ടാക്സി മേഖലയിലെ സാധ്യത തേടി ഹോണ്ടയും

ടാക്സി മേഖലയോടുള്ള തൊട്ടുകൂടായ്മ ഉപേക്ഷിക്കാൻ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)നെ പോലുള്ള പ്രീമിയം കാർ നിർമാതാക്കൾ ഒരുങ്ങുന്നു. പ്രവർത്തനം വ്യാപിപ്പിക്കാനായി ഓലയും യൂബറും പോലുള്ള ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാർ വൻതോതിൽ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിനൊപ്പം മറ്റു മേഖലകളിൽ നിന്നുള്ള ആവശ്യം ഇടിയുന്നതുമാണു ഹോണ്ടയെ പോലുള്ള കമ്പനികളെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.  പ്രീമിയം ബ്രാൻഡ് എന്ന പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക മൂലമാണു ഹോണ്ട കാഴ്സ് ഇതുവരെ ടാക്സി വിഭാഗത്തോടു മുഖം തിരിച്ചു നിന്നത്. എന്നാൽ ഈ ആശങ്ക തുടരുന്നതിൽ കാര്യമില്ലെന്നും ടാക്സി ഫ്ളീറ്റ് ഓപ്പറേറ്റർ വിഭാഗത്തിൽ കാര്യമായ വിൽപ്പന കൈവരിക്കാനുമാണു കമ്പനിയുടെ പുതിയ നിലപാട്. ഹോണ്ടയ്ക്കു പുറമെ ഫ്രഞ്ച് നിർമാതാക്കളായ റെനോയും ടാക്സി വിഭാഗത്തിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഭാവിയിൽ റേഡിയോ കാബ് വിപണിയ കാര്യമായ സ്വാധീനം കൈവരിക്കുമെന്നു ഹോണ്ട കാഴ്സ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) ജ്ഞാനേശ്വർ സെന്നും അംഗീകരിക്കുന്നുണ്ട്. നിലവിൽ ഫ്ളീറ്റ് ഇടപാടുകാരെ സംബന്ധിച്ചിടത്തോളം ഹോണ്ട പരിഗണനയില്ലെന്ന് അദ്ദേഹം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ലൂടെ ഈ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണു ഹോണ്ടയുടെ പദ്ധതി.തുടക്കമെന്ന നിലയിൽ 250 — 300 ‘അമെയ്സ്’ ഹോണ്ട ഓലയ്ക്കും യൂബറിനും വേണ്ടി ഓടുന്ന ഡ്രൈവർമാർക്കു നൽകിയിട്ടുണ്ട്. വൈകാതെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മൊബിലിയൊ’യും ഈ വിഭാഗത്തിൽ അവതരിപ്പിക്കാൻ ഹോണ്ട ആലോചിക്കുന്നുണ്ട്.
അതേസമയം ഹോണ്ട നിർമിത വാഹനങ്ങൾ വാങ്ങാനുള്ള സാധ്യതയെക്കുറിച്ച് ഓലയോ യൂബറോ പ്രതികരിച്ചിട്ടില്ല. കാറുകൾ നേരിട്ടു വാങ്ങുന്നതിനു പകരം ഡ്രൈവർമാരായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു വാഹനം വാങ്ങാൻ വായ്പ തരപ്പെടുത്തി നൽകുകയാണു ടാക്സി അഗ്രിഗേറ്റർമാരുടെ പതിവ്.

വിപണിയിൽ പ്രീമിയം പ്രതിച്ഛായ നിലനിർത്താൻ മോഹിച്ചിരുന്ന നിർമാതാക്കളാണു ഫ്ളീറ്റ് ഓപ്പറേറ്റർ വിഭാഗത്തോടു ദൂരം പാലിച്ചിരുന്നത്. അതേസമയം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനെയും ഹ്യുണ്ടേയ് മോട്ടോർ കോർപറേഷനെയും പോലുള്ള നിർമാതാക്കൾ ടാക്സി വിഭാഗത്തിനായി പ്രത്യേക വകഭേദം അവതരിപ്പിച്ചു നേട്ടം കൊയ്യുകയാണു ചെയ്തത്. മാരുതി സുസുക്കി ‘ഡിസയറി’നു ‘ടൂർ’ പതിപ്പിറക്കിയപ്പോൾ ടാക്സിയായി ഉപയോഗിക്കാൻ ‘ഐ ടെന്നി’നാണു ഹ്യുണ്ടേയ് പ്രത്യേക വകഭേദം അവതരിപ്പിച്ചത്.   ഈ മാതൃക പിന്തുടർന്ന് എം പി വിയായ ‘ലോജി’ക്ക് പ്രത്യേക വകഭേദം അവതരിപ്പിക്കാനാണ് ഇപ്പോൾ റെനോയുടെ നീക്കം.