Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നവി’ ഉൽപ്പാദനം ഇരട്ടിയാക്കാനൊരുങ്ങി എച്ച് എം എസ് ഐ

honda-navi-test-drive-10

ഇന്ത്യയ്ക്കായി വികസിപ്പിച്ച ‘നവി’ക്കു ലഭിച്ച മികച്ച വരവേൽപ്പിന്റെ പശ്ചാത്തലത്തിൽ ബൈക്കിന്റെ ഉൽപ്പാദനം ഇരട്ടിയായി വർധിപ്പിക്കാൻ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ഒരുങ്ങുന്നു. ‘നവി’യുടെ വാർഷിക ഉൽപ്പാദനം ഒരു ലക്ഷം യൂണിറ്റോളമായി ഉയർത്താനാണു കമ്പനി ഒരുങ്ങുന്നത്. ഇന്ത്യൻ ഇരുചക്രവാഹന വിപണിയെ നയിക്കുന്ന പഴയ പങ്കാളി ഹീറോ മോട്ടോ കോർപിന്റെ മേധാവിത്തത്തിനു ശക്തമായ വെല്ലുവിളിയാണു നിലവിൽ എച്ച് എം എസ് ഐ ഉയർത്തുന്നത്. വിപണിയുടെ താൽപര്യം പരീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫെബ്രുവരിയിലെ ഓട്ടോ എക്സ്പോയിലാണു ഹോണ്ട ‘നവി’ അനാവരണം ചെയ്തത്. 40,000 രൂപ വില നിശ്ചയിച്ച ‘നവി’ ഏപ്രിലോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കുമെത്തി.

ജനപ്രീതിയാർജിച്ച ‘ആക്ടീവ’യ്ക്കു ബദൽ തേടുന്ന യുവതലമുറയെയാണ് ‘ന്യൂ അഡീഷനൽ വാല്യൂ ഫോർ ഇന്ത്യ’ എന്നതിന്റെ ചുരുക്കെഴുത്തായി ‘നവി’ എന്നു പേരിട്ട മിനി ബൈക്കിലൂടെ എച്ച് എം എസ് ഐ ലക്ഷ്യമിട്ടത്. ലക്ഷ്യമിടുന്നതു സമാന ഉപയോക്താക്കളെ ആയതിനാൽ തന്നെ ‘ആക്ടീവ’ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് എച്ച് എം എസ് ഐ ‘നവി’ സാക്ഷാത്കരിച്ചതും. സാങ്കേതിക വിഭാഗത്തിൽ ‘ആക്ടീവ’യുമായി പൂർണ സാമ്യം പുലർത്തുന്ന ‘നവി’യുടെ ഭാരം സ്കൂട്ടറിനെ അപേക്ഷിച്ച് ഏഴു കിലോഗ്രാം കുറവുമാണ്. ‘നവി’യിലെ 110 സി സി എൻജിന് പരമാവധി 12 ബി എച്ച് പി കരുത്തും ഒൻപതു ബി എച്ച് പി ടോർക്കും സൃഷ്ടിക്കാനാവും; ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ‘നവി’യിലുള്ളത്. അലങ്കാരങ്ങളും ആർഭാടങ്ങളുമില്ലാത്ത അടിസ്ഥാന മോഡലിനുള്ള വിപണി സാധ്യത പഠിക്കാൻ ലക്ഷ്യമിട്ട ‘നവി’യുടെ ആശയവും വികസനവും ആവിഷ്കാരവുമൊക്കെ ഇന്ത്യയിലായിരുന്നു. ആദ്യ വർഷം മാസം തോറും ‘നവി’യുടെ 2,000 യൂണിറ്റിലേറെ വിൽക്കാനാവുമെന്നും ഹോണ്ട കരുതിയതല്ല.എന്നാൽ അപ്രതീക്ഷിത സ്വീകാര്യത കൈവരിച്ചതോടെ ‘നവി’ ലഭിക്കാൻ കാത്തിരിക്കേണ്ട അവസ്ഥായാണ് ഇപ്പോഴുള്ളത്.


‘നവി’ക്കു ലഭിച്ച വരവേൽപ്പ് അത്ഭുതപ്പെടുത്തുന്നതാണെന്നു കമ്പനി സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയത അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ ഈ മിനി ബൈക്കിന്റെ വാർഷിക ഉൽപ്പാദനം 90,000 — 1,00,000 യൂണിറ്റായി ഉയർത്താൻ നടപടി തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. തുടക്കത്തിൽ പ്രതിമാസം 2,000 യൂണിറ്റിന്റെ വിൽപ്പന പ്രതീക്ഷിച്ചു വർഷം അര ലക്ഷം ‘നവി’ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയാണ് എച്ച് എം എസ് ഐ ക്രമീകരിച്ചിരുന്നത്. രാജസ്ഥാനിലെ തപുകര ശാലയിൽ ‘നവി’ ഉൽപ്പാദനം ഇരട്ടിയാക്കാൻ അധിക നിക്ഷേപം ആവശ്യമില്ലെന്നും ഗുലേറിയ വിശദീകരിച്ചു. വിപണിയിലെ ആവശ്യത്തിനനുസൃതമായി ശാലയിലെ അസംബ്ലി ലൈൻ പുനഃക്രമീകരിക്കാമെന്നതാണു നേട്ടമാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വർഷാവസാനത്തോടെ ഇന്തൊനീഷയെ പിന്തള്ളി ആഗോളതലത്തിൽ തന്നെ ഹോണ്ടയുടെ ഏറ്റവും വലിയ വിപണിയായി മാറാൻ ഒരുങ്ങുന്ന ഇന്ത്യയ്ക്കായി വികസിപ്പിച്ചതെങ്കിലും ‘നവി’ ഇപ്പോൾ നേപ്പാളിലും വിൽപ്പനയ്ക്കെത്തുന്നുണ്ട്. കഴിഞ്ഞ മാസം 500 ‘നവി’യാണു ഹിമാലയൻ രാജ്യമായ നേപ്പാളി വിൽപ്പനയ്ക്കെത്തിയതെന്നു ഗുലേറിയ വെളിപ്പെടുത്തി. ക്രമേണ ബംഗ്ലദേശ്, ശ്രീലങ്ക തുടങ്ങിയ സാർക് രാജ്യങ്ങളിലും ‘നവി’ ലഭ്യമാക്കാൻ ഹോണ്ട ആലോചിക്കുന്നുണ്ട്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.