ജപ്പാനിലേക്ക് വീണ്ടും ‘സിവിക്കു’മായി ഹോണ്ട

Honda Civic

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനിയുടെ സെഡാനായ ‘സിവിക്’ ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ജന്മനാട്ടിൽ വീണ്ടും വിൽപ്പനയ്ക്കെത്തുന്നു. വിദേശ വിപണികളിൽ ‘സിവിക്’ കൈവരിച്ച സ്വീകാര്യതയും ജനപ്രീതിയും ജപ്പാനിലും കാറിനു തുണയാവുമെന്ന പ്രതീക്ഷയിലാണു ഹോണ്ട. ഒപ്പം കമ്പനിക്കു ബാധ്യതയായ, മിനി വാനുകളുടെയും കോംപാക്ട് കാറുകളുടെയും നിർമാതാക്കളെന്ന പേരുദോഷത്തിൽ നിന്നുള്ള മോചനവും ‘സിവിക്’ ഉൽപ്പാദനം പുനഃരാരംഭിക്കുന്നതിലൂടെ ഹോണ്ട ലക്ഷ്യമിടുന്നുണ്ട്.
യു എസിലെ ഉൽപ്പാദനസൗകര്യം മോചിപ്പിച്ചെടുക്കാൻ കൂടി ആഗ്രഹിച്ചാണു ‘സിവിക്’ ജപ്പാനിൽ തിരിച്ചെത്തിക്കുന്നത്. സെഡാനുകളെ അപേക്ഷിച്ച് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളോടാണു യു എസിന് ഇപ്പോൾ പ്രതിപത്തി. നിയുക്ത പ്രസിഡന്റ ഡൊണൾഡ് ട്രംപിന്റെ ശക്തമായ നിലപാട് മൂലം യു എസിലെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ വിവിധ കമ്പനികൾ നിർബന്ധതിരായ സാഹചര്യത്തിലാണു ഹോണ്ടയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

വരുന്ന വേനൽക്കാലത്തോടെയാവും പ്രാദേശികമായി നിർമിച്ച ‘2016 സിവിക്’ സെഡാൻ ജപ്പാനിൽ വിൽപ്പനയ്ക്കെത്തുകയെന്നാണു ഹോണ്ട നൽകുന്ന സൂചന. തുടർന്നു ജപ്പാൻ നിർമിത ‘സിവിക്’ യു എസിൽ വിൽപ്പനയ്ക്കെത്തിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. വിൽപ്പന കുത്തനെ ഇടിഞ്ഞതോടെ 2010ലാണു ‘സിവിക്കി’ന്റെ ജപ്പാനിലെ ഉൽപ്പാദനം അവസാനിപ്പിച്ചത്. നാലര പതിറ്റാണ്ടോളം മുമ്പ് 1972ൽ അരങ്ങേറ്റം കുറിച്ച ‘സിവിക്’ ലോകവ്യാപകമായി 2.40 കോടി യൂണിറ്റിന്റെ വിൽപ്പനയാണ് ഇതുവരെ സ്വന്തമാക്കിയത്. ഹോണ്ടയുടെ ഏറ്റവും വലിയ വിപണിയായ യു എസിൽ കമ്പനിക്ക് ഏറ്റവുമധികം വിൽപ്പന നേടിക്കൊടുക്കുന്ന മോഡലും ‘സിവിക്’ തന്നെ.

പ്രചോദനരഹിതമായ രൂപകൽപ്പനയും വിശ്വസനീയതയിലെ കുറവുമായിരുന്നു മുൻ ‘സിവിക്കു’കളുടെ പോരായ്മ. ഇത്തരം പരാതികൾക്കു പരിഹാരം കണ്ടെത്തിയാണു ഹോണ്ട പുതിയ തലമുറ ‘സിവിക്കി’നെ പടയ്ക്കിറക്കിയത്. ഇതോടെ ‘സിവിക്കി’ന്റെ പുതിയ പതിപ്പ് കഴിഞ്ഞ വർഷം നോർത്ത് അമേരിക്കൻ കാർ ഓഫ് ദ് ഇയർ ബഹുമതി സ്വന്തമാക്കിയിരുന്നു. ഇതോടെ ആഗോള കാർ വിപണികളിൽ രണ്ടാം സ്ഥാനത്തുള്ള യു എസിൽ റെക്കോഡ് വിൽപ്പനയാണു 2016ൽ ‘സിവിക്’ നേടിയത്. എങ്കിലും യു എസിൽ ‘സിവിക്’ വിൽപ്പന ഇടിയുന്നതിന്റെ സുചനകൾ പ്രകടമായതാണു ഹോണ്ടയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. എസ് യു വികളോടു പ്രിയമേറിയതോടെ യു എസിൽ പിടിച്ചു നിൽക്കാൻ ‘സിവിക്കും’ പാടു പെടുകയാണ്.