വില കൂട്ടാൻ ഹോണ്ടയും

Honda City

പുതുവർഷത്തിൽ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട തീരുമാനിച്ചു. ജനുവരി മുതൽ പ്രാബല്യത്തോടെ വിവിധ മോഡലുകൾക്ക് മൂന്നു ശതമാനം വരെയാണു വില ഉയരുകയെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതിനൊപ്പം വിദേശനാണയ വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിലുണ്ടാവുന്ന ചാഞ്ചാട്ടവും ചേർന്ന് കമ്പനിയെ സമ്മർദത്തിലാക്കിയിട്ടുണ്ടെന്ന് ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ വിശദീകരിച്ചു. ഈ സമ്മർദം അതിജീവിക്കാനാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോഡലുകളുടെയും വില ഉയർത്തുന്നത്. പുതിയ വില ജനുവരി ആദ്യവാരം പ്രാബല്യത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഹാച്ച്ബാക്കായ ‘ബ്രിയൊ’ മുതൽ അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ‘അക്കോഡ് ഹൈബ്രിഡ്’ വരെ നീളുന്നതാണ് ഹോണ്ടയുടെ ഇന്ത്യയിലെ മോഡൽ ശ്രേണി. പ്രീമിയം ഹാച്ച്ബാക്കായ ‘ജാസ്’, എൻട്രി ലവൽ സെഡാനായ ‘അമെയ്സ്, വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’, ഇടത്തരം സെഡാനായ ‘സിറ്റി’, സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളായ ‘ബി ആർ — വി’, ‘സി ആർ — വി’ എന്നിവയും ഹോണ്ട ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലും രാജസ്ഥാനിലെ തപുകരയിലുമാണു ഹോണ്ട കാഴ്സിന്റെ നിർമാണശാലകൾ പ്രവർത്തിക്കുന്നത്.

രാജ്യത്തെ പ്രമുഖ നിർമാതാക്കളെല്ലാം പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ടൊയോട്ട കിർലോസ്കർ മോട്ടോർ, ടാറ്റ മോട്ടോഴ്സ്, നിസ്സാൻ — ഡാറ്റ്സൻ, റെനോ, ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ, ഫോക്സ്വാഗൻ, മെഴ്സീഡിസ് ബെൻസ് തുടങ്ങിയവരൊക്കെ വില വർധന പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വിലയിൽ മൂന്നു ശതമാനം വർധനയാണു ടൊയോട്ട നടപ്പാക്കുക. നിസ്സാൻ ശ്രേണിയുടെ വർധനയാവട്ടെ പരമാവധി 30,000 രൂപ വരെയാണ്. ടാറ്റ മോട്ടോഴ്സ് വാഹനങ്ങൾക്ക് 5,000 മുതൽ 25000 രൂപ വരെ ഉയരുമ്പോൾ ഹ്യുണ്ടേയ് നടപ്പാക്കുന്ന വർധന ഒരു ലക്ഷം രൂപ വരെയാണ്.