വിൽപ്പനയിൽ പുതു ചരിത്രം കുറിച്ച് ഹോണ്ട നവി

ഇന്ത്യയ്ക്കായി വികസിപ്പിച്ച ‘നവി’യുടെ ഇതുവരെയുള്ള വിൽപ്പന അര ലക്ഷം യൂണിറ്റ് പിന്നിട്ടതായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). വിപണിയിലെത്തി ആറു മാസത്തിനകമാണു ‘നവി’ വിൽപ്പന 50,000 യൂണിറ്റിലെത്തിയത്. വിപണിയുടെ താൽപര്യം പരീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫെബ്രുവരിയിലെ ഓട്ടോ എക്സ്പോയിലാണു ഹോണ്ട ‘നവി’ അനാവരണം ചെയ്തത്. 40,000 രൂപ വില നിശ്ചയിച്ച ‘നവി’ ഏപ്രിലോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കുമെത്തി. അടുത്തയിടെ അത്യാവശ്യ വസ്തുക്കൾ സൂക്ഷിക്കാനായി ‘നവി’യിൽ യൂട്ടിലിറ്റി ബോക്സും ഹോണ്ട ലഭ്യമാക്കിയിട്ടുണ്ട്.വിപണി മികച്ച സ്വീകരണം നൽകിയ സാഹചര്യത്തിൽ രാജസ്ഥാനിലെ തപുകര ശാലയിൽ ‘നവി’ ഉൽപ്പാദനം ഇരട്ടിയാക്കാനും ഹോണ്ട തീരുമാനിച്ചിട്ടുണ്ട്.

വർഷാവസാനത്തോടെ ഇന്തൊനീഷയെ പിന്തള്ളി ആഗോളതലത്തിൽ തന്നെ ഹോണ്ടയുടെ ഏറ്റവും വലിയ വിപണിയായി മാറാൻ ഒരുങ്ങുന്ന ഇന്ത്യയ്ക്കായി വികസിപ്പിച്ചതെങ്കിലും ‘നവി’ ഇപ്പോൾ നേപ്പാളിലും വിൽപ്പനയ്ക്കെത്തുന്നുണ്ട്. കഴിഞ്ഞ മാസം 500 ‘നവി’യാണു ഹിമാലയൻ രാജ്യമായ നേപ്പാളിൽ വിൽപ്പനയ്ക്കെത്തിയതെന്നു ഗുലേറിയ വെളിപ്പെടുത്തി. ക്രമേണ ബംഗ്ലദേശ്, ശ്രീലങ്ക തുടങ്ങിയ സാർക് രാജ്യങ്ങളിലും ‘നവി’ ലഭ്യമാക്കാൻ ഹോണ്ട ആലോചിക്കുന്നുണ്ട്. ‘നവി’യുടെ കാര്യത്തിൽ മാത്രമല്ല, മൊത്തത്തിലുള്ള ഇരുചക്രവാഹന വിൽപ്പനയിലും മികച്ച വളർച്ച കൈവരിക്കാൻ കമ്പനിക്കു കഴിഞ്ഞതായി എച്ച് എം എസ് ഐ അവകാശപ്പെട്ടു. ദീപാവലി ആഘോഷവേളയിൽ രാജ്യത്തെ മൊത്തം വിൽപ്പന 2.80 കോടി യൂണിറ്റ് പിന്നിട്ടതോടെ രാജ്യത്ത് ഏറ്റവും വേഗത്തിൽ വിൽപ്പന വളർച്ച നേടുന്ന കമ്പനിയുമായി എച്ച് എം എസ് ഐ മാറിയിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ ഏറ്റവും മികച്ച വളർച്ച നേടുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്; ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന വിപണികളിലൊന്നുമാണിത് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കീത്ത മുരമാറ്റ്സു അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഇരുചക്രവാഹന വ്യവസായം 13% വളർച്ച നേടുമ്പോൾ എച്ച് എം എസ് ഐ 24% വിൽപ്പന വളർച്ച നേടിയാണു മുന്നേറുന്നതെന്നും അദ്ദേഹം അറിയിച്ചു. മികച്ച വളർച്ചയുടെ പിൻബലത്തിൽ രാജ്യത്തെ വിപണി വിഹിതം രണ്ടു ശതമാനം വർധനയോടെ 26 ശതമാനത്തിലെത്തിക്കാൻ കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ഒപ്പം രാജ്യത്തെ നാലു നിർമാണശാലകളും പൂർണ ശേഷിയിലാണു പ്രവർത്തിക്കുന്നതെന്നും മുരമാറ്റ്സു വ്യക്തമാക്കി. മനേസാർ(ഹരിയാന), തപുകര(രാജസ്ഥാൻ), നർസാപുര(കർണാടക), വിത്തൽപൂർ (ഗുജറാത്ത്) ശാലകളിൽ നിന്നായി 58 ലക്ഷം യൂണിറ്റാണു കമ്പനിയുടെ വാർഷിക ഉൽപ്പാദനശേഷി. ഒപ്പം ഇന്ത്യയിലെ ടച് പോയിന്റുകളുടെ എണ്ണം 4,800 ആയി ഉയർത്താനും എച്ച് എം എസ് ഐയ്ക്കു കഴിഞ്ഞിട്ടുണ്ട്. വരുന്ന മാർച്ചിനകം പുതിയ 500 ടച് പോയിന്റ് കൂടി തുറക്കാനും കമ്പനി ലക്ഷ്യമിട്ടിട്ടുണ്ട്.