ഹോണ്ട മോട്ടോർ ജി എം സ്ഥാനത്ത് രാജേഷ് ഗോയൽ

ഇന്ത്യൻ വിപണിയിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി ഹോണ്ട മോട്ടോർ കമ്പനി(എച്ച് എം സി) ഇന്ത്യയിൽ നിന്നുള്ള എക്സിക്യൂട്ടീവിനെ ജപ്പാനിലെ കമ്പനി ആസ്ഥാനത്തു സീനിയർ പദവിയിൽ നിയോഗിച്ചു. ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിൽ വൈസ് പ്രസിഡന്റ് (പർച്ചേസ് ഓപ്പറേഷൻസ്) ചുമതല വഹിച്ചിരുന്ന രാജേഷ് ഗോയലിനെയാണ് എച്ച് എം സി തോചിഗിയിലെ ഗ്ലോബൽ പർച്ചേസ് ഓഫിസിൽ ജനറൽ മാനേജരാക്കി ജപ്പാനിലേക്കു കൊണ്ടുപോയത്.

ഹോണ്ട മോട്ടോർ കമ്പനിയിൽ ഇന്ത്യക്കാരനു ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവിയാണിത്; വകുപ്പിലെ ഏറ്റവും മുതിർന്ന എക്സിക്യൂട്ടീവ് തസ്തികയിലാണു ഗോയലി(45)ന്റെ നിയമനം. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ യന്ത്രഘടകങ്ങൾ ഉൽപ്പാദിപ്പിച്ച് മറ്റു സ്ഥലങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന ഗ്ലോബൽ സോഴ്സിങ് പദ്ധതിയുടെ ചുമതലയും ഗോയലിനാവും.

കോർപറേറ്റ്തലത്തിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനും കമ്പനിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തവും വ്യത്യസ്ത സംസ്കാരങ്ങളും ഉറപ്പാക്കാനും ഹോണ്ട തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ തുടർച്ചയായാണ് ഹോണ്ട കാഴ്സ് ഇന്ത്യയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥനു കമ്പനി ആസ്ഥാനത്തു പുതിയ ചുമതല നൽകിയത്.

ഹോണ്ട കാഴ്സിൽ വൈസ് പ്രസിഡന്റ് പദത്തിലെത്തുംമുമ്പ് വാഹന ഘടക കയറ്റുമതി ബിസിനസ് യൂണിറ്റിന്റെ മേധാവിയായിരുന്നു ഗോയൽ. രാജസ്ഥാനിലെ തപുകര ശാലയിൽ താൽക്കാലിക സംവിധാനമെന്ന നിലയിലായിരുന്നു ഹോണ്ട വാഹനഘടക നിർമാണവും കയറ്റുമതിയും ആരംഭിച്ചത്. പ്രാദേശികതലത്തിൽ യന്ത്രഘടകങ്ങൾ സമാഹരിക്കുന്ന സോഴ്സിങ് യൂണിറ്റിനും ഗോയൽ നേതൃത്വം നൽകിയിരുന്നു.