ഹോണ്ട ‘ജാസ്’: മുൻകൂർ ബുക്കിങ് 2,000 പിന്നിട്ടു

അരങ്ങേറ്റത്തിനു ദിവസങ്ങൾ ബാക്കി നിൽക്കെ ഹോണ്ട കാഴ്സിൽ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കായ ‘ജാസി’നുള്ള മുൻകൂർ ബുക്കിങ് രണ്ടായിരത്തിലേറെയായി. ബുധനാഴ്ച അരങ്ങേറുന്ന കാർ സ്വന്തമാക്കാൻ ഇതുവരെ 2,336 പേർ അഡ്വാൻസ് നൽകിയെന്നാണു ഹോണ്ട കാഴ്സിന്റെ അവകാശവാദം. പുതിയ രൂപകൽപ്പന സമ്മാനിക്കുന്ന കാഴ്ചപ്പകിട്ടിന്റെ പിൻബലമുള്ള ‘ജാസി’നു ലഭിച്ച സ്വീകാര്യതയായാണ് ഹോണ്ട ഈ പ്രതികരണത്തെ വിലയിരുത്തുന്നത്. വിപണിയിൽ തരംഗം തീർത്തു മുന്നേറുന്ന ‘ഹ്യുണ്ടായ് എലീറ്റ് ഐ 20’, എതിരാളികളായ ‘ഫോക്സ്വാഗൻ പോളോ’, ‘ഫിയറ്റ് ഗ്രാൻഡെ പുന്തൊ’ തുടങ്ങിയയോട് ഏറ്റുമുട്ടുകയാണു ‘ജാസി’ന്റെ നിയോഗം.

ഇടത്തരം സെഡാനായ ‘സിറ്റി’യാണു പുതിയ ‘ജാസി’ന്റെ രൂപകൽപ്പനയിൽ ഹോണ്ടയ്ക്കു പ്രചോദനമായതെന്നു വ്യക്തം. കാറിനു ക്രോമിയം സ്പർശത്തോടെയുള്ള, കട്ടിയേറിയ കറുപ്പ് ഗ്രിൽ തിരഞ്ഞെടുത്തതും ഈ സ്വാധീനം മൂലമാണത്രെ. തേനീച്ചക്കൂടിനെ ഓർമിപ്പിക്കുന്ന ഘടനയുള്ള ലോവർ എയർ ഡാമും സ്വെപ്റ്റ് ബാക്ക് ഹെഡ്ലാംപുകളുമാണു കാറിൽ. പാർശ്വങ്ങളിൽ നിന്നുള്ള കാഴ്ചയിലും പുതിയ ‘സിറ്റി’യുടെ സ്വാധീനം പ്രകടമാണ്. എന്നാൽ എൽ ഇ ഡി ടെയിൽലാംപ് ക്ലസ്റ്ററിന്റെയും മറ്റും സാന്നിധ്യത്താൽ പിൻഭാഗം വ്യത്യസ്തമാണ്.

ആർഭാടത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനായി സിൽവർ ഹൈലൈറ്റ്സ് സഹിതമുള്ള ബ്ലാക്ക് ഉൾവശമാണു കാറിൽ ഹോണ്ട സജ്ജീകരിച്ചിരിക്കുന്നത്. ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിന്റെ 15 സെന്റിമീറ്റർ ടച് സ്ക്രീനിൽ ഉപഗ്രഹാധിഷ്ഠിത, വോയ്സ് ബേസ്ഡ് നാവിഗേഷൻ സംവിധാനവും ഹോണ്ട ലഭ്യമാക്കുന്നു; ബ്ലൂടൂത്ത് കണക്ടിവിറ്റി, ഡി വി ഡി — സി ഡി പ്ലേബാക്ക്, ഓഡിയോ സ്ട്രീമിങ് സൗകര്യമെല്ലാമുള്ള ഇൻഫൊടെയ്ൻമെന്റ് സംവിധാനവും‘സിറ്റി’യിൽ നിന്നാണു ഹോണ്ട കടമെടുത്തത്. ഓട്ടമാറ്റിക് വ്യവസ്ഥയിലുള്ള എയർ കണ്ടീഷനിങ്ങിനൊപ്പം മാജിക് സീറ്റും കാറിലുണ്ട്; ഇവയെല്ലാം പ്രവർത്തിപ്പിക്കാനുള്ള ടച് പാനൽ കൺട്രോളും വരുന്നതു ‘സിറ്റി’യിൽ നിന്നു തന്നെ.

പെട്രോളിനു പുറമെ ഡീസൽ എൻജിൻ സഹിതവും വിൽപ്പനയ്ക്കുണ്ടാവുമെന്നതാണു പുതിയ ‘ജാസി’ന്റെ പ്രധാന സവിശേഷത. ‘അമെയ്സി’ൽ അരങ്ങേറ്റം കുറിച്ച 1.5 ലീറ്റർ, എർത്ത് ഡ്രീംസ് ഐ ഡിടെക് എൻജിനാവും കാറിനു കരുത്തേകുക; പരമാവധി 98.6 ബി എച്ച് പി (അഥവാ 100 പി എസ്) കരുത്തും 200 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പെട്രോൾ വിഭാഗത്തിലാവട്ടെ ചെറുകാറായ ‘ബ്രിയോ’യിലും എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ലുമുള്ള 1.2 ലീറ്റർ, ഐ വി ടെക് എൻജിനാണ് ‘ജാസി’ലുമുള്ളത്; പരമാവധി 90 ബി എച്ച് പി കരുത്തും 110 എൻ എം ടോർക്കുമാണ് ഈ എൻജിന്റെ പ്രകടനക്ഷമത.

അടുത്തയിടെ വിപണിയിലെത്തിയ ഇടത്തരം സെഡാനായ ‘സിറ്റി’യെ പോലെ അഞ്ചു വകഭേദങ്ങളിലാവും പുതിയ ‘ജാസും’ വിൽപ്പനയ്ക്കുണ്ടാവുക: ഇ, എസ്, എസ് വി, വി, വി എക്സ് എന്നിവയാണു വകഭേദങ്ങൾ. വില സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ‘ജാസി’ന്റെ അടിസ്ഥാന മോഡൽ 5.50 ലക്ഷം രൂപയ്ക്കു ലഭിച്ചേക്കുമെന്നാണു സൂചന.

കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ 2014 ജൂണിനെ അപേക്ഷിച്ച് 13% വർധനയും ഹോണ്ട കാഴ്സ് കൈവരിച്ചു; കഴിഞ്ഞ വർഷം ജൂണിൽ 16,316 കാർ വിറ്റത് ഇത്തവണ 18,380 എണ്ണമായിട്ടാണ് ഉയർന്നത്. പുതിയ ‘സിറ്റി’ 7,187 എണ്ണവും ‘അമെയ്സ്’ 6,834 എണ്ണവും വിറ്റ ഹോണ്ടയുടെ ചെറു കാറായ ‘ബ്രിയോ’യുടെ വിൽപ്പന പക്ഷേ 923 യൂണിറ്റിലൊതുങ്ങി. എം പി വിയായ ‘മൊബിലിയൊ’ 1,043 എണ്ണമാണു കഴിഞ്ഞ മാസം വിറ്റത്. എസ് യു വി വിഭാഗത്തിൽ 57 ‘സി ആർ വി’ വിൽക്കാനും ഹോണ്ടയ്ക്കു കഴിഞ്ഞു.