ഹോണ്ടയുടെ ഗുജറാത്ത് ശാല അടുത്ത മാസത്തോടെ

സ്കൂട്ടറുകൾക്കുള്ള ആവശ്യമേറുന്നതു മുൻനിർത്തി അഹമ്മദബാദിലെ നിർദിഷ്ട പ്ലാന്റിന്റെ പ്രവർത്തനം മുമ്പു നിശ്ചയിച്ചതിലും രണ്ടു മാസം മുമ്പേ ആരംഭിക്കുമെന്നു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). പ്രതിവർഷം 12 ലക്ഷം സ്കൂട്ടറുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ശാലയുടെ പ്രവർത്തനം കഴിവതും അടുത്ത മാസം തന്നെ ആരംഭിക്കാനാണു കമ്പനിയുടെ ശ്രമം.സ്കൂട്ടറുകൾക്കു മാത്രമായി ആഗോളതലത്തിൽ തന്നെ സ്ഥാപിതമാവുന്ന ഏറ്റവും വലിയ ഫാക്ടറിയാണു ഗുജറാത്തിലേതെന്നാണ് എച്ച് എം എസ് ഐയുടെ അവകാശവാദം. അഹമ്മദബാദിൽ നിന്ന് 80 കിലോമീറ്ററകലെ മണ്ഡൽ താലൂക്കിലെ വിത്തൽപൂറിൽ 250 ഏക്കർ വിസ്തൃതിയിൽ 1,100 കോടി രൂപ ചെലവിലാണു ഹോണ്ടയുടെ പുതിയ ശാല സ്ഥാപിതമാവുന്നത്.

പുതിയ ശാല കൂടി പ്രവർത്തനക്ഷമമാവുന്നതോടെ എച്ച് എം എസ് ഐയുടെ മൊത്തം ഉൽപ്പാദന ശേഷി പ്രതിവർഷം 58 ലക്ഷം യൂണിറ്റായി ഉയരും. ഹരിയാനയിലെ മനേസർ ശാലയിൽ നിന്ന് 16 ലക്ഷവും രാജസ്ഥാനിലെ തപുകര ശാലയിൽ നിന്ന് 12 ലക്ഷവും കർണാടകത്തിലെ നരസാപൂർ ശാലയിൽ നിന്ന് 18 ലക്ഷവുമാണു ഹോണ്ടയുടെ വാർഷിക ഉൽപ്പാദനം. ഗുജറാത്തിലെ ശാല സ്കൂട്ടറുകൾ മാത്രം ഉൽപ്പാദിപ്പിക്കുമ്പോൾ മറ്റു മൂന്നു പ്ലാന്റുകളിലും മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും ഉൽപ്പാദിപ്പിക്കാവുന്ന ഫ്ളെക്സി അസംബ്ലി ലൈനുകളാണുള്ളതെന്ന വ്യത്യാസമുണ്ട്.നിലവിൽ കമ്പനിയുടെ മൂന്നു ശാലകളുടെയും 100% ശേഷി വിനിയോഗിക്കുന്നുണ്ടെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ കീത്ത മുരമാറ്റ്സു അറിയിച്ചു. അതുകൊണ്ടുതന്നെ പുതിയ ‘ആക്ടീവ്’ ലഭിക്കാനുള്ള കാത്തിരിപ്പ് ആറു മാസം വരെ നീളുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണു നേരത്തെ മാർച്ചിൽ കമ്മിഷൻ ചെയ്യാനിരുന്ന ഗുജറാത്ത് ശാല അടുത്ത മാസം തന്നെ പ്രവർത്തനം തുടങ്ങാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ജപ്പാനിലെ ഹോണ്ടയുടെ പൂർണ ഉടമസ്ഥതയിലുള്ള എച്ച് എം എസ് ഐ 2001ലാണ് പ്രവർത്തനം തുടങ്ങിയത്; മനേസാറിലായിരുന്നു കമ്പനി ആദ്യ നിർമാണശാല സ്ഥാപിച്ചത്. 2011ൽ തപുകര ശാലയും 2013ൽ നരസാപൂർ ശാലയും പ്രവർത്തനം തുടങ്ങി. ആഗോളതലത്തിൽ തന്നെ ഹോണ്ടയ്ക്കുള്ള ഏറ്റവും ശേഷിയേറിയ നിർമാണശാലയാണു നരസാപൂരിലേത്. പോരെങ്കിൽ അടുത്ത വർഷത്തോടെ ആഗോളതലത്തിൽതന്നെ ഹോണ്ടയുടെ ഏറ്റവും വലിയ വിപണിയായും ഇന്ത്യ മാറും. നിലവിൽ 46.50 ലക്ഷം യൂണിറ്റ് വിൽപ്പനയുള്ള ഇന്തൊനീഷയാണു ഹോണ്ടയുടെ പ്രധാന വിപണി; 46 ലക്ഷം യൂണിറ്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. എന്നാൽ അടുത്ത വർഷം ഇന്തൊനീഷയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്നാണു മുരമാറ്റ്സുവിന്റെ പ്രതീക്ഷ.