ഹോണ്ടയുമെത്തുന്നു, ഗുജറാത്തിൽ കാർ നിർമിക്കാൻ

ടാറ്റ മോട്ടോഴ്സിനും ഫോഡ് ഇന്ത്യയ്ക്കും മാരുതി സുസുക്കിക്കും പിന്നാലെ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും ഗുജറാത്തിൽ താവളമുറപ്പിക്കാൻ ഒരുങ്ങുന്നു. പുതിയ നിർമാണശാല സ്ഥാപിക്കാനായി ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡും ഗുജറാത്തുമായി മൂന്നു നാല് ആഴ്ചയ്ക്കുള്ളിൽ സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ്(എസ് എസ് എ) ഒപ്പുവയ്ക്കുമെന്നാണു സംസ്ഥാനത്തെ വ്യവസായ കമ്മിഷണർ മമ്ത വർമ നൽകുന്ന സൂചന.

ഗ്രൂപ്പിലെ ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ പാത പിന്തുടർന്ന് അഹമ്മദബാദിൽ നിന്ന് 80 കിലോമീറ്ററകലെയുള്ള വിത്തൽപൂരിനെ തന്നെയാണു പുതിയ ശാലയ്ക്കായി ഹോണ്ട കാഴ്സും പരിഗണിക്കുന്നത്. ഇൻഡസ്ട്രി എക്സ്റ്റൻഷൻ ബ്യൂറോയുടെ പിന്തുണയോടെ നിർമാണശാലയ്ക്കായി ഭൂമി കണ്ടെത്താനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. തുടക്കത്തിൽ 2,200 — 2,500 കോടി രൂപയാവും ഹോണ്ട ഗുജറാത്തിൽ നിക്ഷേപിക്കുക; വികസനത്തിനടക്കം മൊത്തം 4,000 കോടി രൂപയുടെ നിക്ഷേപമാണു കമ്പനി ഗുജറാത്തിൽ ലക്ഷ്യമിടുന്നത്.

സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ നയത്തിലെ ‘മെഗാ പ്രോജക്ട്’ വിഭാഗത്തിലാണു ഹോണ്ടയുടെ നിർദിഷ്ട കാർ നിർമാണശാല ഇടംപിടിക്കുന്നത്. പ്രതിവർഷം ഒന്നു മുതൽ ഒന്നേകാൽ ലക്ഷം വരെ കാറുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ശാലയാണു ഹോണ്ട ഗുജറാത്തിനായി പരിഗണിക്കുന്നത്.

ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഗുജറാത്തിലെ രണ്ടാമത്തെ വൻകിട പദ്ധതിയാണു കാർ നിർമാണശാല. വിത്തൽപൂരിൽ 1,100 കോടി രൂപ ചെലവിൽ എച്ച് എം എസ് ഐ സ്ഥാപിക്കുന്ന ഇരുചക്രവാഹന നിർമാണശാലയുടെ ശിലാസ്ഥാപനം കഴിഞ്ഞ ഒക്ടോബറിലായിരുന്നു.

വിദേശ വാഹന നിർമാതാക്കളെ സംബന്ധിച്ചിടത്തോളം ആകർഷക കേന്ദ്രങ്ങളാവുകയാണു ഗുജറാത്തിലെ സാനന്ദ്, ഹൻസാൽപൂർ, വിത്തൽപൂർ മേഖലകൾ. സാനന്ദിൽ 6,000 കോടി രൂപ ചെലവിൽ ഫോഡ് ഇന്ത്യ സ്ഥാപിച്ച കാർ നിർമാണശാല കഴിഞ്ഞ മാർച്ചിൽ പ്രവർത്തനം തുടങ്ങിയിരുന്നു. പ്രതിവർഷം രണ്ടര ലക്ഷം യൂണിറ്റാണു ശാലയുടെ സ്ഥാപിത ഉൽപ്പാദനശേഷി.

ഹൻസാൽപൂരിലാവട്ടെ വൻകിട വാഹന നിർമാണശാലയാണു സുസുക്കി ഗ്രൂപ് ലക്ഷ്യമിടുന്നത്. മൊത്തം 8,500 കോടി രൂപ ചെലവിൽ മൂന്നു ശാലകൾ സ്ഥാപിക്കാനാണു സുസുക്കിയുടെ പദ്ധതി; മൊത്തം ഉൽപ്പാദനശേഷിയാവട്ടെ പ്രതിവർഷം ഏഴര ലക്ഷത്തോളം യൂണിറ്റും.