വിൽപ്പനയ്ക്കൊരുങ്ങി ഹോണ്ടയുടെ ‘നവി’

Honda Navi

സ്കൂട്ടറോ മോട്ടോർ സൈക്കിളോ എന്നു വ്യക്തമാക്കാതെ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) അവതരിപ്പിച്ച ‘നവി’ ഡീലർഷിപ്പുകളിലേക്കെത്തി തുടങ്ങി. കഴിഞ്ഞ ഓട്ടോ എക്സ്പോയിലായിരുന്നു ‘മോട്ടോ സ്കൂട്ടർ’ എന്നു വിശേഷിപ്പിക്കാവുന്ന ‘നവി’യെ എച്ച് എം എസ് ഐ അവതരിപ്പിച്ചത്. സ്കൂട്ടറിന്റെ ഫ്രെയിമിൽ സാക്ഷാത്കരിച്ച മോട്ടോർ സൈക്കിൾ ആയ ‘നവി’ ഓട്ടോ എക്സ്പോയിൽ സന്ദർശകശ്രദ്ധ കവരാൻ ആകർഷക വിലയും കാരണമായെന്നു വേണം കരുതാൻ. ഡൽഹി ഷോറൂമിൽ 39,500 രൂപ വില നിശ്ചയിച്ചായിരുന്നു ‘നവി’യുടെ രംഗപ്രവേശം. ജനപ്രീതിയാർജിച്ച ‘ആക്ടീവ’യ്ക്കു ബദൽ തേടുന്ന യുവതലമുറയെയാണ് ‘ന്യൂ അഡീഷനൽ വാല്യൂ ഫോർ ഇന്ത്യ’ എന്നതിന്റെ ചുരുക്കെഴുത്തായി ‘നവി’ എന്നു പേരിട്ട മോഡലിലൂടെ എച്ച് എം എസ് ഐ ലക്ഷ്യമിടുന്നത്. ലക്ഷ്യമിടുന്നതു സമാന ഉപയോക്താക്കളെ ആയതിനാലാവണം ‘ആക്ടീവ’ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് എച്ച് എം എസ് ഐ ‘നവി’ സാക്ഷാത്കരിച്ചിരിക്കുന്നതും.

Honda Navi

ഉല്ലാസകരമായ യാത്ര വാഗ്ദാനം ചെയ്യുന്ന ഇരുചക്രവാഹനമെന്ന നിലയിലാണു ഹോണ്ട ‘നവി’യെ പരിചയപ്പെടുത്തിയത്. സീറ്റ് മോട്ടോർ സൈക്കിളിനു സമാനമാണ്; പക്ഷേ വീലുകൾ സ്കൂട്ടറിന്റെ പോലെയും. ഒപ്പം സാധാരണ നിലയിൽ ബൈക്കിന്റെ എൻജിൻ ഇടം പിടിക്കുന്ന ഭാഗത്ത് വേണ്ടത്ര സംഭരണ സ്ഥലവും ഹോണ്ട ലഭ്യമാക്കുന്നു. അളവെടുപ്പിലും ‘നവി’ ചെറുതാണ്: നീളം 1805 എം എം, വീതി 748 എം എം, ഉയരം 1039 എം എം. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഹൈഡ്രോളിക് ടൈപ് സ്പ്രിങ്ങുമാണു സസ്പെൻഷൻ. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണു ‘നവി’യിലുള്ളത്. സാങ്കേതിക വിഭാഗത്തിൽ ‘ആക്ടീവ’യുമായി പൂർണ സാമ്യം പുലർത്തുന്ന ‘നവി’യുടെ ഭാരം പക്ഷേ സ്കൂട്ടറിനെ അപേക്ഷിച്ച് ഏഴു കിലോഗ്രാം കുറവാണ്. ‘നവി’യിലെ 110 സി സി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിന് 7,000 ആർ പി എമ്മിൽ പരമാവധി 7.83 ബി എച്ച് പി കരുത്തും 5,500 ആർ പി എമ്മിൽ പരമാവധി 8.96 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ‘നവി’യിലുള്ളത്.

Honda Navi

ഒറ്റ വകഭേദത്തിൽ മാത്രം വിപണിയിലുള്ള ‘നവി’ അഞ്ചു നിറങ്ങളിൽ വിൽപ്പനയ്ക്കുണ്ട്: പാട്രിയറ്റ് റെഡ്, ഹൂപ്പർ ഗ്രീൻ, ഷാസ്ത വൈറ്റ്, സ്പാർക്കി ഓറഞ്ച്, ബ്ലാക്ക്. കൂടാതെ ഉടമയുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ കൂടി പരിഗണിച്ചു നിർമിച്ച രീതിയിലും ‘നവി’ ലഭ്യമാക്കാൻ ഹോണ്ടയ്ക്കു പദ്ധതിയുണ്ട്. ഘട്ടം ഘട്ടമായിട്ടാവും ‘നവി’ വിൽപ്പനയ്ക്കെത്തുകയെന്ന് എച്ച് എം എസ് ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു; ഇതനുസരിച്ചു കഴിഞ്ഞ 16 മുതൽ തന്നെ വാഹനം മുംബൈയിൽ ലഭ്യമാണ്. ഓട്ടോ എക്സ്പോയിൽ ശ്രദ്ധാകേന്ദ്രമായെങ്കിലും ‘നവി’യിലൂടെ വമ്പൻ വിൽപ്പനയൊന്നും എച്ച് എം എസ് ഐ പ്രതീക്ഷിക്കുന്നില്ല. ചെറിയ തോതിൽ വിൽപ്പന തുടങ്ങി, വിപണി നിരീക്ഷിച്ച ശേഷം ‘നവി’ക്കായി അടുത്ത നടപടികൾ സ്വീകരിക്കാനാണു ഹോണ്ടയുടെ പദ്ധതി. ‘ആക്ടീവ’യെ ആധാരമാക്കി വികസിപ്പിച്ചതിനാൽ കാര്യമായ പണച്ചെലവില്ലാതെയാണു ഹോണ്ട ‘നവി’ യാഥാർഥ്യമായത്. എങ്കിലും പൂർണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത മോഡലെന്ന നിലയിൽ എച്ച് എം എസ് ഐയിൽ ‘നവി’ക്കു പ്രസക്തിയേറെയാണ്. സാധാരണ സ്കൂട്ടറും ബൈക്കും വാങ്ങുന്നതിൽ വിമുഖരായ, ഇരുചക്രവാഹനത്തിലും വ്യത്യസ്തത ആഗ്രഹിക്കുന്ന യുവതലമുറയ്ക്കു മുന്നിലെ പുതു സാധ്യതയെന്ന നിലയാണു ഹോണ്ട ‘നവി’യെ പടയ്ക്കിറക്കുന്നത്.