന്നും എച്ച് സി ഐ എൽ വ്യക്തമാക്കുന്നു. ബ്രാൻഡ് ഹോണ്ട എന്ന അനുഭവം പങ്കുവയ്ക്കുന്നതിൽ വിപണന ശൃംഖല വിപുലീകരണം സുപ്രധാനമാണെന്ന് ഹോണ്ട കാഴ്സ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ അഭിപ്രായപ്പെട്ടു.

രാജ്യത്തു പ്രവർത്തനം വിപുലീകരിക്കാനുള്ള പ്രധാന ചുവടുവയ്പാണു പുതിയ ഡീലർഷിപ്പുകൾ. വളർച്ച ലക്ഷ്യമിടുന്ന കമ്പനികൾക്ക് ടച് പോയിന്റുകൾ വർധിപ്പിക്കാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിപണിയുടെ സാധ്യത പൂർണമായും പ്രയോജനപ്പെടുത്താൻ ഉപയോക്താക്കളുടെ സമീപമെത്തണം. സാമീപ്യത്തിനൊപ്പം ലോകോത്തര നിലവാരമുള്ള സേവനങ്ങളും ലഭ്യമാക്കുകയാണു പുതിയ ഡീലർഷിപ്പുകളിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്ന് ഊനൊ വിശദീകരിച്ചു. ഹോണ്ടയെ സംബന്ധിച്ചിടത്തോളം സുപ്രധാന വിപണിയാണു കേരളം; രാജ്യത്തെ മൊത്തം വിൽപ്പനയിൽ ഒൻപതു ശതമാനത്തോളമാണു സംസ്ഥാനത്തിന്റെ സംഭാവന. കൊച്ചിയിലെ പെർഫെക്ട് ഹോണ്ട കൂടിയായതോടെ സംസ്ഥാനത്തു ഹോണ്ടയ്ക്ക 20 ഔട്ട്ലെറ്റുകളായെന്നും ഊനോ വെളിപ്പെടുത്തി.